സെപ്റ്റംബര്‍ 30: തീത്തോ 2: 6-10, ലൂക്കാ 11: 5-13

തീത്തോ 2: 6-10 : സത്പ്രവൃത്തികള്‍ക്കു മാതൃകയായിരിക്കുക

6 : നീ എല്ലാവിധത്തിലും സത്പ്രവൃത്തികള്‍ക്കു മാതൃകയായിരിക്കുക; നിന്റെ പ്രബോധനങ്ങളില്‍ സത്യസന്ധതയും ഗൗരവബോധവും,  

7 : ആരും കുറ്റം പറയാത്തവിധം നിര്‍ദോഷമായ സംസാരരീതിയും പ്രകടമാക്കുക.  

8 : അങ്ങനെയായാല്‍ എതിരാളികള്‍ നമ്മെപ്പറ്റി ഒരു കുറ്റവും പറയാന്‍ അവസരമില്ലാത്തതിനാല്‍ ലജ്ജിക്കും.  

9 : അടിമകളോട് യജമാനന്‍മാര്‍ക്കു കീഴ്‌പ്പെട്ടിരിക്കാനും എല്ലാകാര്യങ്ങളിലും അവരെപ്രീതിപ്പെടുത്താനും നിര്‍ദേശിക്കുക.  

10 : അവര്‍ എതിര്‍ത്തു സംസാരിക്കരുത്; ഒന്നും അപഹരിക്കുകയുമരുത്; എല്ലാകാര്യങ്ങളിലും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ പ്രബോധനങ്ങള്‍ക്കു ഭൂഷണമായിരിക്കത്തക്കവിധം പൂര്‍ണവും ആത്മാര്‍ഥവുമായ വിശ്വസ്തത പുലര്‍ത്തണം.  

ലൂക്കാ 11: 5-13 : പ്രാര്‍ഥനയുടെ ശക്തി

5 : അവന്‍ അവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്‌നേഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ധരാത്രി അവന്റെ അടുത്തുചെന്ന് അവന്‍ പറയുന്നു: സ്‌നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക.  

6 : ഒരു സ്‌നേഹിതന്‍യാത്രാ മധ്യേ എന്റെ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടുക്കാന്‍ എനിക്കൊന്നുമില്ല.  

7 : അപ്പോള്‍, അവന്റെ സ്‌നേഹിതന്‍ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെ കൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കുകയില്ല.  

8 : ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ സ്‌നേഹിതനാണ് എന്നതിന്റെ പേ രില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ത്തന്നെ നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല്‍കും.  

9 : ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും.  

10 : എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.  

11 : നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക?  

12 : മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക?  

13 : മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.