കുലീനം

കുറേനാള്‍ മുമ്പാണ് സോങ് ഓഫ് സ്പാരോസ് എന്ന ചിത്രം കണ്ടത്. ദാരിദ്ര്യത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രമാണ്. അതിന്റെ വിശദാംശങ്ങളൊക്കെ മറന്നെങ്കിലും അതിലെ ഒരു സീന്‍ മറന്നിട്ടില്ല. മറക്കുകയുമില്ല. ഏതാണ്ട് പത്തുവയസ്സുള്ള ഹുസൈന്‍ എന്ന കുട്ടി. വീടിനടുത്തുള്ള ചെറിയ കുളത്തില്‍ മീന്‍ വളര്‍ത്തി കോടീശ്വരനാകാമെന്ന സ്വപ്നമാണവന്റെ മനസ്സുനിറയെ. ദാരിദ്ര്യത്തിന്റെ കനലിനു മീതെ നടക്കുന്നതുകൊണ്ടാകണം, അവന്റെ അച്ഛന്‍ ആവശ്യത്തിലേറെ  പരുക്കനാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ അയാള്‍ ക്ക് ജോലി നഷ്ടപ്പെടുന്നു. പിന്നീട് ജീവിക്കാനയാള്‍ കഠിനമായി പ്രയത്‌നിക്കുന്നതിനിടെ ഒരപകടം അയാളെ നിസ്സഹായനാക്കുന്നു. പിന്നെ ഹുസൈന്റെ കുഞ്ഞുകരങ്ങളില്‍ തഴമ്പു വീണു. അപ്പോഴും പഴയ സ്വപ്നം അവന്റെയുള്ളിലുണ്ട്. അ ങ്ങനെ പലപ്പോഴായി സ്വരൂപിച്ച നാണയത്തുട്ടുകള്‍ കൊണ്ട് അവന്‍ കുറേ മീന്‍ കുഞ്ഞുങ്ങളെ വാങ്ങി. പഴയൊരു പാത്രത്തില്‍ അവയെയും കൊണ്ട് കൂട്ടുകാരോടൊപ്പം വരുന്നവഴിയില്‍ പാത്രം പൊട്ടി മീനു കളെല്ലാം പുറത്തേക്കു വന്നു. ശ്വാസം കി ട്ടാതെ അവ പിടയുമ്പോള്‍ സ്വാഭാവികമായി ആ കുഞ്ഞിനു ചെയ്യാവുന്ന ഒരു കാ ര്യമുണ്ട്. അവയുടെ പിടച്ചില്‍ അവഗണി ച്ച് അവയെ വാരിയെടുത്തു കൊണ്ടുപോയി കറി വയ്ക്കുക. പക്ഷേ, അവനതു ചെയ്യുന്നില്ല. കണ്ണുനീര്‍ തുടച്ചുകൊണ്ട്  അവയില്‍ ഒന്നിനെയൊഴികെ ബാക്കിയുള്ളതിനെയെല്ലാം തൊട്ടടുത്തുള്ള തോട്ടിലേക്ക് ഒഴുക്കിവിട്ടു. ആഹ്ലാദത്തോടെ നീന്തിത്തുടിച്ചുകൊണ്ട് അവ പോകുന്നതുനോക്കി അവന്‍ കരയില്‍ നിന്നു. ആ ഒരു മീനെ ചെറിയൊരു പ്ലാസ്റ്റിക് കൂട്ടി ലാക്കി തന്റെ സ്വപ്നമുറങ്ങുന്ന കുളത്തിലേക്കും ഒഴുക്കി. അതു നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ, അവനങ്ങനെ ചെയ്യുന്നതോടുകൂടി ആ കുഞ്ഞിന് ആകാശത്തോളം ഉയരമുണ്ടാകുന്നു. ഒപ്പം നമ്മുടെ മനസ്സു നിറയുന്നു. – കണ്ണുകളും.  മകന്റെ നന്മയില്‍ അപ്പന്റെ മനസ്സും തരളിതമാവുകയാണ്. അയാളിനി പഴയ ആളല്ല.

