ആരാധന: പെസഹാവ്യാഴം 3

കാര്‍മ്മി:  ഭക്തിയോടും വിശുദ്ധിയോടും കൂടെ നമുക്ക് ഈ തിരുമണിക്കൂറിനായി ഒരുങ്ങാം. ഈ ദിവസങ്ങള്‍ക്കുവേണ്ടിയുള്ള തീക്ഷ്ണമായ ഒരുക്കങ്ങളിലായിരുന്നു നാം. നോമ്പിലൂടെ, ഉപവാസത്തിലൂടെ, കുമ്പസാരത്തിലൂടെ, വി. കുര്‍ബ്ബാനയിലൂടെ, കുരിശിന്റെ വഴിയിലൂടെ നാം നമ്മെ തന്നെ ഒരുക്കി – വിശുദ്ധീകരിച്ചു. വരാന്‍ പോകുന്ന പുണ്യ ദിനങ്ങളിലേക്കുള്ള ഒരുക്കം കൂടിയാവട്ടെ ഈ ആരാധന.

നമുക്ക് എഴുന്നേറ്റ് നില്‍ക്കാം. പരസ്പരം കൈകോര്‍ത്ത് പിടിച്ച്, സ്‌നേഹത്തോടെ നമുക്ക് പാടി പ്രാര്‍ത്ഥിക്കാം. വി. കുര്‍ബാനയെ നമുക്ക് ഓര്‍ക്കാം. കാലുകഴുകലിനെ മനസ്സില്‍ കൊണ്ടുവരാം. ആരോടും പരിഭവമില്ലാത്ത ഈശോയെ നമുക്ക് ധ്യാനിക്കാം. കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടെ, വെടിപ്പാക്കപ്പെട്ട മന:സാക്ഷിയോടെ നമുക്ക് പ്രാര്‍ത്ഥിക്കാം.

ഗായകസംഘം :  അന്നാപ്പെസഹാ തിരുനാളില്‍
കര്‍ത്താവരുളിയ കല്‍പനപോല്‍
തിരുനാമത്തില്‍ ചേര്‍ന്നീടാം-
ജീവിതം ബലിയായ് അര്‍പ്പിക്കാം.

(എല്ലാവരും ചേര്‍ന്ന് 3 പ്രാവശ്യം ആവര്‍ത്തിച്ച് പാടുന്നു. അല്ലെങ്കില്‍ കുര്‍ബ്ബാനയെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു ഗാനം)

കാര്‍മ്മി: വി. കുര്‍ബ്ബാന അനുരഞ്ജനത്തിന്റെ കൂദാശയാണ്. എന്റെ കലഹവും, പിണക്കവും, കോപവും തഴക്കദോഷങ്ങളും വി. കുര്‍ബ്ബാനയിലേക്ക് വരാനുള്ള തടസ്സങ്ങളാണ് എന്ന് ഞാന്‍ അറിയുന്നു. യോജിപ്പോടും ഐക്യത്തോടും കൂടെ നമുക്ക് ഈ ദിവ്യ ആരാധനയില്‍ പങ്കുചേരാം. പിണക്കങ്ങളും പരിഭവങ്ങളും വാശിയും, വൈരാഗ്യവും, നിരാശയും ശത്രുതയും മറന്ന് നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരെ അനുഗ്രഹിക്കാം. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. പൗലോസ് ശ്ലീഹ പറയുന്നതുപോലെ അനുഗ്രഹം അവകാശമാക്കാന്‍ വിളിക്കപ്പെട്ടവരാണല്ലോ നാം…

നമുക്ക് പരസ്പരം മുഖത്തോട് മുഖം ചേര്‍ന്ന് നില്‍ക്കാം നിങ്ങളുടെ വലത് കൈ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നയാളുടെ തലയില്‍ വയ്ക്കുക. ഇടത് കൈ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുക. ഈശോയുടെ അനുഗ്രഹം എന്റെ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കാം. ഹൃദയപൂര്‍വ്വം നമുക്ക് അവരെ അനുഗ്രഹിക്കാം.

ഗായകസംഘം:  വലതുകൈ അലിവോടെ
ശിരസ്സില്‍ വച്ചെന്നെ
അനുഗ്രഹിക്കേണമേ- യേശു നാഥാ….

(പാടി കൊടുക്കുന്നു. എല്ലാവരും ഏറ്റുപാടുന്നു)

ഗായകസംഘം:  കോപമെന്‍ ജീവനെ
വിഴുങ്ങിടും നേരം
ക്രൂശിതനേശുവിന്‍ ക്ഷമയോര്‍ത്തിടാന്‍

എല്ലാവരും…. വലതുകൈ….

