നല്ല മരണത്തിനായി ഒരു വെബ്‌സൈറ്റ്

ആത്മഹത്യക്ക് പിന്തുണയും ദയാവധത്തിന് പ്രോത്സാഹനവും കിട്ടുന്ന ഇക്കാലത്ത് മരണാസന്നരായ വ്യക്തികളെ നല്ല മരണത്തിലേക്ക് ഒരുക്കാന്‍ നടന്നുപോകാന്‍ ഒരു വെബ്സൈറ്റ്. 600 വര്‍ഷം മുമ്പ് എഴുതിയ ‘ആര്‍ട്ട് ഓഫ് ഡൈയിംഗ്’ എന്ന പുസ്തകമാണ് വെബ്സൈറ്റിന്റെ രൂപത്തില്‍ നമ്മുടെ മുന്നിലെത്താന്‍ പോകുന്നത്.

പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആകമാനം പടര്‍ന്ന് പിടിച്ച് ജനസംഖ്യയുടെ ഏകദേശം മൂന്നില്‍ ഒന്ന് ജനതയെ -അതായത് 75 മുതല്‍ 200 മില്യണ്‍ വരെ- കൊന്നൊടുക്കിയ മാരകരോഗമായിരുന്നു പ്ലേഗ്. ഈ രോഗം വന്നാല്‍ ശരീരമാകെ വ്രണം ബാധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ മരണപ്പെടുകയും ചെയ്യും. കറുത്ത മരണം എന്ന് യുറോപ്പുകാര്‍ ഈ അവസ്ഥയെ ഭയത്തോടെ വിശേഷിപ്പിച്ചു.
ആ ഭീകര കാലത്തെക്കുറിച്ചും ജനങ്ങളുടെ മരണഭയത്തെക്കുറിച്ചും അജ്ഞാതനായ ഒരു ഡൊമിനിക്കന്‍ സന്യാസി എഴുതിയ പുസ്തകമാണ് ‘ദി ആര്‍ട്ട് ഓഫ് ഡൈയിങ്ങ്.’ ഒപ്പം സഭയുടെ കാഴ്ചപ്പാടിലുള്ള ‘നല്ല മരണ’ത്തെയും ഇതില്‍ പരാമര്‍ശിക്കുന്നു.

ഈ പുസ്തകത്തില്‍ മരണഭയം വേണ്ട എന്ന് പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചും ആത്മാവ് മരണത്തിനായി സ്വയം പാകപ്പെടുന്നതെങ്ങനെയെന്നും പ്രിയപ്പെട്ടവരുടെ അന്ത്യനിമിഷങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകളെ കുറിച്ചുമൊക്കെ വ്യക്തമായി പറയുന്നുണ്ട്. ഇന്ന് 600 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ‘ദി ആര്‍ട്ട് ഓഫ് ഡൈയിങ്ങ്’എന്ന ഈ പുസ്തകത്തിന് കൂടുതല്‍ പ്രശസ്തി വരുന്നു. അതിന് നന്ദി പറയേണ്ടത് ഇംഗ്ലണ്ടിലേയും വെയില്‍സിലേയും കത്തോലിക്ക സഭകള്‍ക്കാണ്.

ഈ പുസ്തകത്തിലുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുകയാണ്. അതായത് ഒരു വെബ് സൈറ്റ് രൂപത്തിലേക്ക് മാറ്റി അതില്‍ അനിമേഷന്‍സ്, വീഡിയോ, പുരോഹിതരുമായുള്ള അഭിമുഖങ്ങള്‍, വിശദീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പുതുമയുള്ളതാക്കുന്നു. ചിലര്‍ ജന്മനാ തന്നെ മരണത്തെ ഭയക്കുന്നു. മറ്റു ചിലരില്‍ തന്റെ പ്രവര്‍ത്തിയുടെ ശിക്ഷാവിധി എന്ന രീതിയില്‍ പിന്നീട് മരണഭയം രൂപപ്പെടുന്നു. എന്നാല്‍ മരണം ഒന്നിന്റേയും അവസാനം അല്ല എന്ന് ഈ വെബ്സൈറ്റ് വിശദീകരിക്കുന്നു. കത്തോലിക്കാ വിശ്വാസത്തിന്റെ വേരുകള്‍ ദൈവവിശ്വാസത്തിലധിഷ്ഠിതമാണ്. മരണശേഷം ക്രിസ്തുവിനൊപ്പമുള്ള മരണാനന്തര ജീവിതമാണ് ക്രൈസ്തവര്‍ കാത്തിരിക്കുന്നത്.

പ്രധാനമായും ‘ആര്‍ട്ട് ഓഫ് ഡൈയിംഗ്’ എന്ന ഈ വെബ്സൈറ്റില്‍ അഞ്ച് വിഭാഗങ്ങളാണ് ഉണ്ടാവുക. എന്താണ് യഥാര്‍ത്ഥ മരണം?, മരണത്തെ കുറിച്ചുള്ള കാര്യങ്ങള്‍, മരണത്തെ വ്യക്തിപരമായി നേരിടുന്നതിനെ കുറിച്ച്, മരണത്തിലൂടെ പ്രിയപ്പെട്ടവരെ നഷടപ്പെടുമ്പോള്‍, മരണത്തിനായി തയ്യാറെടുക്കല്‍ എന്നിവയാണ് ആ വിഭാഗങ്ങള്‍. ജീവിതത്തിന്റെ അര്‍ത്ഥങ്ങളെക്കുറിച്ചും സഹനങ്ങളെക്കുറിച്ചും ദൈവത്തിന്റെ നന്മയെക്കുറിച്ചും വ്യക്തികളിലുണ്ടാകുന്ന സംശയങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഈ വെബ്സൈറ്റ്.

”സഹനങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോള്‍ പലരും അത്ഭുതപ്പെടാറുണ്ട്, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, ഇവ സംഭവിക്കാന്‍ ദൈവം അനുവദിച്ചതെന്തിന് എന്നൊക്കെ. എന്നാല്‍ മനുഷ്യന്റെ സഹനങ്ങളും അവന്റെ ഹൃദയവിചാരങ്ങളും അറിയുന്നവനാണ് ദൈവം. ദൈവം എല്ലായ്പ്പോഴും വിഷമതകള്‍ അനുഭവിക്കുന്ന ഓരോരുത്തരുടേയും ഹൃദയത്തില്‍ അധിവസിക്കുന്നു എന്ന് നമ്മള്‍ ഓര്‍ക്കണം” യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലിലെ കാത്തലിക് ചാപ്ലയിന്‍ ആയ ഫാദര്‍ പീറ്റര്‍ ഹാരിസ് പറയുന്നു.

കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമല്ല, സകല ജനങ്ങളെയും ഉദ്ദേശിച്ചാണ് ഈ വെബ്സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. ആത്മഹത്യാ പിന്തുണയെയും ദയാവധത്തെയും സര്‍വ്വശക്തിയുമുപയോഗിച്ച് സഭ എതിര്‍ക്കുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ‘ആര്‍ട്ട് ഓഫ് ഡൈയിംഗ്’ എന്ന ഈ വെബ്സൈറ്റിന് കൂടുതല്‍ പ്രസക്തിയുണ്ട്. ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും നല്ല മരണത്തിലേക്ക് ഒരുക്കാനുള്ള വഴികള്‍ ഈ വെബ്സൈറ്റിലൂടെ ലഭ്യമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.