
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന പണമടച്ചുള്ള പരസ്യങ്ങൾ മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ ഇപ്പോഴും സജീവമെന്ന് പുതിയ കണ്ടെത്തൽ. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ടെക് ട്രാൻസ്പരൻസി പ്രോജക്റ്റ്’ (TTP) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യൻ സർക്കാർ ഇത്തരം പരസ്യങ്ങൾ നീക്കം ചെയ്യാൻ കർശന നിർദേശം നൽകി രണ്ട് മാസം പിന്നിടുമ്പോഴാണ് വീണ്ടും ഈ നിയമലംഘനം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടയിൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി ഇത്തരം 332 പരസ്യങ്ങളാണ് ടിടിപി കണ്ടെത്തിയത്. ഇതിൽ 84 പരസ്യങ്ങളും ഇന്ത്യയിലാണ് പ്രവർത്തിച്ചത്. സർക്കാർ ഉത്തരവിനുശേഷവും ഇന്ത്യയിൽ 78-ലധികം പരസ്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു എന്നത് ആശങ്ക വർധിപ്പിക്കുന്നു.
യഥാർഥ കുട്ടികളുടെ ചിത്രങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി മാറ്റം വരുത്തി ലൈംഗിക അതിക്രമ ദൃശ്യങ്ങളാക്കി മാറ്റി പരസ്യങ്ങളിൽ ഉപയോഗിക്കുകയായിരുന്നു. ചൈനീസ് ഡെവലപ്പർമാരുടെ എഐ ഇമേജ്/വീഡിയോ ജനറേഷൻ ആപ്പുകളിലേക്കാണ് ഈ പരസ്യങ്ങൾ ഉപയോക്താക്കളെ നയിച്ചിരുന്നത്.
ഉപയോക്താക്കൾ ഇത്തരം പരസ്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും, പരസ്യങ്ങൾ നിലവിലില്ലെന്നോ അല്ലെങ്കിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്നോ ഉള്ള മറുപടിയാണ് മെറ്റയുടെ ഭാഗത്തുനിന്നും ലഭിച്ചതെന്ന് ടിടിപി വ്യക്തമാക്കുന്നു. കുട്ടികളുടെ ചൂഷണങ്ങളെ യാതൊരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും, കുറ്റവാളികൾ നിരന്തരം പുതിയ തന്ത്രങ്ങൾ പയറ്റുന്നുണ്ടെന്നുമാണ് മെറ്റ ഇതിനോട് പ്രതികരിച്ചത്.