നമുക്കു മുമ്പില്‍ രണ്ടു ജീവിതമുണ്ട്. നമ്മള്‍ ജീവിക്കുന്ന, സാധാരണ ജീവിതവും നമുക്കു ജീവിക്കാവുന്ന കുറേക്കൂടി കുലീനമായ ജീവിതവും. ഓരോരോ സന്ദര്‍ഭങ്ങളില്‍ നമുക്കു ജീവിക്കാവുന്ന ആ ജീവിതത്തെക്കുറിച്ചൊരു ധാരണ പോലുമില്ലാതെയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്.  അങ്ങനെ ജീവിച്ചില്ലെന്നു കരുതി നിങ്ങളൊരു കുറ്റവാളിയൊന്നുമാകുന്നില്ല. എന്നാല്‍, ജീവിതത്തിനൊരു ചന്തമുണ്ടാകില്ല. അതു നിങ്ങള്‍ അറിയണമെന്നു പോലുമില്ല. എങ്കിലും മനുഷ്യനിണങ്ങിയ ശ്രേഷ്ഠതയോടെ ജീവിക്കാതെ കടന്നുപോകുന്ന മനുഷ്യന്‍ ശരിക്കുമൊരു ദുരന്തമാണ്. സമ്പത്ത്, സ്ഥാനം, സൗന്ദര്യം, അറിവ് തുടങ്ങിയ ബാഹ്യമായ അലങ്കാരങ്ങളൊന്നുമല്ല ഒരാളുടെ ജീവിതത്തിന്റെ നിലവാരം നിര്‍ണയിക്കുന്നത്. ഇതൊക്കെയുണ്ടായാലും ചില മനുഷ്യര്‍ എത്ര പെ ട്ടെന്നാണ് നമ്മളെ മടുപ്പിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ഒരപകടമരണം നടന്ന വീട്ടിലിരിക്കുകയായിരുന്നു. തൂവെള്ള ഖദറണിഞ്ഞാണ് അയാള്‍  അവിടേക്കു കയറിവന്നത്. ആ വീടുമുഴുവന്‍  ദുഃഖത്തില്‍ വെന്തുരുകി നില്ക്കുമ്പോള്‍ ഒരൗചിത്യവുമില്ലാതെ അയാള്‍ സംസാരിച്ചു തുടങ്ങി. നാട്ടുകാര്യവും രാഷ്ട്രീയവും ഒക്കെ കലര്‍ന്ന പൊങ്ങച്ച വര്‍ത്തമാനങ്ങള്‍. അഞ്ചുമിനിട്ടിനുള്ളില്‍ അയാളെ എല്ലാവര്‍ക്കും ചെകിടിച്ചു. പിന്നെ അയാളുടെ നേരെ പോലും നോക്കാതെ ഓരോരുത്തരായി അയാളെ അവഗണിച്ചു. സ്വയമതു മനസ്സിലാക്കിയിട്ടോ എന്തോ വൈകാതെ അയാള്‍ ‘എന്നാ പിന്നെ ഞാനിറങ്ങിയേക്കാം’ എന്നു പറഞ്ഞിറങ്ങിപ്പോയി.

