സ്പാനിഷ് ഫ്ലൂവിന്റെ നേരത്തും ലോകത്തിനു കാവലാളായി മാറിയ സന്യാസിനികൾ

ഇന്ന് കൊറോണ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസ്സിൽ ഒരു മരണ ഭയം ആണ്. എന്നാൽ ഇതിനേക്കാൾ ഭീകരമായ അവസ്ഥയായിരുന്നു 1918 ൽ ലോകം നേരിട്ടത്. 50 മില്യണ്‍ ജീവനുകളെ അറുത്തെടുത്ത് സ്പാനിഷ് ഫ്ലൂ എന്ന പകർച്ചവ്യാധി ലോകത്തിൽ ഭീകര താണ്ഡവമാടിയ ദിനങ്ങൾ. ലോകത്തിന്റെ ചരിത്രത്തിൽ തന്നെ ഇരുൾ വീഴ്ത്തിയ വർഷങ്ങൾ. മരുന്നില്ല, ചികിത്സാ വിധികളില്ല… ലോകം മരവിച്ചു നിന്ന നിമിഷങ്ങൾ. ഈ സാഹചര്യത്തിൽ ആശ്വാസം പകരാനായി ലോക രാഷ്ട്രങ്ങൾ സഹായം തേടിയത് നിരീശ്വരവാദികളോടല്ല, വിമർശകരോടല്ല, രാഷ്ട്രീയക്കാരോടല്ല മറിച്ച് സന്യാസിനികളോടാണ്.

1918 – ൽ ആണ് സ്പാനിഷ് ഫ്ലൂ എന്ന പകർച്ചവ്യാധി ലോകത്തിൽ  വ്യാപിച്ചത്. പ്രത്യേക ചികിത്സാ രീതികളോ മരുന്നുകളോ വാക്സിനുകളോ ഇല്ലാത്തതിനാൽ എങ്ങനെ ചികിൽസിക്കണം എന്നറിയാതെ വൈദ്യരംഗം പോലും ഒരു നിമിഷം പകച്ചു നിന്നു. ജനലക്ഷങ്ങൾ മരിച്ചു വീഴുന്നത് നിസഹായരായി നോക്കി നിൽക്കാൻ മാത്രമേ അവർക്കും കഴിഞ്ഞുള്ളു. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. ഇന്നത്തെ പോലെ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തന്നെ നൽകാൻ കഴിയുന്ന ചികിത്സകൾ പോലും ശരിയായ രീതിയിൽ നൽകുവാൻ കഴിയാത്ത അവസ്ഥ.

അണുബാധകൾ വര്‍ദ്ധിച്ചതോടെ ലോകരാജ്യങ്ങൾ അവരവരുടെ രാജ്യങ്ങളിലുള്ള സന്യാസിനിമാരുടെ സഹായം തേടി. ബ്രോങ്ക്സിലെ മൗണ്ട് സെന്റ് വിൻസെന്റ് കോൺവെന്റിൽ നിന്നുള്ള സിസ്റ്റർ മാർഗരറ്റ് ഡൊനെഗൻ തന്റെ പതിനാലു സഹസിസ്റ്റർമാര്‍ക്കൊപ്പം കർമ്മപഥത്തിലേക്കിറങ്ങി. പെൻസിൽവേനിയയിലെ ഷാമോകിൻ എന്ന ഖനന മേഖലയിലേയ്ക്ക് ഇവർ ശുശ്രൂഷയ്ക്കായി യാത്ര ചെയ്തു. സ്പാനിഷ് ഫ്ലൂ അവിടെയുള്ള ചെറിയ സമൂഹത്തെ വിഴുങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഈ അവസ്ഥയിൽ ആണ് സന്യാസിനിമാർ അവിടേയ്ക്കു ചെല്ലുന്നത്. അവിടെ കണ്ട കാഴ്ചകൾ വിവരിക്കാൻ കഴിയാത്ത വിധത്തിൽ ഭീകരമായിരുന്നു എന്ന് സി. മാർഗ്ഗരറ്റും കൂടെയുള്ളവരും വെളിപ്പെടുത്തി. “ഊഹിക്കുവാൻ കഴിയുന്നതിനേക്കാൾ ഭീകരമായ അവസ്ഥ. വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റില്ല.” സിസ്റ്റർ സുപ്പീരിയറിനു എഴുതിയ കത്തിൽ വെളിപ്പെടുത്തുന്നു.

