ഈശോയെ നേരിട്ട് കാണുമ്പോൾ അന്വേഷണങ്ങൾ അറിയിക്കണേ!

മരണമടഞ്ഞ ഫാ ആന്റണി നൈനാപറമ്പിലിനെക്കുറിച്ച് സുരേഷ് പത്തിൽ, സോഷ്യൽ മീഡിയയിൽ എഴുതിയ ഓർമ്മക്കുറിപ്പ്.

പള്ളിപ്പറമ്പിലെ സായാഹ്നങ്ങളിൽ വാശിയേറിയ കളിക്കളത്തിലാണ് ആ തീപ്പൊരിപ്പയ്യനെ ആദ്യം ശ്രദ്ധിച്ചത്. ഉശിരുള്ള കളിക്കാരൻ.

അത് പച്ചകളിയായാലും, കുട്ടീം കോലൊ, സാറ്റോ, വോളീബോളോ, ബാറ്റ്മിന്റണോ എന്തായാലും നിറഞ്ഞു കളിക്കുന്ന പൊക്കം കുറഞ്ഞു, ചുരുണ്ട മുടിയുള്ള ചൂടൻ ചേട്ടൻ.

അടി എപ്പോ വേണേലും വീഴുമെന്ന് തോന്നും അയാളുടെ ശരീര ഭാഷക്ക്. പാടവരമ്പും കടത്തു തോണികളുമൊക്കെ താണ്ടി ഒരു എഴെട്ടു കിലോമീറ്റർ നടന്നു പുളിങ്കുന്ന് സെന്റ് ജോസഫ്‌സിൽ പോയി പഠിച്ചു വന്ന ചേട്ടന്മാരുടെ ടീമിലെ പ്രധാനി.

നാട്ടുകാരുടെ മുഴുവൻ ആവുസെപ്പചാച്ചീടെയും തപാലാപ്പീസിലെ പോസ്റ്റ്‌ മിസ്ട്രെസ് കുഞ്ഞമ്മചേച്ചീടെയും മൂത്തമകൻ.

പ്രിയ സിബിച്ചന്റെയും മിനിമോളുടെയും സുനിമോളുടെയും ക്രിസ്റ്റീടെയും മാട്ടിച്ചന്റെയും പിന്നെ ഞങ്ങളുടെയൊക്കെ കുഞ്ഞുമോനാച്ചനുമായവൻ.

നിറഞ്ഞ സ്നേഹനിധി.

നൈനാപറമ്പിലെ ആ വീട്ടീന്ന് ഒഴുകിയത് മുഴുവൻ സ്നേഹമാണ്.

ഹോമിയോ ഡോക്ടർ ആയ സുന്ദരിച്ചേച്ചി മെയ്യമ്മ ഒരുനാൾ ഞങ്ങളെയൊക്കെ ഞെട്ടിച്ചു സന്യാസം തെരഞ്ഞെടുത്തതതും കുഞ്ഞു മാർട്ടിൻ ചേട്ടായീടെ വഴിയിൽ വൈദീകനായതും ആ സ്നേഹ പ്രവാഹത്തിൽ നിന്നാണ്.

ചെരുപ്പ് വാങ്ങാൻ വരുന്ന സാധാരണക്കാരായ നാട്ടുകാരോട് കാശുവാങ്ങാൻ നിർബന്ധം കാട്ടാത്ത ദയാലുവായ കച്ചവടക്കാരനായിരുന്ന അപ്പന്റെ മകനും അങ്ങനെത്തന്നെയായില്ലേലല്ലേ അത്ഭുതമുള്ളൂ?

കാണുമ്പോഴൊക്കെ ‘സുഖമല്ലേ മോനെ’ന്നു ചോദിക്കുന്ന ചേട്ടൻ സ്വർഗയാത്രയിൽ ആണെന്ന് വിശ്വസിക്കാനാവുന്നില്ല.

‘എന്റെ പട്ടം പാടിയത് നീയല്ലേ മോനെ, മറക്കാൻ പറ്റുമോന്നു’ ചോദിക്കാൻ ഇനി നൈനാച്ചനില്ല.

രണ്ടു മാസം മുൻപ് എന്റെ അവധിക്കാലത്തു ചേട്ടൻ ലാലിച്ചാച്ചനും സംഗീതുമൊത്തു കുഞ്ഞുമോനെ കാണാൻ പോയിരുന്നു. അമ്മഞ്ചേരിലെ പെങ്ങള്കുട്ടി സുനിയും ബേബിച്ചനും പൊന്നുപോലെ നോക്കിയ വീട്ടിൽ. ഇൻഫെക്ഷൻ റിസ്ക് ഉള്ളതു കൊണ്ട് ഒരു മട്ടുപ്പാവു ദർശനം.

മോളിൽ നിന്നും നിറഞ്ഞ ചിരി, തമാശകൾ.അച്ചാച്ചിയെ പോലുണ്ടല്ലോ ഇപ്പൊ കണ്ടാൽ’ എന്ന് പറഞ്ഞു പിരിഞ്ഞതാണ്.

പ്രിയ ചേട്ടായീ, വിട.

ഇത്രകാലം കയ്യിലെടുത്ത ഈശോയെ നേരിട്ട് കാണുമ്പോൾ അന്വേഷങ്ങൾ അറിയിക്കണേ!

സുരേഷ് പത്തിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.