നിങ്ങളാരുമാകട്ടെ, നിങ്ങള്‍  ജീവിക്കേണ്ട ജീവിതം ജീവിച്ചില്ലെങ്കില്‍ മറ്റുള്ളവരിങ്ങനെ നിങ്ങള്‍ക്കെതിരെ  ഹൃദയജാലകം കൊട്ടിയടയ്ക്കുന്നുണ്ട്. മദ്യപിക്കുന്ന ഒരാളെയെടുക്കുക.  ലോകത്തിലെ എല്ലാ മദ്യപരും  സാധാരണ പറയുന്ന ഒരു കാര്യമുണ്ട്. ‘ഞാന്‍ ജോലി ചെയ്യുന്നു, പണമുണ്ടാക്കുന്നു, മാന്യമായി കുടിക്കുന്നു. അതിനു നിങ്ങള്‍ക്കെന്ത്?’ ഒരു കുഴപ്പവുമില്ല. പക്ഷേ, നിങ്ങളെ മാനിക്കണമെന്നുമാത്രം ഞങ്ങളോടു പറയരുത്.  നിങ്ങളൊരു കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ‘ചേട്ടന്‍ വാ നമുക്കിതേപ്പറ്റി പിന്നെ പറയാം’ എന്നു പറഞ്ഞ് തോളില്‍ കൈയ്യിട്ടുകൊണ്ടുതന്നെ നാട്ടുകാര്‍ നിങ്ങളെ അവിടെ നിന്ന് ഒഴിവാക്കും. ഇനി വീട്ടിലെത്തിയാലോ, അവളും മക്കളും നിശ്ശബ്ദരാകുന്നു. അതു നിങ്ങളോടുള്ള ബഹുമാനം കൊണ്ടൊന്നുമല്ല,  അവഗണനകൊണ്ടാണ്.

അല്ലെങ്കില്‍ പാവങ്ങളെക്കുറിച്ച് ചിന്തയില്ലാത്ത, ജോലിക്കാര്‍ക്ക് ന്യായമായ വേതനം സമയത്തു നല്കാത്ത ഒരു പിശുക്കനാണ് നിങ്ങളെങ്കില്‍ സമ്പന്നനായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനം. എത്ര മടുപ്പോടെയായിരിക്കും നിങ്ങള്‍ക്കു കീഴില്‍ അവര്‍ ജോലി ചെയ്യുക.

നമുക്കു രണ്ടു വിധത്തില്‍ ജീവിക്കാം. പത്തു കല്പനകള്‍ പാലിച്ചുകൊണ്ടും, സുവിശേഷത്തിനിണങ്ങിയ മട്ടിലും. പത്തു കല്പനകള്‍ പാലിച്ചുകൊണ്ടുള്ള ജീവിതം നിങ്ങളെ ഭേദപ്പെട്ട മനുഷ്യന്‍ പോലും ആക്കില്ല. എന്നാല്‍, സുവിശേഷത്തിനിണങ്ങിയ മട്ടില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ജീവിതം കുറേക്കൂടി സൗന്ദര്യമുള്ളതാകുന്നു.  ഓരോരോ സന്ദര്‍ഭങ്ങളില്‍ തോന്നുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ക്കതീതമായി പെരുമാറാന്‍ അവര്‍ ക്കു കഴിയുന്നു.

മൂന്നു ചോദ്യങ്ങള്‍ കൊണ്ടാണ് ക്രിസ്തു നമ്മുടെ ജീവിതത്തിന്റെ ഗുണമേന്മ നിര്‍ണയിക്കാന്‍ ആവശ്യപ്പെടുന്നത്. നിങ്ങളെ സ്‌നേഹിക്കുന്നവരെ മാത്രമാണോ നിങ്ങള്‍ സ്‌നേഹിക്കുന്നത്. നിങ്ങള്‍ക്കു നന്മചെയ്യുന്നവര്‍ക്കു മാത്രമാണോ നിങ്ങള്‍ നന്മചെയ്യുന്നത്. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ മാത്രമാണോ മറ്റുള്ളവരെ സഹായിക്കുന്നത്? (ലൂക്ക 6/32-35). ഉത്തരം  അതെ എന്നാണെങ്കില്‍ നിങ്ങളുടെ ജീവിതത്തിന് എന്തു മേന്മയാണുള്ളത് എന്നവിടുന്നു ചോദിക്കും. അവന്റെ നാമത്തില്‍ വിശ്വസിക്കുകയും ജീവിക്കുകയുമൊക്കെ ചെയ്യുന്നു എന്നു കരുതുന്നവര്‍ ഇടയ്ക്കിടെ ഈ ചോദ്യം സ്വയം ചോദിക്കേണ്ടതുണ്ട്. നമ്മള്‍ ജീവിക്കേണ്ട ഈ ജീവിതവും  ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതവും തമ്മില്‍ എന്തെങ്കിലും പൊരുത്തമുണ്ടോ?