ഗായകസംഘം:  തഴക്കദോഷത്തിന്റെ
തിന്മയില്‍ വീണ്ടും…
വീണുപോകുമ്പോള്‍ – ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍

എല്ലാവരും… വലതുകൈ…

(വലതുകൈ… യേശുനാഥാ – ആവര്‍ത്തിച്ചു പാടുന്നു. അതിനിടയില്‍ കാര്‍മ്മികന്‍ ഇടവകയിലെ ഓരോ വിഭാഗത്തിന്റെയും പേര് പറഞ്ഞ് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു.)

കാര്‍മ്മി:  പ്രായം ചെന്ന മാതാപിതാക്കളെ സമര്‍പ്പിച്ചുകൊണ്ട്.
ഗായകര്‍: വലത്‌കൈ…

കാര്‍മ്മി: പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികളെസമര്‍പ്പിച്ചുകൊണ്ട്.
ഗായകര്‍: വലത്‌കൈ…

കാര്‍മ്മി: ദാമ്പത്യ പരാജയം നേരിടുന്നവരെ സമര്‍പ്പിച്ചുകൊണ്ട്.
ഗായകര്‍: വലത്‌കൈ…

കാര്‍മ്മി: സാമ്പത്തിക ബാധ്യതയനുഭവിക്കുന്നവരെ സമര്‍പ്പിച്ചുകൊണ്ട്.
ഗായകര്‍: വലത്‌കൈ…

കാര്‍മ്മി: മാനസിക വിഭ്രാന്തിയുള്ളവരെ സമര്‍പ്പിച്ചുകൊണ്ട്.
ഗായകര്‍: വലത്‌കൈ…

കാര്‍മ്മി: കൈകള്‍ കൂപ്പി കണ്ണുകളടച്ച് ഒരു നിമിഷം നിശബ്ദമാകാം.  നേരെ നില്‍ക്കാം. ഈശോയുടെ അനുഗ്രഹം നമ്മുടെ ശരീരത്തില്‍ മുഴുവന്‍ നിറയുന്നത് നമുക്ക് അനുഭവിക്കാം. പാടിയ പാട്ടിന്റെ ഈരടികള്‍ മൗനമായി മനസ്സില്‍ ആലപിക്കുക..

എല്ലാവരും മുട്ടിന്‍മേല്‍ ആയിരിക്കുക. കരങ്ങള്‍ കുരിശാകൃതിയില്‍ നെഞ്ചോട് ചേര്‍ത്ത് വക്കുക. ദിവ്യകാരുണ്യമേ – എന്റെ ഉള്ളില്‍ വരണമേ എന്ന് ഹൃദയത്തില്‍ പ്രാര്‍ത്ഥിക്കാം..

പത്രോസ് ശ്ലീഹയുടെ ലേഖനഭാഗം നമുക്ക് ഹൃദയത്തില്‍ നിറക്കാം.

2 പത്രോ. 3.10-11 വാക്യങ്ങള്‍ വായിക്കുക.

പ്രിയമുള്ളവരെ, ഭുമിയും, ഭൗതികതയും, സമ്പത്തും, സൗന്ദര്യവും, പ്രതാപവും നശ്വരമാകയാല്‍ നമുക്ക് വിശുദ്ധിയോടും ദൈവഭക്തിയോടും കുടെ ജീവിക്കാം. വിശുദ്ധി കൂടാതെ ആര്‍ക്കും ദൈവത്തെ കാണാന്‍ കഴിയുകയില്ല (ഹെബ്രാ. 22:17).

റോമ 6:27-ല്‍ നാം വായിക്കുന്നു. – ‘നിങ്ങള്‍ ദൈവത്തിന് അടിമകളാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് വിശുദ്ധീകരണവും നിത്യജീവനുമാണ്.’

‘വിശുദ്ധിയോടും ദൈവഭയത്തോടും കൂടി ജീവിക്കാന്‍ എന്നെ അനുഗ്രഹിക്കേണമേ.’ എന്ന് ഓരോരുത്തരും മനസ്സില്‍ ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക. ചെറിയ സ്വരം ആകാം.

(ഈ സമയം കാര്‍മ്മികന്‍ മൈക്കിലൂടെ ആരാധനാ സമൂഹത്തിനുവേണ്ടി സ്വരത്തില്‍ പ്രാര്‍ത്ഥിക്കുന്നു.)

കാര്‍മ്മി:  ഈശോയെ ഇവരില്‍ നിറയണമേ-
ഇവരെ വിശുദ്ധീകരിക്കണമെ – വീണ്ടെടുക്കണമേ.
അശുദ്ധിയെല്ലാം മാറി പോകട്ടെ.
മദ്യപാനാസക്തി മാറട്ടെ.
വഴക്കും കലഹങ്ങളും മാറട്ടെ-

ഈശോയെ ഇവരുടെ ഭവനങ്ങളെ വിശുദ്ധീകരിക്കണമേ
യുവതീയുവാക്കളെ വിശുദ്ധീകരിക്കണമേ
കുഞ്ഞുമക്കളെ നല്ല വഴിക്ക് നടത്തണമേ..
ഈ ഇടവകയെ വിശുദ്ധീകരിക്കണമേ..

