ഫാ. ടോം  ഉഴുന്നാലിലിനെ കണ്ണീരോടെ സ്വീകരിച്ച് കുടുബാംഗങ്ങൾ

ഫാ. ടോം ഉഴുന്നാലിലിനെ സഹോദരങ്ങളായ മാത്യു ഉഴുന്നാലിലും മേരി സെബാസ്റ്റ്യനും ചേർന്ന് സ്വീകരിച്ചു. നീണ്ട പതിനെട്ടു മാസത്തിനു ശേഷം അച്ചനെ കണ്ടപ്പോൾ അവരുടെ സന്തോഷം കണ്ണുനീരായി പുറത്തു വന്നു.

ഇന്നലെ രാവിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ കൂടിക്കാഴ്ച നടത്തി. കാത്തിരിപ്പിന്റെയും പ്രാർഥനയുടെയും നീണ്ട ഇടവേളയ്ക്കുശേഷം കുടുംബാംഗങ്ങളുടെ ആദ്യകൂടിച്ചേരൽ ആയിരുന്നു അത്.

വിമാനത്താവളത്തിലെ തിരക്കുകൾ കാരണം കൂടുതൽ സംസാരിക്കാനുള്ള സാഹചര്യം ലഭിച്ചില്ല. തുടർന്നു സിബിസിഐ ആസ്ഥാനത്തെത്തി മതിവരുവോളം കണ്ടു വിശേഷങ്ങൾ പങ്കുവച്ചു. പ്രഭാതഭക്ഷണം ഒരുമിച്ച് കഴിച്ചു. കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ കാണുവാന്‍  ഇരുവരും ഫാ. ടോം ഉഴുന്നാലിലിനൊപ്പം ഉണ്ടായിരുന്നു.

ഇന്നലെ വൈകിട്ടു ഡൽഹി അതിരൂപതാ ആസ്ഥാനമായ ഗോൾ ഡാക് ഘാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലില്‍ ഫാ. ടോം ഉഴുന്നാലിലില്‍ അര്‍പ്പിച്ച കുർബാനയിൽ ഇരുവരും പങ്കുചേര്‍ന്നു. പല  അഭ്യൂഹങ്ങൾ മാധ്യമങ്ങളിൽ നിറയുമ്പോഴും പ്രതീക്ഷയോടെ കാത്തിരുന്നുവെന്നു സഹോദരൻ മാത്യു പറഞ്ഞു. 2014 സെപ്റ്റംബറിൽ ഇവരുടെ മാതാവ് ത്രേസ്യാ അന്തരിച്ചപ്പോഴാണ് ഫാ. ടോം അവസാനമായി നാട്ടിലെത്തിയത്. ഇന്നു ബെംഗളൂരുവിലേക്കു പോകുന്ന ഇരുവരും അവിടെനിന്നു രാമപുരത്തെ വീട്ടിലേക്കു തിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.