വേറെയും എത്രയോ സന്ദര്‍ഭങ്ങളില്‍ നമ്മള്‍ നമ്മളെത്തന്നെ വെളിപ്പെടുത്തുന്നു. വിജയ പരാജയങ്ങളെ നമ്മള്‍ ഏറ്റുവാങ്ങുന്ന രീതിയെങ്ങനെയെന്ന് ഒന്നു പരിശോധിച്ചു നോക്കൂ. ഇത്തവണത്തെ ലോകകപ്പ് മത്സരത്തില്‍ അതിന്റെ ചില നേര്‍ക്കാഴ്ചകളുണ്ടായിരുന്നു. പരാജയപ്പെട്ട എതിര്‍ ടീമിനെ വല്ലാതെ പരിഹസി ച്ചുകൊണ്ട് തങ്ങളുടെ വിജയം ആഘോഷി ച്ച രാജ്യങ്ങളെ നമ്മള്‍ കണ്ടു. ഒരു തോല്‍വി ഇത്രമേല്‍ അപഹസിക്കപ്പെടേണ്ടതുണ്ടോ? ഒരു മത്സരത്തില്‍ ആരെങ്കിലും ഒരാള്‍ അല്ലെങ്കില്‍ ഒരു ടീം മാത്രമേ വിജയിക്കൂ എന്നുള്ള ഒരു സാമാന്യ തത്വത്തെ സമചിത്തതയോടെ സ്വീകരിക്കാന്‍ നമുക്കെന്തുകൊണ്ടാണ് കഴിയാത്തത്.  തോല്ക്കുന്നവരെ കൂകി വിളിച്ചും നിന്ദിച്ചും വേണോ ഒരു വിജയം ആഘോഷിക്കുവാന്‍. ചിലപ്പോഴൊക്കെ അത് എല്ലാ അതിരും വിട്ടുപോയ അവസരങ്ങളൊക്കെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. ഒരു ലോകകപ്പില്‍ ബ്രസീലിന്റെ പരാജയത്തിനു കാരണക്കാരനായ  അവിടത്തെ ഏറ്റവും നല്ല കളിക്കാരനെ ആ ജനത കുറ്റപ്പെടുത്തിയും നിന്ദിച്ചും ഒറ്റപ്പെടുത്തിയും അവഗണിച്ചുമാണ് ശിക്ഷിച്ചത്. അതയാളെ മാനസികരോഗിയാക്കുകയും ഒടുവില്‍ മരണത്തിനു കാരണമാവുകയും ചെയ്തു. മോയ്‌സീര്‍ ബര്‍ബോസനാസിമെന്റോ എന്ന ബര്‍ബോസയായിരുന്നു ആ രക്തസാക്ഷി. 1954ല്‍ ആണ് ആ സംഭവം നടന്നത്.

സ്വന്തം പരാജയത്തെയും കു ലീനമായി ഏറ്റെടുക്കാന്‍ പഠിക്കേണ്ടതുണ്ട്. തങ്ങളുടെ പരാജയത്തെ ഏറ്റവും അന്തസ്സോടെ സ്വീ കരിച്ച ടീം ജപ്പാന്റേതായിരുന്നു.  കളിയില്‍ തോറ്റ് പിന്‍വാങ്ങുമ്പോള്‍ തങ്ങളിരുന്ന പരിസരം കൂടി വൃത്തിയാക്കിയിട്ടാണവര്‍ പോയത്. എത്ര സുന്ദരമായ കാഴ്ചയായിരുന്നു അത്.

