അഭയാർഥി ക്യാമ്പുകളിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സുഡാനീസ് സ്ത്രീകളുടെ കണ്ണീർജീവിതം

സുഡാനിലെ ആഭ്യന്തര യുദ്ധം ലോകത്തെ ഏറ്റവും വലിയ പലായന പ്രതിസന്ധികളിലൊന്നിനാണ് കാരണമായത്. യുദ്ധക്കെടുതികളിൽ നിന്ന് രക്ഷതേടി സ്വന്തം നാടുവിട്ടോടിയ സുഡാനിലെ സ്ത്രീകൾ ഈജിപ്തിൽ നേരിടുന്നത് ക്രൂരമായ ചൂഷണങ്ങളാണ്. യുദ്ധത്തിൽ ഭർത്താക്കന്മാരെയും ഉറ്റവരെയും നഷ്ടപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളാണ് അഭയാർഥികളായി ഈജിപ്തിലേക്ക് എത്തിയത്. എന്നാൽ അവിടെയും അവർക്ക് നേരിടേണ്ടിവരുന്നത് കണ്ണീരിന്റെയും അതിജീവനത്തിനായുള്ള മൽപ്പിടുത്തത്തിന്റെയും നാളുകളാണ്. 4.5 ദശലക്ഷത്തിലധികം ആളുകളാണ് ചാഡ്, ദക്ഷിണ സുഡാൻ, ലിബിയ, ഈജിപ്ത് തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.

ഇതിൽ ഏറ്റവും കൂടുതൽ പേർ (ഏകദേശം 1.5 ദശലക്ഷം ആളുകൾ) അഭയം പ്രാപിച്ചത് ഈജിപ്തിലായിരുന്നു. എന്നാൽ അവിടെ അവരെ കാത്തിരുന്നതോ വലിയ ദുരന്തങ്ങളും. കുട്ടികളെ പട്ടിണിയിടാതെ നോക്കാനും വീട്ടു വാടക നൽകാനും മറ്റ് മാർഗങ്ങളൊന്നുമില്ലാതെ, പല സ്ത്രീകളും സ്വന്തം ശരീരം വിൽക്കാൻ നിർബന്ധിതരാകുന്നുവെന്ന ‘ദി ഗാർഡിയന്റെ’ റിപ്പോർട്ട് ലോകത്തെ തന്നെ ഞെട്ടിക്കുന്നു.

അറ്റുപോകുന്ന സഹായങ്ങളും പട്ടിണിയും

യുഎൻ റിഫ്യൂജി ഏജൻസിയായ യുഎൻഎച്ച്സിആറിന്റെ ഫണ്ടിങ് വെട്ടിക്കുറച്ചതും, യുഎസിന്റെ സഹായ സംഘടനയായ യുഎസ്‌എഐഡി (USAID) പ്രവർത്തനം അവസാനിപ്പിച്ചതും ഈജിപ്തിലെ സുഡാനീസ് അഭയാർഥികളെ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാക്കി. നിയമപരമായ ജോലികൾ ലഭിക്കാത്തതും, ചേരിപ്രദേശങ്ങളിൽ തിങ്ങിപ്പാർക്കേണ്ടി വരുന്നതും സ്ത്രീകളെ കൂടുതൽ ദുർബലരാക്കുന്നു. യുദ്ധത്തിന് മുൻപ് മാന്യമായി ജീവിച്ചിരുന്ന അധ്യാപികമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള സ്ത്രീകൾ പോലും ഇന്ന് ദാരിദ്ര്യം കാരണം വഴിയാധാരമായിരിക്കുകയാണ്.

കണ്ണീരണിഞ്ഞു തീരുന്ന ജീവിതങ്ങൾ

ഫാക്ടറികളിലും വീടുകളിലും തുച്ഛമായ കൂലിക്ക് ജോലിക്ക് പോകുന്ന സ്ത്രീകൾ പോലും ക്രൂരമായ ലൈംഗിക ചൂഷണത്തിനാണ് ഇരയാകുന്നത്. തൊഴിലുടമകളുടെ ഭീഷണിയും പണമില്ലായ്മയും കാരണം പലരും പ്രതികരിക്കാൻ പോലും കഴിയാതെ നീറുന്നു.

മഹാ (യഥാർഥ പേരല്ല) എന്ന സ്ത്രീയുടെ അനുഭവം ഇതിന് ഒരു ഉദാഹരണമാണ്. യുദ്ധത്തിന് മുൻപ് കൃഷിയിടത്തിൽ ജോലി ചെയ്ത് മക്കളെ നോക്കി അന്തസായി ജീവിച്ചിരുന്ന അവർ, സായുധ സേനയുടെ കസ്റ്റഡിയിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടാണ് ഈജിപ്തിലേക്ക് എത്തിയത്. എന്നാൽ ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടയിൽ അപകടത്തിൽ വിരലുകൾ നഷ്ടപ്പെട്ടതോടെ വരുമാനം നിലച്ചു. വാടക നൽകാൻ പണമില്ലാതെ വന്നപ്പോൾ തെരുവിൽ സ്വന്തം ശരീരം വിൽക്കാൻ അവർ നിർബന്ധിതയായി. “എന്റെ വാടക നൽകാൻ ഞാൻ ഇത് ചെയ്തേ തീരൂ. എന്റെ കുട്ടികൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഞാൻ ജീവനോടെയിരിക്കാൻ എനിക്ക് ഈ വഴിയേ ഉള്ളൂ,” അവർ കണ്ണീരോടെ പറയുന്നു.

ആരോഗ്യ പ്രതിസന്ധികളും നിയമപരമായ തടസ്സങ്ങളും

ഈ ചൂഷണങ്ങൾക്കിടയിൽ ഗർഭിണികളാകുന്ന സ്ത്രീകൾ മറ്റൊരു നരകയാതനയാണ് അനുഭവിക്കുന്നത്. ഈജിപ്തിൽ വിവാഹേതര ബന്ധത്തോടെ അല്ലാതെ ഉണ്ടാകുന്ന കുട്ടികൾക്ക് നിയമപരമായ അംഗീകാരം ലഭ്യമല്ലാത്തതും, ഗർഭച്ഛിദ്രം നിയമവിരുദ്ധമായതും ഇവരുടെ ജീവിതം കൂടുതൽ സങ്കീർണ്ണമാക്കുന്നു. പണമില്ലാത്തതിനാൽ പല സ്ത്രീകളും സുരക്ഷിതമല്ലാത്ത മാർഗങ്ങൾ തേടുകയും, ജീവൻ തന്നെ നഷ്ടപ്പെടുകയും ചെയ്യുന്ന ദാരുണമായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

തോക്കിൻമുനകളിൽ നിന്നും ബോംബ് വർഷങ്ങളിൽ നിന്നും ജീവനുംകൊണ്ട് ഓടിയെത്തിയ ഈ സ്ത്രീകൾക്ക് മുന്നിൽ, അഭയാർഥി ക്യാമ്പുകളിലെ പട്ടിണിയും ചൂഷണവും മറ്റൊരു യുദ്ധഭൂമിയായി മാറുകയാണ്. സ്വന്തം നാട്ടിലെ ക്രൂരതകളിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും, അഭയകേന്ദ്രങ്ങളിലെ ഈ ദുരിതജീവിതം ഇവരുടെ ഇനിയുള്ള കാലം കണ്ണീരിലാഴ്ത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.