സത്യത്തിന്റെ പ്രചാരകരാകാനുള്ള ആഹ്വാനവുമായി ലോക സാമൂഹിക ആശയവിനിമയ ദിനം

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളു൦ വിവരങ്ങളു൦ പെരുകി വരുന്ന സാഹചര്യത്തില്‍ 2018 ലെ ലോക സാമൂഹിക ആശയവിനിമയ ദിനം സത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും തെറ്റായ വിവരങ്ങള്‍ വ്യാപിക്കുന്നത് തടയുന്നതിനുമായി വിനിയോഗിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷത്തെ ലോക സാമൂഹിക ആശയവിനിമയ ദിനത്തിന്റെ തീം ആയി ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും: സമാധാനത്തിനായുള്ള വ്യാജ വാര്‍ത്തയും മാധ്യമ പ്രവര്‍ത്തനവും’ എന്ന വിഷയം തിരഞ്ഞെടുത്തു.

അഭിപ്രായങ്ങളില്‍ ശക്തമായ ധ്രുവീകരണം ഉണ്ടാക്കാനും വളർത്താനും കാരണമാകുന്ന അടിസ്ഥാനരഹിതമായ വിവരങ്ങളെയാണ് വ്യാജ വാര്‍ത്ത‍ എന്ന് സൂചിപ്പിക്കുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ആണ് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം എന്നും വത്തിക്കാൻ സെക്രട്ടറിയേറ്റിലെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയേറ്റ് തലവന്‍ മോൺ. ഡാരിയോ എഡാർഡോ വിഗാനോ പറഞ്ഞു. വ്യക്തികളെയും കൂട്ടായ പ്രവർത്തനങ്ങളെയും തെറ്റിദ്ധരിപ്പിക്കുവാൻ ഇത്തരം വ്യാജ വിവരങ്ങൾക്ക് കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

1963 ൽ  പുറത്തിറക്കിയ ‘ഇന്റർ മിരിഫിക്ക ‘ എന്ന ഡോക്യുമെന്റിനെ അടിസ്ഥാനപ്പെടുത്തിയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അഭ്യർത്ഥന പ്രകാരവുമാണ് ലോക സാമൂഹ്യ ആശയവിനിമയ ദിനം ആഘോഷിക്കാൻ ആരംഭിച്ചത്. പെന്തക്കുസ്താ ദിനത്തിന് ശേഷം വരുന്ന ഞായറാഴ്ച ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഈ ദിനം ആഘോഷിക്കപ്പെടുന്നു. അടുത്ത വർഷം മെയ് 13 ന് ആണ്  ലോക സാമൂഹ്യ ആശയവിനിമയ ദിനം ആഘോഷിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.