സ്വന്തം പരാജയത്തെ എത്ര കുലീനമായി സ്വീകരിക്കാം എന്നതിന്റെ ഏറ്റവും മനോഹരമായ മാതൃക പഴയനിയമത്തിലെ യാ ക്കോബിന്റേതാണ്. ഒരു രാത്രി മുഴുവന്‍ അജ്ഞാതനായ ഒരാളുമായി അയാള്‍ ഏറ്റുമുട്ടുകയാണ്. യാക്കോബിനെ തോല്പിക്കാന്‍ കഴിയുന്നില്ലെന്നു കണ്ട എതിരാളി അവസാനത്തെ അടവെടുത്തു. യാക്കോബിന്റെ അരക്കെട്ടില്‍ തട്ടി. തുട അരക്കെട്ടില്‍ നിന്നു തെറ്റി. യാക്കോബിന് പരാജയം സമ്മതിക്കേണ്ടി വന്നു. എന്നാല്‍, കുപിതനോ നിരാശനോ ആകാതെ യാക്കോബ് തന്റെ എതിരാളിയുടെ മുമ്പില്‍ ഒരാശീര്‍വാദത്തിനായി തലകുനിക്കുകയാണ്. എന്നെ അനുഗ്രഹിച്ചിട്ടില്ലാതെ ഞാനങ്ങയെ വിടുകയില്ല (ഉല്പ 32:22-32) ആ അനുഗ്രഹത്തിലാണ് യാക്കോബിന് ഇസ്രായേല്‍ എന്ന പേരു ലഭിക്കുന്നത്. നമ്മളെ തോല്പിക്കുന്നവരെ അംഗീകരിക്കുവാനും ഒരാശീര്‍വാദത്തിനായി അവരുടെ മുമ്പില്‍ തലകുനിക്കുവാനും എന്നെങ്കിലും നമുക്കു കഴിയുമോ?

നമ്മള്‍ ക്ഷുഭിതരാകുന്ന സന്ദര്‍ഭങ്ങളിലും നമ്മുടെ ഗുണമേന്മ എന്തെന്നു തെളിയുന്നുണ്ട്.  നമ്മുടെ കോപത്തെ ന്യായീകരിക്കാന്‍ ക്രിസ്തുവിന്റെ കോപത്തെ നമ്മള്‍ കൂട്ടുപിടിക്കും.  ജെറുസലേം ദേവാലയത്തില്‍ ചാട്ടവാറെടുക്കുന്ന ക്രിസ്തുവിനെയാണവരതിന് ചൂണ്ടിക്കാണിക്കുന്നത്. അവിടുന്നവരെ ചാട്ടകൊണ്ടടിച്ചു പുറത്താക്കിയെന്നുവരെ പറയുന്നവരുണ്ട്. അവന്‍ അവരെ പുറത്താക്കി എന്നല്ലാതെ ഏതു സുവിശേഷത്തിലാണ് ക്രിസ്തു അവരെ അടിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, നല്ല സുവിശേഷങ്ങളും  പരിശോധിച്ചാല്‍ ആകെ മൂന്നു വാചകങ്ങളില്‍ അവിടുന്നു തന്റെ ക്ഷോഭത്തെ ഒതുക്കി. അവിടുന്ന്  ക്ഷോഭിച്ച സന്ദര്‍ഭം കൂടി നോക്കേണ്ടതുണ്ട്. ദൈവികമൂല്യങ്ങള്‍ അവഗണിക്കപ്പെട്ടപ്പോഴാണ് അവിടുന്നു ക്ഷുഭിതനായത്.  അതിനുശേഷം അവന്‍ അവരെ പഠിപ്പിച്ചു എന്നൊക്കെ സുവിശേഷം രേഖപ്പെടുത്തുമ്പോള്‍ എന്താണു നമ്മള്‍ മനസ്സിലാക്കേണ്ടത്. അത്രയേറെ സംയമനം അവിടുത്തേക്കുണ്ടായിരുന്നു എന്നല്ലാതെ. എന്നാല്‍, നമ്മളോ? നമുക്കിണങ്ങാത്ത മട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ് പലപ്പോഴും നമ്മള്‍ ക്ഷുഭിതരാകുന്നത്. എത്ര പെട്ടെന്നാണ്  മറ്റുള്ളവരെ മുറിപ്പെടുത്തുന്ന അവസരമായി അതു മാറുന്നത്. മറ്റുള്ളവരോടുള്ള എല്ലാ കയ്പ്പും പുറത്തേക്കു വരുന്ന സന്ദര്‍ഭമാണ് നമുക്കത്. നാളുകളായി മനസ്സില്‍ കൊണ്ടു നടന്ന നീരസം ഒരവസരം വന്നപ്പോള്‍ ആ നുപാതികമല്ലാത്ത വിധം പുറത്തേക്കുവരികയാണ്. വാക്കുകള്‍ തീയും ഗന്ധകവും വര്‍ഷിക്കുന്നു. എത്രനേരം കലമ്പിയാലാണു നമ്മുടെ കലിയടങ്ങുക. അതുകൊണ്ട് നമ്മുടെ കോപത്തെ ക്രിസ്തുവിന്റെ കോപവുമായി താരതമ്യം ചെയ്യരുത്.

