ക്യാൻസർ രോഗികൾക്ക് ‘പച്ചയില്‍’ നിന്ന് ഒരു പച്ചക്കൊടി

ചങ്ങനാശ്ശേരി- എടത്വാ- പച്ച ചെക്കടിക്കാട് ലൂർദ് മാതാ ഇടവകയിലെ മൂന്നു യുവദീപ്തി അംഗങ്ങളുടെ പ്രവർത്തികൾ ഒരു നാടിനെ വേറിട്ട പാതയിൽ ചിന്തിക്കുവാൻ പ്രേരിപ്പിക്കുകയാണ് ഇന്ന്. ചെക്കടിക്കാട് യുവദീപ്തിയിലെ ജൂബി, സുമി, അലീന എന്നീ മൂന്ന് പെൺകുട്ടികൾ തങ്ങളുടെ മുടി ക്യാൻസർ രോഗികൾക്കായി ദാനം ചെയ്തു  കൊണ്ടാണ് സേവനത്തിന്റെ വ്യത്യസ്ത മാർഗ്ഗം തെളിച്ചത്. ഈ പെൺകുട്ടികളുടെ മാതൃക ഇന്ന്  ഇടവകയിലെ ധാരാളം ആളുകൾക്ക് പ്രചോദനം ആവുകയാണ്.

മുടി ദാനം ചെയ്യാൻ പ്രചോദനം  

ക്യാൻസർ രോഗികൾക്കായി മുടി നൽകുന്ന നിരവധി പരിപാടികൾ കേരളത്തിൽ ഉടനീളം ശ്രദ്ദേയമായിട്ടു അധികം നാൾ ആയിട്ടില്ല. ക്യാൻസർ രോഗികൾക്കായി വിഗ് നിർമ്മിക്കുന്നതിന് മുടിനൽകുന്നതിനായി ധാരാളം ആളുകൾ മുന്നോട്ട് വന്നിരുന്നു. പത്രമാധ്യമങ്ങളിൽ അത് വൻ വാർത്ത സൃഷ്ടിച്ചിരുന്നു. സെന്റ് . തെരേസാസ് വാഴപ്പള്ളി ടീച്ചേഴ്സ് ട്രെയിനിങ് സ്‌കൂളിൽ ബി.എഡ് വിദ്യാർത്ഥിയായിരുന്ന ജൂബി മുടി ദാനം ചെയ്യുന്നതിനെ കുറിച്ച് അറിയുന്നത് തന്റെ കൂട്ടുകാരിൽ നിന്നുമാണ്. കേട്ടപ്പോഴേ തന്റെ മുടിയും പാവപ്പെട്ട ക്യാൻസർ രോഗികള്‍ക്കായി നൽകണം എന്ന്‌ തീരുമാനിച്ചു. എന്നാൽ ദാനം ചെയ്യാന്‍ ആവശ്യമായ മുടി ഇല്ലാതിരുന്നതിനാല്‍ ജൂബി തന്റെ ആഗ്രഹത്തിനായി കാത്തിരുന്നു.  ദാനം ചെയ്യാൻ ആവശ്യം ഉള്ള അത്രേം മുടി വളരുന്നതിനായുള്ള ആ കാത്തിരിപ്പ് ഒരു വർഷം നീണ്ടു.

സേവനത്തിന്റെ സന്ദേശവുമായി കൂട്ടുകാരിലേയ്ക്ക് 

മുടി നൽകുക എന്നത് വളരെ ചെറിയ ഒരു കാര്യം ആണെങ്കിലും അതിൽ ഒരു നന്മയുണ്ടെന്നു പച്ച ചെക്കടിക്കാട് ലൂർദ് മാതാ പള്ളിയിലെ യുവദീപ്തിയിലെ അംഗം ആയ ജൂബിക്ക് മനസിലായി. അവള്‍ അടുത്ത യുവദീപ്തി മീറ്റിങ്ങില്‍ താന്‍ എടുത്ത തീരുമാനം അറിയിക്കുകയും താല്പര്യം ഉള്ളവരെ ക്ഷണിക്കുകയും ചെയ്തു. തുടക്കത്തില്‍ നിരവധി പേര്‍ മുടി നല്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും മുടി ദാനം ചെയ്യുന്നതിന് ആവശ്യമായ നീളം ഇല്ലാഞ്ഞതിനാല്‍ പലര്‍ക്കും അതിനു  കഴിഞ്ഞില്ല. അവര്‍ക്കിടയില്‍ നിന്നും മുന്നോട്ട് വന്ന രണ്ടുപേരായിരുന്നു സുമിയും അലീനയും. സുമി എടത്വ കോളെജിലെയും അലീന അസംഷന്‍ കോളെജിലെയും ഡിഗ്രി വിദ്യാര്‍ഥികള്‍ ആണ്. അങ്ങനെ ജൂബിയുടെ നന്മ നിറഞ്ഞ പ്രചോദനത്തിലൂടെ രണ്ടു പേര്‍ കൂടി ഒത്തുചേര്‍ന്നു.

