ദ് സീക്രട്ട്‌സ് ഓഫ് ജോനാതന്‍ സ്‌പെറി – 2008

ചില വ്യക്തികള്‍ എങ്ങനെയാണ് ജീവിതത്തില്‍  ഭാവാത്മക കാര്യങ്ങള്‍ സൃഷ്ടിക്കുന്നവരാകുന്നത് എന്ന് വ്യക്തമാക്കുന്ന ചലച്ചിത്രമാണിത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം വെള്ളിത്തിരയിലെത്തിയത്. ഡസ്റ്റിന്‍, ആല്‍ബര്‍ട്ട്, മാര്‍ക്ക് എന്നീ മൂന്ന് കുട്ടികളുടെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന ജോനാതന്‍ സ്‌പെറി എന്ന എഴുപത്തിരണ്ടുകാരനായ വൃദ്ധന്റെയും കഥയാണ് ‘ദ് സീക്രട്ട്‌സ് ഓഫ് ജോനാതന്‍ സ്‌പെറി’ എന്ന സിനിമ. ചുരുക്കത്തില്‍ 1970-ലെ വേനല്‍ക്കാലത്ത് വിജ്ഞാനിയായ ഒരു ക്രിസ്ത്യന്‍ വൃദ്ധന്‍ മൂന്ന് കുട്ടികള്‍ക്ക് ക്രിസ്തീയ സത്യങ്ങള്‍ പങ്ക് വയ്ക്കുന്ന കഥയാണിത്.

ഇക്കൂട്ടത്തില്‍ ഡസ്റ്റിന്റെ ഗേള്‍ഫ്രണ്ട് ആണ് ടാനിയ. അവന് അവളോട് തന്റെ താത്പര്യം തുറന്നു പറയണമെന്നുണ്ടെങ്കിലും  സാധിക്കുന്നില്ല. ഡസ്റ്റിന്റെ ഏറ്റവും വലിയ തടസ്സം നിക്ക് എന്ന സുഹത്ത് ആണ്. കാരണം അവന്‍ ടാനിയയെ ഇഷ്ടപ്പെടുന്നു. ഒരിക്കല്‍ ഡസ്റ്റിന്‍ ജോനാതന്‍ സ്‌പെറി  എന്നയാളെ കണ്ടുമുട്ടുന്നു. തന്റെ വീട്ടിലെ പുല്‍ത്തകിടി വെട്ടയൊരുക്കാന്‍ ജോനാതന്‍ ഡസ്റ്റിനെ ഏല്‍പിച്ചു. കൂടാതെ ജോലി പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ഡോളര്‍ അധികം നല്‍കുകയും ചെയ്തിരുന്നു. ക്രിസ്തുവിനെക്കുറിച്ച് കേള്‍ക്കുന്നതിനായിരുന്നു ആ അധിക ഡോളര്‍. അവര്‍ രണ്ട് പേരും വളരെ പെട്ടെന്ന് സുഹൃത്തുക്കളായി മാറി.

അങ്ങനെ ഡസ്റ്റിനും കൂട്ടുകാരും ജോനാതനൊപ്പം ബൈബിള്‍ പഠിക്കാന്‍ പോയിത്തുടങ്ങി. എന്നാല്‍ നിക്ക് നിരന്തരമായി അവരെ അവഹേളിച്ചു കൊണ്ടിരുന്നു. നിക്കിനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച ഡസ്റ്റിനെയും കൂട്ടുകാരെയും സ്‌പെറി നിരുത്സാഹപ്പെടുത്തി. തന്റെ അയല്‍ക്കാരനോട് ക്ഷമിക്കാനാണ് സ്‌പെറി കുട്ടികളോട് പറഞ്ഞത്.

ഒരു ദിവസം സ്‌പെറിയുടെ വീട്ടിലെത്തിയ കുട്ടികള്‍ അയാളുടെ വീടിന് മുന്നില്‍ ഒരു ആള്‍ക്കൂട്ടം കാണുന്നു. സ്‌പെറി മരിച്ചതറിഞ്ഞ് എത്തിയവരായിരുന്നു അവര്‍. സ്‌പെറിയുടെ മരണത്തിന് ശേഷം മിസ്റ്റര്‍ ബാണ്‍സ് ഡസ്റ്റിനെ കാണാനെത്തുന്നു. തന്റെ പുല്‍ത്തകിടി മനോഹരമാക്കിയതിന് നന്ദി പറയുകയും ചെയ്യുന്നു. ഒരു കാര്യം കൂടി അയാള്‍ കൂട്ടിച്ചേര്‍ത്തു, ‘ജോനാതന്‍ സ്‌പെറി ആയിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്‌നേഹിതനും പ്രചോദനവും’ എന്ന്. മിസ്റ്റര്‍ ബാണ്‍സ് തിരികെ പോയതിന് ശേഷമാണ് ഡസ്റ്റിന്റെ അമ്മ ഒരു വലിയ രഹസ്യം അവനോട് വെളിപ്പെടുത്തിയത്. നാല് വര്‍ഷം മുമ്പ് ഒരു ആക്‌സിഡന്റില്‍ മരിച്ചു പോയതാണ്. ആ വാഹനം ഓടിച്ചിരുന്നത് മിസ്റ്റര്‍ ബോണ്‍സ് ആയിരുന്നു. ഡ്രൈവിംഗിന്റെ സമയത്ത് അയാള്‍ മദ്യപിച്ചിരുന്നത്രേ. എന്നാല്‍ അയാളോട് ക്ഷമിക്കാനും സ്‌നേഹിക്കാനും സ്‌പെറി തയ്യാറായി. അയാളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞ ഡസ്റ്റിനും കൂട്ടുകാരും ബൈബിള്‍ പഠനം തുടരാനും മറ്റുള്ളവരെ കൂടി ബൈബിള്‍ ക്ലാസ്സില്‍ ചേര്‍ക്കാനും തുടങ്ങി.

കരുണയുടെ ഏറ്റവും വലിയ ഉദാഹരണമായി ഈ സിനിമ കാലഘട്ടത്തിന് ഒപ്പം സഞ്ചരിക്കുന്നുണ്ട്. ബൈബിളില്‍ ഏറ്റവും കൂടുതല്‍ തവണ പറഞ്ഞിരിക്കുന്ന പദമായ സ്‌നേഹവും കരുണയും സ്വജീവിതത്തില്‍ പകര്‍ത്തുന്നതെങ്ങനെയെന്ന് ഈ സിനിമ വെളിപ്പെടുത്തുന്നുണ്ട്.

റിച്ച് ക്രിസ്റ്റ്യാനോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ ചലച്ചിത്രത്തില്‍ ഗാവിന്‍ മക്ലീഡ് ആണ് ജോനാതന്‍ സ്‌പെറിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജാന്‍സണണ്‍ പനറ്റിയര്‍ – ഡസ്റ്റിന്‍, ഫ്രാന്‍ങ്കീ റയാന്‍ – ആല്‍ബര്‍ട്ട്, അലന്‍ ഐസക്‌സണ്‍ – മാര്‍ക്ക് എന്നിവരെയും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.