മറ്റുള്ളവരോടു വിയോജിക്കേണ്ടി വരുന്ന അവസരമാണ് മറ്റൊന്ന്. പലപ്പോഴും നമ്മുടെ നിയന്ത്രണം പോലും അവിടെ നഷ്ടപ്പെട്ടുപോകുന്നു.  അതുകൊണ്ടാണ് അതു തര്‍ക്കത്തിലേക്കും വഴക്കിലേക്കുമൊക്കെ വഴുതിവീഴുന്നത്. എന്റെ അഭിപ്രായം ശരിയാണെന്നു കരുതുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ഞാന്‍ മാത്രമാണു ശരി എന്നു ശഠിക്കുമ്പോഴാണ് പ്രശ്‌നം.

പുറമെ കാണുന്ന കുലീനതയൊന്നും നമ്മള്‍ മലയാളികളുടെ ജീവിതത്തിലില്ലെന്ന് ഏറ്റവും കൂടുതല്‍ വെളിപ്പെടുത്തുന്നത് പൊതുനിരത്തുകളിലുള്ള നമ്മുടെ പെരുമാറ്റമാണ്. നമ്മുടെ വീട്ടി ലെ മാലിന്യം നിക്ഷേപിക്കാനുള്ള  ഒരിടമായി പൊതുനിരത്തുകളെ ഉപയോഗിക്കുന്ന വേറെ ഏതെങ്കിലും നാട് ലോകത്തുണ്ടാവുമോ?  സ്വന്തം വീടും പരിസരവുമൊക്കെ ഭംഗിയായും വൃത്തിയായും സൂക്ഷിക്കണമെന്നു കരുതുന്ന നമ്മള്‍ അയല്‍വാസിയും അതുതന്നെ ആഗ്രഹിക്കുന്നുണ്ട് എന്ന്  ചിന്തിക്കാത്തത് എന്തുകൊണ്ടാണ്. പുതിയൊരു വീട്ടില്‍ ചെന്നതാണ്. വീടും പരിസരവും മാത്രമല്ല വേ സ്റ്റ് കുഴിപോലും ക്ലീനാണ്. ഇത്ര വൃത്തിയായി എങ്ങനെ അവരിവിടം സൂക്ഷിക്കുന്നു എന്നു വിസ്മയിച്ചു നില്ക്കുമ്പോഴാണ് വിദ്യാസമ്പന്നനായ ആ കുടുംബനാഥന്‍ കുഞ്ഞിനു നല്കിയ ബിസ്‌ക്കറ്റിന്റെ കവര്‍ അടുത്ത പറമ്പിലേക്കെറിയുന്നതു കണ്ടത്! ഒരു സങ്കോചവുമില്ല…