(ആവശ്യാനുസരണം കൂട്ടിചേര്‍ക്കാം)

കാര്‍മ്മി:  വിശുദ്ധീകരിക്കപ്പെട്ട ഹൃദയത്തിലേക്ക് ഈശോയെ നമുക്ക് കൂട്ടിക്കൊണ്ട് വരാം.. നമുക്ക് ഭക്തിയോടെ പാടി പ്രാര്‍ത്ഥിക്കാം..

ഗാനം: ദിവ്യകാരുണ്യമായെന്റെയുള്ളില്‍
ഈശോ വന്ന് വാഴാനെത്തും നേരം
ഉരുകി തെളിയും നാഥനെ വരവേല്‍ക്കാനായ്

വാവാ എന്റെ ഈശോയെ (2)
എന്റെ ജീവന്‍ തേടും പുണ്യം നീയാണല്ലോ
സ്‌നേഹമേ.. മോക്ഷമേ…. ഭാഗ്യമേ…..

വാവ എന്റെ ഈശോയേ.. – 3 പ്രാവശ്യം ആവര്‍ത്തിച്ച് പാടുക.

കാര്‍മ്മി: നമുക്ക് ശാന്തമായിട്ട് ഇരിക്കാം. ഏറ്റവും സുഖപ്രദമായ രീതിയില്‍ നിങ്ങള്‍ ഇരിക്കണം. കണ്ണുകള്‍ അടക്കുക. നിങ്ങളുടെ ശ്വാസോഛ്വാസത്തില്‍ മാത്രം ശ്രദ്ധിക്കുക. സങ്കീ. 46:10-ല്‍ നാം വായിക്കുന്നു. ‘ശാന്തമാവുക; ഞാന്‍ ദൈവമാണെന്നറിയുക.’ (1 നിമിഷം നിശബ്ദത)

കാര്‍മ്മി:  ഇനി നിങ്ങള്‍ കണ്ണ് തുറന്ന് കണ്ണിമക്കാതെ വി. കുര്‍ബ്ബാനയിലേക്ക് മാത്രം നോക്കിയിരിക്കുക. കണ്ണ് നിറയും – കണ്ണിന് വേദന തോന്നാം. ഒന്നും സാരമാക്കേണ്ട. കണ്ണടക്കാതെ ഈശോയെ നോക്കിയിരിക്കുക. (നിശബ്ദത)

കാര്‍മ്മി:  എനിക്ക് വേണ്ടി എന്റെ രക്ഷക്കും നവീകരണത്തിനും വേണ്ടി അപ്പത്തോളം ചെറുതായ ഈശോയെ – ചെറുതാകുവാന്‍, അഹങ്കരിക്കാതിരിക്കാന്‍.. എന്നെ അനുഗ്രഹിക്കേണമേ. ‘ഈ ചെറിയവരില്‍ ഒരുവന് ചെയ്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത്’ എന്നരുളി ചെയ്തവനെ കഴിയുന്ന വിധത്തിലെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ എന്നെ പഠിപ്പിക്കേണമേ…

ഗായകസംഘം:  ഇത്ര ചെറുതാകാന്‍ എത്ര വളരേണം..
ഇത്ര സ്‌നേഹിക്കാന്‍ എന്തു വേണം…. (3 പ്രാവശ്യം)

കാര്‍മ്മി:  ഞാനെന്ന ഭാവം സമര്‍പ്പിച്ച്
ഗായക: ഇത്ര ചെറുതാ…

കാര്‍മ്മി: സമ്പത്തും സ്ഥാനമാനങ്ങളും സമര്‍പ്പിച്ച്…
ഗായക: ഇത്ര ചെറുതാ…

കാര്‍മ്മി: മറ്റുള്ളവരെ സഹായിക്കാത്ത എന്റെ മനസ്സിനെ സമര്‍പ്പിച്ച്…
ഗായക: ഇത്ര ചെറുതാ…

കാര്‍മ്മി: ബുദ്ധിയും കഴിവുകളും വിട്ടുകൊടുത്തുകൊണ്ട്…
ഗായക: ഇത്ര ചെറുതാ…

കാര്‍മ്മി: ആരോഗ്യവും സൗന്ദര്യവും വിട്ടുകൊടുത്തുകൊണ്ട്…
ഗായക: ഇത്ര ചെറുതാ…

കാര്‍മ്മി:  വീണ്ടും നമുക്ക് ശാന്തമാകാം….

