ദൈവം ഭർത്താവിനെഴുതിയ കത്ത്…..

“നമ്മൾ ഒരുമിച്ചു അവളെ സ്നേഹിക്കും …”

പ്രിയ മകനേ,

വിവാഹ വസ്ത്രങ്ങളണിഞ്ഞ്, സമ്മിശ്ര വികാരങ്ങളോടെ നിന്റെ ചാരത്തുള്ള, സ്ത്രീ എന്റെതാണ്.

ഞാനാണ് അവളുടെ സൃഷ്ടാവ്.

അവൾക്കു ഏറ്റവും ഉത്തമമായതു വേണമെന്നു എനിക്കു നിർബന്ധമുണ്ടായിരുന്നു. നീ അവളെ കാണുന്നതിനു മുമ്പേ, നിനക്കു അവൾക്കു നൽകാൻ കഴിയുന്നതിലുമധികം ജീവൻ അവൾക്കു നൽകുന്നതിൽ ഞാൻ മടി കാണിച്ചട്ടില്ല.

ഞാൻ അവളെ നിനക്കു ഭരമേല്പിച്ചു തരുന്നു. എന്റെ കരങ്ങളിൽ നിന്നാണ് നീ അവളെ ഏറ്റെടുക്കുന്നതും അവളോടു ഉത്തരവാദിത്വമുള്ളവനായി നീ മാറുന്നതും.

നീ അവളെ കണ്ടുമുട്ടിയപ്പോൾ, അവൾ സുന്ദരി ആയിരുന്നു. നീ അവളിൽ സംപ്രീതനാവുകയും ചെയ്തു. എന്റെ കരങ്ങളാണ് അവളെ സുന്ദരിയായി മെനഞ്ഞെതു, അവളിൽ സ്നേഹവും ആർദ്രതയും നിറച്ചതു എന്റെ ഹൃദയമാണ്. അവൾക്കു വൈകാരികതയും, ബുദ്ധിശക്തിയും സമ്മാനിച്ചതും ഞാൻ തന്നെ. നീ അവളിൽ കണ്ടെത്തിയിരിക്കുന്ന മനോഹരമായ എല്ലാ ഗുണങ്ങളുടെയും പിന്നിലും എന്റെ വിജ്ഞാനം ഉണ്ട്.

അവളുടെ വശീകണശക്തിയിൽ മാത്രം നിന്റെ സന്തോഷത്തെ പരിമിതപ്പെടുത്തരുത്. അവളടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ നീ പ്രതിജ്ഞാബദ്ധനാണ്.

അവൾക്കു വളരെ കാര്യങ്ങൾ ആവശ്യമുണ്ട് : ഒരു ഭവനം, വസ്ത്രം, ശാന്തത, സന്തോഷം, വാത്സല്യം, ആർദ്രത, ആനന്ദവും വിനോദവും, ചങ്ങാത്തവും സംഭാഷണവും, കുടുംബ – സാമൂഹ ബന്ധങ്ങളും, ജോലി സംതൃപ്തി തുടങ്ങി നിരവധി കാര്യങ്ങൾ …

മറ്റെല്ലാത്തിനും ഉപരിയായി അവൾക്കു എന്നെ ആവശ്യമാണെന്നു നീ മനസ്സിലാക്കണം. എന്നെ കണ്ടെത്താൻ സഹായിക്കുന്ന എല്ലാ കാര്യങ്ങളും: ഹൃദയ ശാന്തത, ആത്മവിശുദ്ധി, പ്രാർത്ഥന, ദൈവവചനം, ക്ഷമ, എന്നിലുള്ള പ്രത്യാശയും ശരണവും, എന്റെ ജീവൻ…..

നമ്മൾ ഒരുമിച്ചു അവളെ സ്നേഹിക്കും. ഞാൻ അവളെ എപ്പോഴും സ്നേഹിക്കുന്നു. അവളെ കണ്ടെത്തിയതിനു ശേഷമാണു നീ അവളെ സ്നേഹിക്കാൻ തുടങ്ങിയത്. നിന്റെ ഹൃദയത്തിൽ അവളോടുള്ള സ്നേഹത്തിന്റെ വിത്തു പാകിയതു ഞാനാണ്.

“ഇതാ അവളെ ഞാൻ നിനക്കു ഏല്പിച്ചുതരുന്നു! എന്നു നിന്നോടു പറയാൻ എനിക്കു സന്തോഷമാണ്. കാരണം നീ അവളുടെ സൗന്ദര്യവും പുണ്യങ്ങളും ശരിക്കും ആസ്വദിക്കാൻ യോഗ്യനാണ്. നീ അവളോടു “ഇന്നു മുതൽ മരണം വരെ സു:ഖത്തിലും ദു:ഖത്തിലും, സമ്പത്തിലും ദാരിദ്രത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും വിശ്വസ്തതയോടെ കൂടെ കാണും” എന്നു വാഗ്ദാനം ചെയ്തപ്പോൾ അവളെ നിന്റെ ജീവിതത്തിന്റെ സന്തോഷത്തിലേക്കു ക്ഷണിക്കുകയും അവളെ പരിപാലിച്ചു കൊള്ളാം എന്നു പ്രത്യുത്തരിക്കുകയുമാണു ചെയ്തത്.

ആ നിമിഷം മുതൽ നമ്മൾ അവളെ ഒരുമിച്ചു സ്നേഹിക്കാൻ തുടങ്ങി. അതു മാത്രമല്ല ദൈവമായ ഞാൻ അവളെ സ്നേഹിക്കുന്നതു പോലെ അവളെ സ്നേഹിക്കാൻ നിന്നെ ഞാൻ പ്രാപ്തനാക്കും – പരിമിതി നിറഞ്ഞ നിന്റെ സ്നേഹം വഴി നീ സ്നേഹിക്കുന്ന ഈ സ്ത്രീയിൽ ദൈവ സ്നേഹത്തിന്റെ കടമകൾ നിറവേറ്റാൻ നിന്നെ പ്രാപ്തനാക്കുന്ന ഒരു രൂപാന്തരീകരണം നിനക്കു ഞാൻ നൽകും.

ഇതാണ് എന്റെ വിവാഹ സമ്മാനം: ഇതിനെയാണു വിവാഹമെന്ന കൂദാശയുടെ കൃപ എന്നു വിളിക്കുന്നത്.

ഈ ഉദ്യമത്തിൽ ഞാൻ നിന്നെ എകനായി ഉപേക്ഷിക്കുകയില്ല. ഞാൻ എപ്പോഴും നിന്നോടു കുടെയുണ്ട്.ഞാൻ നിന്നെ എന്റെ സ്നേഹത്തിന്റെയും ആർദ്രതയുടെയും ഉപകരണമാക്കും. നിന്റെ ജീവിത പങ്കാളിയായി തീർന്ന എന്റെ അരുമ സൃഷ്ടിയെ നിന്റെ സ്നേഹത്തിന്റെ മുദ്രകൾ കൊണ്ടു ഞാൻ തുടർന്നും സ്നേഹിക്കും.

എന്ന് സ്നേഹപൂർവ്വം

സ്വർഗ്ഗീയ അപ്പച്ചൻ

ഫാ: ജോർഡാനോ മുറാറോയുടെ “I promise to be faithful to you forever” എന്ന  പുസ്തകത്തിൽ നിന്ന്  വിവർത്തനം  ഫാ: ജയ്സൺ കുന്നേൽ MCBS.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.