തങ്ങളുടെ ജീവിതം ആവശ്യപ്പെടുന്ന കുലീനതയില്‍ ജീവിക്കാനുള്ള ഉത്തരവാദിത്വം ഓരോരുത്തര്‍ക്കുമുണ്ട്. മാതാപിതാക്കള്‍ അവര്‍ക്കിണങ്ങിയ മട്ടിലും അധ്യാപകനും വൈദ്യനുമൊക്കെ അവരുടേതായ ശ്രേഷ്ഠതയിലും വ്യാപരിക്കേണ്ടതുണ്ട്. എപ്പോഴും അങ്ങനെ സംഭവിക്കുന്നില്ല. നീണ്ട വര്‍ഷത്തെ പഠനകാലയളവിനിടയില്‍ എത്ര കുറച്ച് അധ്യാപകരാണ് നമ്മളെ സ്വാധീനിച്ചിട്ടുള്ളത്. നിശ്ചയമായും അവര്‍ ഒരു ഗുരുവിനിണങ്ങിയ ശ്രേഷ്ഠത പുലര്‍ത്തിയവരാണ്. എന്നും വെള്ളയും വെള്ളയും മാത്രം ധരിച്ചെത്തിയിരുന്ന ഞങ്ങളുടെ വേലായുധന്‍ മാഷും ഒരിക്കലും മുണ്ടിന്റെ കോന്തലപോലും ഉയര്‍ത്തിപ്പിടിക്കാതെ ഏതു മഴയത്തും ചെളിയിലും ഒക്കെ നടന്നുപോയ ജോസഫ് സാറുമൊക്കെ എന്തുമാത്രം ആദരവാണ് നമ്മളിലുണര്‍ത്തുക. വിദ്യാര്‍ ത്ഥികളെ മക്കളെപ്പോലെ കണ്ട് ശാസിക്കുകയും സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്ത് അവരുടെ മനസില്‍ കയറിപ്പറ്റിയ എല്ലാ അധ്യാപകരെയും വണങ്ങാന്‍ കൂടി ഈ മാസം.

വൈദ്യന്മാരുടെ ഇടയിലുമുണ്ട് നമുക്കാദരവുതോന്നുന്നവര്‍. രോഗിയെ ആര്‍ദ്രതയോടും കനിവോടും കൂടി കേള്‍ക്കുകയും ആശ്വ സിപ്പിക്കുകയുമൊക്കെ ചെയ്യുന്നവര്‍. രോഗികള്‍ക്ക് കാണപ്പെടുന്ന ദൈവമാണ്. ആത്മീയ മേഖലയില്‍ വ്യാപരിക്കുന്ന വൈദികരില്‍ നിന്നും സമര്‍പ്പിതരില്‍ നിന്നും അതിനനുസരിച്ചുള്ള ഒരു ജീവിതം ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ വിശുദ്ധരാണെന്നാണ് സാധാരണക്കാര്‍ വിചാരിക്കുന്നത്. അസ്സീസിയിലെ ഫ്രാന്‍സീസിനോട് ആ കര്‍ഷകന്‍ പറഞ്ഞതുപോലെ അങ്ങനെയൊക്കെത്തന്നെയായിരിക്കണം അവര്‍.