“നമ്മുടെ തലമുടി ഒരല്‍പം പോഴിഞ്ഞാല്‍ തന്നെ നമുക്ക് സങ്കടം ആണ്. പിന്നെ അതിന്റെ പേരില്‍ ആശങ്കയാകും. മുടിപോഴിച്ചില്‍ ഇല്ലാതാക്കുവാനുള്ള വഴികളാവും പിന്നീട് ആലോചിക്കുക. ക്യാന്‍സര്‍ ബാധിതരായവരുടെ കാര്യത്തില്‍ വലിയൊരു ചികിത്സയുടെ ഭാഗമായി അവര്‍ക്ക് മുടി നഷ്ടപ്പെടുന്നു. അങ്ങനെയുള്ളവരെ സഹായിക്കുമ്പോള്‍ അതു അവര്‍ക്ക് ഒരു പുതിയ ജീവന്‍ നല്‍കുന്നതിന് തുല്യമാണ്” രൂപതയിലെ നോമിനേറ്റഡ് സെനറ്റ് മെമ്പർ കൂടിയായ ജോബിയുടെ വാക്കുകളിൽ ചെയ്യുന്ന കാര്യം  ചെറുതാണ് എങ്കിലും അതിലൂടെ സാധുക്കളായവരെ സഹായിക്കാൻ കഴിയും എന്ന വിശ്വാസമുണ്ട്. അങ്ങനെ യുവദീപ്തിയുടെ ഭാഗമായി ഈ മൂന്നു പെൺകുട്ടികൾ തങ്ങളുടെ മുടി ക്യാൻസർ രോഗികൾക്കായി ദാനം ചെയ്തു.

ഇടവകയുടെ പ്രചോദനം

ഈ പെൺകുട്ടികളിൽ നിന്നും ഉണ്ടായ സുമനസിനെ കാണാതിരിക്കുവാൻ ചെക്കടിക്കാട് ഇടവകയ്ക്ക് കഴിഞ്ഞില്ല. ഇടവകയിലേക്കു നന്മയുടെ പുതിയ മാർഗം തുറന്നിട്ട പെൺകുട്ടികൾക്ക് അഭിനന്ദനങ്ങളുമായി ഇടവക യുവദീപ്തി മുന്നോട്ടു വന്നു. ഈ അഭിനന്ദനങ്ങളിലൂടെ ഇവർ ചെയ്ത പ്രവർത്തിയിൽ നന്മ തിരിച്ചറിഞ്ഞ മുതിർന്ന സ്ത്രീകളും മുടിനൽകുന്നതിനായി താല്പര്യം ഉണ്ട് എന്ന്‌ അറിയിച്ചിരിക്കുകയാണ് എന്ന്‌ അസി. വികാരി ഫാ. ജിബിൻ കീഴപ്ലാക്കൽ അറിയിച്ചു. കൂടാതെ തങ്ങളുടെ ഇടവകയിലെ കുട്ടികളിൽ നിന്നുണ്ടായ ഇത്തരം പ്രചോദനപരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ വൈദികരും സന്യസ്തരും മാതാപിതാക്കളും സദാ സമയം രംഗത്തുണ്ട്.

ചെക്കടിക്കാട് യുവദീപ്തിയുടെ പ്രവർത്തനങ്ങൾ 

വളരെ ചെറിയ ഒരു യൂണിറ്റാണെങ്കിലും സാമൂഹികമായ പ്രവർത്തികൾ ചെയ്യുന്നതിൽ എന്നും മുൻപന്തിയിലാണ് ഇവിടുത്തെ യുവജനങ്ങൾ. നാടിനു ശാപമായിക്കൊണ്ടിരുന്ന കഞ്ചാവിന്റെ സാന്നിധ്യം തങ്ങളുടെ നാട്ടിൽ നിന്നും കുടിയിറക്കുന്നതിനായി ഇവർ നടത്തിയ പോരാട്ടം ശ്രദ്ദേയമായിരുന്നു. കൂടാതെ തങ്ങളുടെ ഏതു ആഘോഷങ്ങളിലും വേദനിക്കുന്നവരെയും ആരോരുമില്ലാത്തവരുടെയും സന്തോഷങ്ങൾക്കു ഒപ്പമായിരിക്കണം എന്നും ഇവർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ അമ്മമാരേ നോക്കുന്ന സ്നേഹ ഭവനിലാണ് മിക്ക ആഘോഷവേളകളിലും ഇവർ ആയിരിക്കുന്നത്. കൂടാതെ ക്രിസ്മസിനോട് അനുബന്ധിച്ചു വസ്ത്രങ്ങൾ ശേഖരിച്ചു പാവങ്ങൾക്കു നൽകുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഇവർ.

നിരവധി പ്രവർത്തനങ്ങളുമായി പാവപ്പെട്ടവനും സാധാരണക്കാരനും ഒപ്പം ആയിരുന്നു കൊണ്ട് സദാസമയം മറ്റുള്ളവർക്കായി നന്മ ചെയ്തുകൊണ്ട് സഞ്ചരിച്ച ഈശോയുടെ പിൻഗാമികളായി മാറുകയാണ് ഈ യുവജനങ്ങൾ. പ്രവൃത്തികൾ എത്ര ചെറുതാണെങ്കിലും അതിലെ നന്മ കണ്ടെത്തി സേവനത്തിന്റെ പാതയിൽ ആയിരിക്കുന്ന ഈ യുവജനങ്ങൾക്കുള്ളിൽ ഊർജ്ജസ്വലത ഒരിക്കലും അണഞ്ഞു പോകാതിരിക്കട്ടെ.

മരിയ ജോസ്   

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.