യുവജന സിനഡിനായുള്ള വര്‍ക്കിംഗ് ഡോക്യുമെന്റ് അംഗീകരിച്ചു 

രണ്ടു ദിവസത്തെ മീറ്റിംഗിനു ശേഷം യുവജന സിനഡിനായുള്ള വര്‍ക്കിംഗ് ഡോക്യുമെന്റിനു വത്തിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കി. ഒക്ടോബറില്‍ നടക്കുന്ന സമ്മേളനത്തില്‍  യുവജനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖയായി നല്‍കുന്നത് ഈ ബുക്ക് ആയിരിക്കും. മേയ് 7-8 തീയതികളില്‍ നടന്ന യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പാ അധ്യക്ഷത വഹിക്കുകയും പുസ്തകത്തിന് അന്തിമ അനുമതി നല്‍കുകയും ചെയ്തു.

അഞ്ച് സ്രോതസ്സുകളില്‍ നിന്നുള്ള ആശയങ്ങളുടെയും ചിന്തകളുടെയും ഒരു സമാഹാരമാണ് ഈ ബുക്ക്. യുവജനങ്ങള്‍ക്കായി തയ്യാറാക്കിയ ഓണ്‍ലൈന്‍ ചോദ്യാവലിയുടെയും ബിഷപ്സ് കോണ്‍ഫറന്‍സില്‍ അയച്ച ചോദ്യാവലിയുടെയും, റോമില്‍ കഴിഞ്ഞ വര്‍ഷം നടന്ന യുവജനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അന്താരാഷ്ട്ര സെമിനാറിന്റെയും, മാര്‍ച്ചില്‍ നടന്ന പ്രീ സിനഡ് മീറ്റിന്റെയും, വ്യക്തികളില്‍ നിന്നും സംഘങ്ങളില്‍ നിന്നുമായി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

പല ഭാഗങ്ങളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ പുസ്തക രൂപത്തില്‍ തയ്യാറാക്കുകയും അതിനു കൗണ്‍സില്‍ അംഗങ്ങള്‍ അംഗീകാരം നല്‍കുകയുമായിരുന്നു. ‘ആശയങ്ങളുടെ അത്ഭുതാവഹമായ കൈമാറ്റം’ എന്നാണ് ഈ പുസ്തകത്തെ കൗണ്‍സില്‍ അംഗങ്ങള്‍ വിശേഷിപ്പിച്ചത്. മീറ്റിംഗ് പാപ്പായുടെ ആശീര്‍വാദത്തോടെ അവസാനിച്ചു. സംഭാവനകള്‍ നല്‍കിയവര്‍ക്കും സമ്മേളനത്തില്‍ ഐക്യം നിലനിര്‍ത്തുവാന്‍ സഹായിച്ച പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിനും പാപ്പാ നന്ദി പറഞ്ഞു.

മുന്‍പ് ഒരു ഡോക്യുമെന്റ് തയ്യാറാക്കിയിരുന്നുവെങ്കിലും അവസാനത്തെ ഡോക്യുമെന്റ് തയ്യാറാക്കിയത് പ്രീ സിനഡില്‍ പങ്കെടുത്ത യുവജനങ്ങള്‍ ആണ്. വിവാദപരമായ വിഷയങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അത് എങ്ങനെ കൂടുതല്‍ ആധികാരികവും, ആധുനികവും കൂടുതല്‍ സര്‍ഗ്ഗാത്മകവുമായ രീതിയില്‍ ആയിരിക്കണം എന്ന് അവര്‍ പ്രീ സിനഡ് മീറ്റിംഗില്‍ സഭയോട് ആരാഞ്ഞിരുന്നു. അതിന്റെ വെളിച്ചത്തില്‍ കൂടിയാണ് വര്‍ക്കിംഗ് ഡോക്യുമെന്റ് തയ്യാറാക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.