ദ് പാഷന്‍ ഓഫ് ക്രൈസ്റ്റ്

കഥാസാരം
ക്രിസ്തുവിന്റെ ജീവിതത്തിലെ അവസാനത്തെ പന്ത്രണ്ട് മണിക്കൂറുകളാണ് ദ് പാഷന്‍ ഓഫ് ദ് ക്രൈസ്റ്റ് എന്ന ചലച്ചിത്രത്തിന്റെ പ്രമേയം. അവസാന അത്താഴത്തിന് ശേഷം യേശു ഒലിവ് മലയിലേക്ക്  പ്രാര്‍ത്ഥനയ്ക്കായി പോകുന്നയിടത്തു നിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്. ക്രിസ്തുശിഷ്യരിലൊരാളായ യൂദാസ് ഒരു ചുംബനം കൊണ്ട് ക്രിസ്തുവിനെ ഒറ്റുകൊടുക്കുന്നു. അങ്ങനെ ക്രിസ്തു യഹൂദ പ്രമാണികള്‍ക്ക് മുന്നിലെത്തുന്നു. ദൈവപുത്രനെന്ന് സ്വയം വിശേഷിപ്പിച്ച് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും അതുവഴി ദൈവനിന്ദ നടത്തുകയും ചെയ്തു എന്നായിരുന്നു ക്രിസ്തുവില്‍ ആരോപിക്കപ്പെട്ട കുറ്റം. റോമന്‍ ഗവര്‍ണറായ പന്തിയോസ് പീലാത്തോസിന്റെ മുന്നില്‍ അവര്‍ ക്രിസ്തുവിനെ നിര്‍ത്തുന്നു. എന്നാല്‍ ക്രിസ്തുവില്‍ ആരോപിക്കപ്പെട്ട കുറ്റം അംഗീകരിക്കാന്‍ പീലാത്തോസിന് കഴിയുന്നില്ല. ജനക്കൂട്ടത്തിന്റെ ആര്‍പ്പുവിളികള്‍ ‘അവനെ ക്രൂശിക്കുക’ എന്നായിരുന്നു. അവസാനം ‘ഈ രക്തത്തില്‍ എനിക്ക് പങ്കില്ല’ എന്ന് പീലാത്തോസ് കൈ കഴുകുന്നു. അങ്ങനെ റോമന്‍ പട്ടാളക്കാരുടെ കൈകളില്‍ ക്രിസ്തു ഏല്‍പ്പിച്ച് കൊടുക്കപ്പെടുന്നു. അതിദാരുണമായ പീഡകളാണ് ക്രിസ്തു സഹിച്ചത്. വാക്കുകളാലും പ്രവര്‍ത്തികളാലും ജനം യേശുവിനെ നിന്ദിക്കുകയും പീഢിപ്പിക്കുകയും ചെയ്തു. പട്ടാളക്കാരുടെ കൈകളില്‍ ഏല്‍പ്പിച്ചു കൊടുക്കപ്പെട്ട നിമിഷം മുതല്‍  ഗാഗുല്‍ത്തായില്‍ കുരിശില്‍ തൂങ്ങി മരിക്കുന്നതു വരെ ക്രിസ്തുവിന്റെ സഹനങ്ങള്‍ക്ക് അറുതിയില്ലായിരുന്നു.
ഒരേ സമയം വിമോചകനും വിപ്ലവകാരിയുമായിരുന്ന ക്രിസ്തുവിന്റെ ജീവിതം അതിന്റെ എല്ലാ പൂര്‍ണ്ണതകളോടും കൂടി തിരശ്ശീലയില്‍ ആവിഷ്‌കരിക്കാന്‍ സാധിച്ചു എന്നതായിരുന്നു ഈ സിനിമയുടെ വിജയഘടകം. ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ച് അനേകം സിനിമകള്‍ മുമ്പ് സംഭവിച്ചിട്ടുണ്ടെങ്കിലും അവസാനത്തെ ഏറ്റവും പ്രധാനപ്പെട്ട മണിക്കൂറുകള്‍ കേന്ദ്രമാക്കിയവ ചുരുക്കമാണ്. അത് തന്നെയാണ് ഈ സിനിമയെ മറ്റ് സിനിമകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ ഈ ചലച്ചിത്രത്തിന്റെ പ്രേക്ഷകരായാരെത്തി. ക്രിസ്തു സഹിച്ച പീഢകളെ അതേ അളവില്‍ തന്നെ കാണികള്‍ എത്തിക്കാന്‍ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.
വിഖ്യാത സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. ക്രിസ്തുവായി വേഷമിട്ടത് പ്രശസ്ത നടന്‍ ജിം കാവിസെല്‍ ആയിരുന്നു. മിയാ മോര്‍ഗന്‍സ്റ്റെണ്‍, മോനിക്ക ബെലൂചി എന്നിവരാണ് യഥാക്രമം മറിയം, മഗ്ദലേന എന്നീ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.