മറ്റുള്ളവരെ നമ്മെക്കാള്‍ ശ്രേഷ്ഠരായി കരുതുകയാണ് കുലീനതയുടെ അടിസ്ഥാന പ്രമാണം. ഓരോ ഇടങ്ങളില്‍ എങ്ങനെ പെ രുമാറണം എന്നതിന് ഏറ്റവും ലളിതവും മനോഹരവുമായ പാഠം ക്രിസ്തു നല്കുന്നുണ്ട്. ഒരമ്മ കുഞ്ഞു ങ്ങള്‍ക്ക്പറഞ്ഞുകൊടുക്കുന്നതുപോലെ തോന്നും അതു വായിക്കുമ്പോള്‍. ഒരു വിരുന്നിന്റെ സന്ദര്‍ഭത്തിലാണ് അവിടുന്നതു പറഞ്ഞത്. ക്ഷണിക്കപ്പെട്ടവന്‍ പ്രമുഖ സ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവിടുന്ന് അവരോട് ഒരു ഉപമ പറഞ്ഞു: ആരെങ്കിലും നിന്നെ ഒരു കല്യാണത്തിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരു പക്ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരാളെ അവന്‍ ക്ഷണിച്ചിട്ടുണ്ടാകും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തു പോയിരിക്കും. അതുകൊണ്ട് നീ വിരുന്നിന് ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്ഥലത്തുപോയിരിക്കുക. ആതിഥേയന്‍ വന്ന് നിന്നോട് സ്‌നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നു പറയും അപ്പോള്‍ നിന്നോടൊത്ത് ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുന്‍പാകെ നിനക്കു മഹത്വമുണ്ടാകും. തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും; തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും (ലൂക്ക 14-7:11). വിരുന്നുശാലയില്‍ മാത്രമല്ല എല്ലായിടത്തും പാലിക്കേണ്ട മര്യാദയാണത്. അല്ലെങ്കില്‍ വളരെപ്പെട്ടെന്നുതന്നെ മറ്റുള്ളവര്‍ക്ക് നിങ്ങളെ മടുക്കും. നമ്മള്‍ ചെയ്ത വലിയ കാര്യങ്ങള്‍ നമ്മള്‍തന്നെ ഏറ്റുപറയാന്‍ തുടങ്ങുമ്പോള്‍ത്തന്നെ കേള്‍വിക്കാര്‍ക്ക് നി ങ്ങളെ ചെകിടിച്ചു തുടങ്ങുന്നു. പറയുന്ന ത് സത്യംതന്നെയായിരിക്കാം. എന്നാലും നിങ്ങളുടെ നാവല്ല അപരന്റേതാണ് അ തേറ്റുപറയേണ്ടത്.   ഈ സുവിശേഷം ഒ രിക്കല്‍ പോലും വായിച്ചുകേട്ടിട്ടില്ലാത്തവരെപ്പോലെയാണ് ചിലപ്പോഴോക്കെ പള്ളിയിലെ നമ്മുടെ വ്യാപാരങ്ങള്‍. വിശുദ്ധ കുര്‍ബാനസ്വീകരണത്തിനണയുമ്പോഴും കുമ്പസാരക്കൂടിനു മുന്‍പില്‍ കാത്തുനില്ക്കുമ്പോഴുമൊക്കെ നമ്മള്‍ അവഗണിക്കുന്ന മര്യാദകള്‍… നിര തെറ്റിച്ചാല്‍ വിവരമറിയും എന്നതുകൊണ്ടാണാവോ ബിവറെജിനു മുന്‍പില്‍ ദേവാലയങ്ങളില്‍ പോലും കാണിക്കാത്ത അച്ചടക്കം നമുക്കുണ്ട്!

പറഞ്ഞുവരുന്നതിത്രയേ ഉള്ളൂ. പൗലോശ്ലീഹാ പറയുന്നതുപോലെ ഓ രോരുത്തരും തങ്ങളുടെ വിളിയും നിയോഗവുമനുസരിച്ച് ജീവിക്കട്ടെ. നീയിപ്പോള്‍ എന്താണോ അതു തന്നെ നിന്റെ വിളി.  അതിന്റെ ശ്രേഷ്ഠതയില്‍ ജീവിക്കുക.

സി. ശോഭ സി. എസ്. എന്‍.
എഡിറ്റര്‍, അമ്മ മാഗസിന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.