എന്തിനാണ് മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്

മരിച്ചുപോയ വ്യക്തിയുടെ മൃതസംസ്‌കാര ശുശ്രൂഷയുടെ ആദ്യാവസാനം കുടുംബാംഗങ്ങള്‍ പറയുന്നത്, “സഹോദരാ, യാത്ര പുറപ്പെട്ടുകൊള്ളൂ. ഞങ്ങള്‍ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായിരിക്കും” എന്നാണ്. ഈ വാഗ്ദാനത്തോടെയാണ് നാം മരിച്ചവരെ യാത്രയാക്കുന്നത്. എന്തിനാണ് മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് എന്നതിന് വിശുദ്ധ ഗ്രന്ഥം നമുക്ക് വ്യക്തമായ ഉത്തരം നല്‍കുന്നുമുണ്ട്.

വി. മത്തായിയുടെ സുവിശേഷം 5:25-26 -ല്‍ പറയുന്നു: “നീ പ്രതിയോഗിയോട് വഴിയില്‍ വച്ചു തന്നെ രമ്യതപ്പെട്ടു കൊള്‍ക. അല്ലെങ്കില്‍, പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ സേവകനും ഏല്‍പ്പിച്ചുകൊടുക്കും. അങ്ങനെ നീ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെ നിന്ന് പുറത്തു വരികയില്ല.” ചില്ലിക്കാശ് കൊടുത്ത് വീട്ടിക്കഴിയുമ്പോള്‍ പുറത്തു വരാന്‍ സാധിക്കുന്ന ഒരു സ്ഥലം ശുദ്ധീകരണസ്ഥലമാണ്.

2 മക്ക. 12:45 -ല്‍ പറയുന്നു: “അതുകൊണ്ട് മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിനു വേണ്ടി അവന്‍ പാപപരിഹാരവും അനുഷ്ഠിച്ചു” എന്ന്. 44-ാം വചനം ഇപ്രകാരം പറയുന്നു: “മരിച്ചവര്‍ ഉയിര്‍ക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു.” ദൈവത്തെ അഭിമുഖമായി ദര്‍ശിക്കുന്നതിനു മുമ്പായി ഒരു ആത്മാവ് എല്ലാ പാപാവസ്ഥയില്‍ നിന്നും വിശുദ്ധീകരിക്കപ്പെടേണ്ടത് ആവശ്യമാണ്. ആ അവസ്ഥയാണ് ശുദ്ധീകരണസ്ഥലം.

പരിശുദ്ധ അമ്മ ഫാത്തിമയില്‍ മൂന്ന് കുട്ടികള്‍ക്കു പ്രത്യക്ഷപ്പെട്ട് നരകം കാണിച്ചുകൊടുത്ത് അവരെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്, “ഓ, എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ, എല്ലാ ആത്മാക്കളേയും വിശിഷ്യാ അങ്ങയുടെ കാരുണ്യം ആവശ്യമായിരിക്കുന്നവരെയും സ്വര്‍ഗത്തിലേക്ക് ആനയിക്കണമേ” എന്നത്.

യോഹ. 5:16 -ല്‍ പഠിപ്പിക്കുന്നു: “മരണാര്‍ഹമല്ലാത്ത പാപം ചെയ്ത ഒരു വ്യക്തിക്ക് പ്രാര്‍ത്ഥന വളരെയേറെ ആശ്വാസം പകരും” എന്ന്. മരിച്ചുപോയവരെ ദൈവത്തിന്റെ കരുണക്കു മുമ്പില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം തന്റെ അനന്ത കരുണയാല്‍ അവരോട് ഔദാര്യം കാണിക്കും. അതുകൊണ്ട് മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി നിരന്തരം ദൈവതിരുമുമ്പില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.