നാളെ ദു:ഖ വെള്ളിയാണ്. ഈശോയുടെ മരണ ദിനം.

എനിക്കുവേണ്ടി മരിച്ച എന്റെ ഈശോ…. എന്റെ പാപങ്ങള്‍ക്കായി വേദനയേല്‍ക്കേണ്ടി വന്ന ഈശോയുടെ ശരീരം… എല്ലാം നമുക്ക് ഓര്‍ക്കാം… മറക്കാതെ.. കുരിശാണ് രക്ഷയെന്നും – കുരിശിലൂടെയാണ് രക്ഷയെന്നും നമുക്ക് വിശ്വസിക്കാം. ഈശോയുടെ കുരിശിനോട് നമുക്ക് ചേര്‍ന്ന് കിടക്കാം. ചേര്‍ന്ന് കിടക്കേണ്ട സ്ഥലം കുരിശിന്റെ മുറുപുറമാണ്. ഓര്‍ക്കുക; തൊട്ടപ്പുറത്ത് ഈശോയുണ്ട്. ആ ഈശോയെ കാണാനോ – ഒന്നു സ്പര്‍ശിക്കാനോ നമുക്കാവില്ല. എന്നാല്‍ നാം നിശബ്ദമായാല്‍ ഈശോ പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിയും… ‘എനിക്ക് ദാഹിക്കുന്നു.’ – ‘എല്ലാം പൂര്‍ത്തിയായിരിക്കുന്നു.’

നല്ല സ്‌നേഹത്തിനുവേണ്ടി – നമുക്ക് ദാഹിക്കാം…
നല്ല ജീവിതത്തിനുവേണ്ടി – നമുക്ക് ദാഹിക്കാം..

നമുക്ക് എഴുന്നേറ്റ് നില്‍ക്കാം.. കൈകള്‍ വിരിച്ച് പിടിച്ച് ഈശോ കുരിശില്‍ കിടന്നതുപോലെ നമുക്ക് ആയിരിക്കാം. കൈ വേദനിച്ചാല്‍ താഴെയിടരുത്. അല്പം വേദന സഹിച്ച് പ്രാര്‍ത്ഥിക്കുക. കാരണം ‘ശരീരത്തില്‍ സഹിക്കുന്നവന്‍ പാപത്തോട് വിട വാങ്ങിയിരിക്കുന്നു.’ 1 പത്രോ. 4:1.

ഗായക: ഈശോയെ നിന്നെ കാണാനായ്
ക്രൂശിന്റെ മാറില്‍ ചായുന്നു
ആശ്വാസം നിന്നില്‍ തേടുമ്പോള്‍
ആനന്ദം ഉള്ളില്‍ തിങ്ങുന്നു.

കണ്ണീരില്‍ മുങ്ങി താഴുമ്പോള്‍
ക്രൂശില്‍ ഞാന്‍ അര്‍ത്ഥം കാണുന്നു

(4 പ്രാവശ്യം ആവര്‍ത്തിച്ച് പാടുന്നു)

എല്ലാവരും മുട്ടിന്‍മേല്‍ ആയിരിക്കുക.

ശിരസ്സു നമിച്ച നമുക്ക് ഈശോയുടെ ആശീര്‍വാദത്തിനായി ഒരുങ്ങാം. ഇപ്പോള്‍ നമ്മുടെ മനസ്സ് ഏറെ ശാന്തമാണ്. സ്വസ്ഥമാണ്. സ്വസ്ഥതയും – തമ്പുരാനിലുള്ള ആശ്രയവുമായിരിക്കട്ടെ നമ്മുടെ ബലം. ഈ ദിനത്തെ ഓര്‍ത്ത് നന്ദി പറയുക. എല്ലാ ബുദ്ധിമുട്ടകളും പ്രയാസങ്ങളും മറന്ന് ക്രിസ്തു സ്‌നേഹത്തെ നമുക്ക് ഓര്‍ക്കാം.

കാര്‍മ്മി:  പരിശുദ്ധ ശരീരത്താലും…

ഗായക:    സകലേശം ദിവ്യ കടാക്ഷം..

(ആശിര്‍വാദത്തിന്റെ സമയത്ത് എല്ലാവരും സാഷ്ടാംഗം പ്രണമിച്ച് കിടക്കുന്നു. ഗായകസംഘം 3 പ്രാവശ്യം ആവര്‍ത്തിച്ച് പാടുന്നു)

ഗായക: കുരിശാണ് രക്ഷ
കുരിശിലാണ് രക്ഷ
കുരിശേ നമിച്ചീടുന്നു (3 പ്രാവശ്യം)

ഗായകസംഘം: പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.