ഗോഡ്’സ് നോട്ട് ഡെഡ് 2014

ദൈവമില്ലെന്ന് പഠിപ്പിക്കുന്ന ഫിലോസഫി അധ്യാപകന് മുന്നില്‍ ദൈവമുണ്ട് എന്ന് തെളിയിക്കുന്ന വിദ്യാര്‍ത്ഥിയുടെ കഥയാണ് ‘ഗോഡ്‌സ് നോട്ട് ഡെഡ്’ എന്ന സിനിമ. റൈസ് ബ്രൂക്ക്‌സിന്റെ നോവലായ ‘ഗോഡ്‌സ് നോട്ട് ഡെഡ്: എവിഡെന്‍സ് ഫോര്‍ ഗോഡ് ഇന്‍ ആന്‍ ഏജ് ഓഫ് അണ്‍സെര്‍ട്ടെയ്‌നിറ്റി’ യെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ തയ്യാറാക്കിയിട്ടുള്ളത്.

ഇവാഞ്ചലിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് ജോഷ് വീറ്റണ്‍. ഫിലോസഫി പ്രൊഫസറും നിരീശ്വരവാദിയുമായ ജെഫ്രി റാഡിസണ്‍ ഒരു ദിവസം തന്റെ വിദ്യാര്‍ത്ഥികളോട് ഒരു കാര്യം ആവശ്യപ്പെട്ടു. ‘ദൈവം മരിച്ചു’ എന്ന പ്രഖ്യാപനത്തില്‍ ഒപ്പു വയ്ക്കണെമെന്നായിരുന്നു പ്രൊഫസറുടെ ആവശ്യം. ഈ ആവശ്യം നിരാകരിച്ച ഒരേയൊരു വിദ്യാര്‍ത്ഥി ജോഷ് മാത്രമായിരുന്നു. അപ്പോള്‍ ഈ വിഷയത്തെ സംബന്ധിച്ച് ഒരു സംവാദം സംഘടിപ്പിക്കാനും വിജയിയെ മറ്റ് വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുമെന്നും പ്രൊഫസര്‍ പറഞ്ഞു. പ്രൊഫസര്‍ ആവശ്യപ്പെട്ട പ്രകാരം ഒപ്പു വച്ചില്ല എങ്കില്‍ ഭാവി അവതാളത്തിലാകുമെനന്ന് ജോഷിന്റെ കാമുകി മുന്നറിയിപ്പ് നല്‍കുന്നു. എങ്കിലും തന്റെ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ ജോഷ് ഉറച്ചു നിന്നു.

ഇരുപത് മിനിറ്റ് നേരത്തെ മൂന്ന് സെഷനായ സംവാദത്തിലൂടെ ദൈവമുണ്ടെന്ന ജോഷിന്റെ വാദങ്ങള്‍ വിജയിക്കുകയും അവസാനം എല്ലാ വിദ്യാര്‍ത്ഥികളും ജോഷിനൊപ്പം ചേരുകയും ചെയ്തു. ഒരു ആക്‌സിഡന്റിനെതുടര്‍ന്ന് റാഡിസണും ദൈവത്തിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയുന്നു. ദൈവം മരിച്ചിട്ടില്ല എന്ന തന്റെ വാദത്തെ അനവധി പേരുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ചൂണ്ടിക്കാണിച്ച് ജോഷ് തെളിയിക്കുന്നു.

വിശ്വാസ സംരക്ഷണത്തിനായി എല്ലാം ഉപേക്ഷിച്ച് രഹസ്യമായി ക്രിസ്തുമതം സ്വീകരിക്കുന്ന ആയിഷ എന്ന മുസ്‌ളീം പെണ്‍കുട്ടിയും നിരീശ്വര വാദിയായിരുന്ന് പിന്നീട് ജീവിതത്തില്‍ ദൈവിക സന്തോഷം അനുഭവിക്കുന്ന മാര്‍ട്ടിനും റാഡിസന്റെ കാമുകി മിനായും ഈ സിനിമയിലെ ജീവിക്കുന്ന കഥാപാത്രങ്ങളാണ്. ഷേന്‍ ഹാര്‍പര്‍ ആണ് ജോഷ് വീറ്റണ്‍ എന്ന വിദ്യാര്‍ത്ഥിയെ അവതരിപ്പിച്ചത്. കെവിന്‍ സോര്‍ബോ പ്രൊഫസര്‍ ജെഫ്രി റാഡിസണായും മികച്ച പ്രകടനം കാഴ്ച വച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.