മധുരം വചനം – നവംബർ 02: പ്രായോഗികനിരീശ്വരത്വം

ഫാ. അജോ രാമച്ചനാട്ട്

“എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്‍മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ  ഉറവയായ എന്നെ അവര്‍ ഉപേക്‌ഷിച്ചു; ജലം സൂക്‌ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്‌തു.”
(ജറെമിയാ 2 : 13)

പ്രായോഗികനിരീശ്വരത്വം

അതങ്ങനെയാണല്ലോ, ഒന്ന് നേരെ നിൽക്കാറാകുമ്പോൾ മനുഷ്യർ വന്ന വഴികളെ മറന്നുതുടങ്ങും; ദൈവത്തെയും !
തമ്പുരാന്റെ ഒന്നാമത്തെ സങ്കടം അതുതന്നെയാണ്.

രണ്ടാമത്തേത് ദൈവത്തെക്കാളധികം മറ്റാരൊക്കെയോ, എന്തൊക്കെയോ നമുക്ക് പ്രിയപ്പെട്ടതായി എന്നതും !

പരീക്ഷയും പനിയും മഴയും പ്രളയവും ക്യാൻസറും വന്നാലേ ദൈവത്തെ ഓർക്കേണ്ടതുള്ളൂ എന്ന നിലയിലേക്ക് നമ്മുടെ മാനസികാവസ്ഥകൾ എത്തിയിട്ടുണ്ട്..
വടവാതൂർ സെമിനാരിയിലെ പ്രൊഫസ്സർ ആയിരുന്ന ഒരു വൈദികൻ ഇടയ്ക്ക് ഓർമപ്പെടുത്തുമായിരുന്നു, “We are theoretically Christians, but practically Atheists..!”

മഴയും, തണുപ്പും, ടിവി സീരിയലുമൊക്കെ നമ്മുടെ കുടുംബപ്രാർത്ഥനകൾ മുടക്കുമ്പോഴും..
ദൂരയാത്രയും ആഘോഷങ്ങളുമൊക്കെ എന്റെ ദിവ്യബലികൾ മുടക്കുമ്പോഴും..
നോമ്പിലും വെള്ളിയാഴ്ചകളിലുമൊക്കെ നോൺവെജിന്റെ മുൻപിൽ തോറ്റുപോകുമ്പോഴും..
ചില രുചികൾക്കുമുൻപിൽ ഞാൻ ആരെന്ന് മറന്നുപോകുമ്പോഴും..

ദൈവമേ ഞാനും practically…. ??

നല്ല ദിവസം സ്നേഹപൂർവ്വം..

ഫാ. അജോ രാമച്ചനാട്ട്