XMAS OR CHRISTMAS?

ബിബിൻ മഠത്തിൽ

ബിബിൻ മഠത്തിൽ

ക്രിസ്തുമസ് അടുത്തതോടുകൂടി കഴിഞ്ഞ വർഷങ്ങളിലെപ്പോലെ തന്നെ ഈ വർഷവും Xmas എന്ന പദം ക്രിസ്തുമസിനു പകരം ഉപയോഗിക്കരുത് എന്ന സന്ദേശങ്ങൾ എല്ലായിടത്തും പരക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥ എന്താണു?

Christmas (ക്രിസ്തുമസ്/ ക്രിസ്മസ്) എന്നത് Christ’s mass എന്നതിന്റെ ചുരുക്കെഴുത്താണു. ക്രിസ്തു (Christ) എന്നതിന് ഗ്രീക്കിൽ ക്രിസ്തോസ് (Χριστός) എന്നാണു പറയുന്നത്. Mass എന്നത് ലാറ്റിനിലെ മിസ്സ എന്ന പദത്തിന്റെ ഇംഗ്ലീഷ് വിവർത്തനം ആണു. കുർബാന എന്നാണു ഇതിന്റെ അർത്ഥം. അങ്ങനെ നോക്കിയാൽ ക്രിസ്തുമസ് എന്നതു ‘മിശിഹായുടെ കുർബാന’ ആണു. Xmas എന്നത് എഴുത്ത് മാധ്യമങ്ങളിൽ Christmas എന്നതിനെ ചുരുക്കിയെഴുതുന്നതാണു. ഇതിലെ Χ എന്നത് ഗ്രീക്കിലെ ഖി (Χ) എന്ന അക്ഷരം ആണു. ഗ്രീക്കിലെ ഈ ഖി (Χ) ക്രിസ്തുവിനെ സൂചിപ്പിക്കാനായി പൊതുവിൽ ഉപയോഗിച്ചിരുന്നു. ചില അവസരങ്ങളിൽ ക്രിസ്തോസ് (Χριστός) എന്ന പദത്തിന്റെ ആദ്യ രണ്ട് അക്ഷരങ്ങൾ ക്രിസ്തുവിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. അങ്ങനെ ഖി(Χ)യും റൊ(ρ)യും കൂടി ഉപയോഗിച്ചിരുന്ന ഒരു പ്രതീകം ആണു ☧ എന്നത്. ക്രിസ്തുവിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ ചിഹ്നം നമ്മിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാവും.

Xmas എന്നത് ചിലപ്പോൾ എക്സ്മസ് എന്നു ഉച്ചരിച്ചു കേട്ടിട്ടുണ്ട്. എന്നാൽ ഇതു തെറ്റാണു. കാരണം X എന്നത് ക്രിസ്തു (Christ) എന്ന പദം ചുരുക്കിയെഴുതാൻ ഉപയോഗിച്ചിരുന്നതാണു. ഇതു സംസാരഭാഷ ആയിരുന്നില്ല. അതിനാൽ തന്നെ Xmas എന്നു എഴുതിയാലും ഉച്ചരിക്കേണ്ടത് ക്രിസ്മസ് എന്നു തന്നെ ആയിരിക്കണം. Xmas പോലെ തന്നെ ചുരുക്കിയെഴുതിയിരുന്ന രണ്ട് പദങ്ങൾ ആണു Xian/Xtian ഉം Xtianity ഉം. ഈ രണ്ടു പദങ്ങളും നാം ഉച്ചരിക്കുന്നത് ക്രിസ്റ്റ്യൻ എന്നും ക്രിസ്റ്റ്യാനിറ്റി എന്നുമാണു.

അതിനാൽ Xmas എന്നത് ക്രിസ്മസ് ആഘോഷങ്ങളിൽ നിന്നു ക്രിസ്തുവിനെ മാറ്റിനിർത്താനുള്ള പൈശചികതന്ത്രം ആണു എന്ന രീതിയിലുള്ള പ്രചരണങ്ങൾ തെറ്റാണു എന്നു പറയാതെ വയ്യ. കാരണം Xmas ലെ X എന്നത് ഗണിതശാസ്ത്രത്തിലെ X (UNKNOWN) അല്ല. അതു ഗ്രീക്കിലെ ഖി ആണു. ഗ്രീക്കിൽ ഈ ഖി ആണു ക്രിസ്തു എന്ന പദത്തിന്റെ ആദ്യാക്ഷരം.

എന്നാൽ ഇന്നു മോഡേൺ ഇംഗ്ലീഷിൽ Xmas എന്ന പദം പൊതുവിൽ ഉപയോഗിക്കാറില്ല. പുതിയ ഇംഗ്ലീഷ് ശൈലിയിൽ Xmas എന്നത് തികച്ചും അനൌപചാരികമായ (ചിലപ്പോൾ അധിക്ഷേപാർഹവുമായ) ഒരു പദം ആണു. പ്രിന്റിംഗ് ചിലവു കുറയുകയും ഇലക്ട്രോണിക്ക് എഴുത്തുകൾ സാധാരണമാവുകയും ചെയ്ത ഇക്കാലത്ത് ഇതുപോലെ പല ചുരുക്കെഴുത്തുകളും അപ്രസക്തമാവുന്നുണ്ട്. മുമ്പൊക്കെ മലയാളത്തിൽ ഒരു കത്ത് തുടങ്ങുന്നത് ‘ബഹു.’ എന്ന പദത്തിൽ ആയിരുന്നു. എന്നാൽ ഇന്നു എല്ലാവരും തന്നെ ‘ബഹുമാനപ്പെട്ട’ എന്നു മുഴുവനായി എഴുതാറുണ്ട്. ഇതേപൊലെ തന്നെ Xmas എന്ന പദത്തേക്കാളും Christmas എന്നു എഴുതുന്നത് തന്നെയാണു ഇന്നു ഉചിതം. പക്ഷെ അതു Xmas എന്നതു സാത്താന്റെ കുതന്ത്രം ആയതുകൊണ്ടല്ല. മറിച്ച് Christmas എന്നു മുഴുവനായി എഴുതാൻ നമുക്ക് ഇന്നു വലിയ ബുദ്ധിമുട്ടില്ല എന്നതുകൊണ്ടും Xmas എന്നു എഴുതുന്നതുകൊണ്ട് മുറിപ്പെടുന്ന സഹോദരങ്ങളുടോള്ള സ്നേഹത്തെപ്രതിയും ആവണം.

ഓർക്കുക, ഒരിക്കൽ ക്രിസ്തുവിനെ വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്ന X (ഖി) എന്ന അക്ഷരത്തെ ശത്രുവിനു തീറെഴുതികൊടുക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.