അവർ വിശ്വാസത്തിന്റെ സ്ത്രീകൾ ആയിരുന്നു. അവർ അവിടുത്തെ ജനത്തെ തങ്ങളാൽ കഴിയും വിധത്തിൽ ഒക്കെ സഹായിച്ചു. വീടുകൾ സന്ദർശിച്ചു. അവർക്കു പറയാനുള്ളത് കേട്ടു. സങ്കടവും സന്തോഷവും അവിടുത്തുകാർ ഈ സന്യാസിനികളോട് പങ്കുവയ്ച്ചു. പല അമ്മമാരും കരഞ്ഞു നിലവിളിക്കുന്നത് കണ്ടു. അവർക്കു ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ. മക്കൾക്കായി ജീവിക്കുവാൻ ഈ രോഗത്തിൽ നിന്നും തങ്ങളെ മോചിപ്പിക്കണമേ എന്നുള്ള ഒരേ ഒരു പ്രാർത്ഥന. ഉള്ളുലയ്ക്കുന്ന കാഴ്ചകളായിരുന്നു അത്. അവർക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കുവാൻ അവരെ ആശ്വസിപ്പിക്കുവാൻ ഈ സന്യാസിനികൾ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. ഒരു സ്ഥലത്തെ മാത്രം സന്യാസിയുടെ ജീവിതമല്ല ഇത്. അനേകം രാജ്യങ്ങളിൽ സന്യാസിനിമാർ തങ്ങളുടെ ജീവൻ പോലും അപകടപ്പെടുത്തി ശുശ്രൂഷകൾക്കിറങ്ങി. വൈദ്യരംഗം അജ്ഞാതമെങ്കിലും പലരും നഴ്സുമാരായി.

പലയിടത്തും താത്കാലികമായ ആശുപത്രികൾ കെട്ടി. രോഗികളായവർക്കു കഴിയുന്ന ചികിത്സകൾ ഒക്കെ നൽകുവാൻ ശ്രമിച്ചു. രോഗികളുമായുള്ള നിരന്തര സഹവാസം പല സിസ്റ്റേഴ്‌സിനെയും രോഗബാധിതരാക്കി. ഫിലാഡൽഫിയയിൽ 2000 ത്തോളം സന്യാസിനിമാരാണ് സ്പാനിഷ് ഫ്ലൂവിനെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേർന്നത്. ഇതിൽ ഇരുപത്തി മൂന്നോളം സന്യാസിനിമാർ രോഗം ബാധിച്ചു മരണമടഞ്ഞു. വൈദികർ മരണമടഞ്ഞവർക്കായി വലിയ സെമിത്തേരികൾ തീർത്തു. അവർ വാഹനങ്ങളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഉണ്ടെങ്കിൽ പുറത്തേയ്‌ക്കെത്തിക്കുവാൻ വിളിച്ചു പറഞ്ഞു കൊണ്ട് നടന്നു. മൃതദേഹങ്ങൾ ഭയം കൂടാതെ പ്രാർത്ഥനാപൂർവ്വം സംസ്കരിച്ചു. ഒന്നും രണ്ടും അല്ല നൂറുകണക്കിന് മൃതദേഹങ്ങൾ!

നാളുകൾക്കിപ്പുറവും ആ മാതൃക നിലനിൽക്കുന്നു. എന്നാൽ പലരും അത് തിരിച്ചറിയുന്നില്ല. വൈദികരെയും സന്യസ്തരെയും കുറ്റപ്പെടുത്തിയും ചീത്ത പറഞ്ഞും ചിലരൊക്കെ സായൂജ്യമടയുകയാണ്. എന്നാൽ നാളെ ഒരു പ്രശ്നം വരുമ്പോൾ മടിയില്ലാതെ ഓടിയെത്താൻ ഈ സമർപ്പിതരും വൈദികരും മാത്രമേ ഒരുപക്ഷേ കാണുകയുള്ളു എന്ന് ഇവർ തിരിച്ചറിയുന്നില്ല. പലരും ചോദിക്കുന്നു വൈദികരെവിടെ? ദൈവം എവിടെ? ധ്യാനഗുരുക്കന്മാര്‍ എവിടെ?

എവിടെ, എവിടെ എന്ന് ചോദിക്കുന്നതല്ലാതെ ഇവരൊക്കെ എന്ത് ചെയ്യുന്നു എന്ന് പലരും തിരക്കാറില്ല. തിരക്കിയാൽ കണ്ടെത്താം രോഗബാധിതർക്കായി ശുശ്രൂഷ ചെയ്തു മരണമടഞ്ഞ അനേകം വൈദികരുടെ ശവകുടീരങ്ങളെ, രോഗബാധിതരായി കഴിയുന്ന വൈദികരെയും സന്യസ്തരെയും, രോഗബാധിതർക്കായി അവശ്യ സാധനങ്ങൾ എത്തിക്കുന്ന സമർപ്പിതരെ, അവർക്കായി ഭക്ഷണം എത്തിക്കുവാൻ പാചകം ചെയ്യുന്ന അടുക്കളകളിൽ ആയിരിക്കുന്ന വൈദികരെ, ആശുപത്രികളും സ്ഥാപങ്ങളും വിട്ടുകൊടുത്ത് ജനത്തിന്റെ ക്ഷേമം മാത്രം ലക്‌ഷ്യം വയ്ക്കുന്ന സഭാ സമൂഹത്തെ… ഒടുവിൽ ഏകനായിരിക്കുന്ന യാമങ്ങളിൽ അൾത്താരയ്ക്കുമുന്നിൽ തന്റെ ദൈവജനത്തെ ഓർത്തു കണ്ണീർ വാർക്കുന്ന വൈദികരെയും സന്യസ്തരെയും കാണാം. ഇനിയുമെങ്കിലും ലോകം മനസിലാക്കുമോ ഈ നന്മ മരങ്ങളെ.