നോമ്പിനെ വിജയകരമാക്കാന്‍ ഫ്രാന്‍സിസ് പാപ്പാ നല്‍കുന്ന 10 നിര്‍ദ്ദേശങ്ങള്‍ 

വലിയ നോമ്പ് ആരംഭിക്കുകയാണ്. നോമ്പ് എങ്ങനെ ആചരിക്കണം എന്നതിനെ കുറിച്ച് ആലോചിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന സമയമാണ് ഇത്. എന്തൊക്കെ ചെയ്‌താൽ നോമ്പ് കൂടുതൽ അനുഗ്രഹപ്രദമാകും? ഈ ചോദ്യത്തിനു  ഫ്രാൻസിസ് പാപ്പാ നൽകുന്ന പത്ത് ഉത്തരങ്ങൾ ഇതാ:
1. അലസതയും ആസക്തിയും ഒഴിവാക്കാം 
ശക്തമായ പരിവര്‍ത്തനത്തിനുള്ള സമയമാണ് നോമ്പ്.  ഈ സമയം അലസതയിലൂടെ തിന്മയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം. പഴയ തിന്മകളെയും സ്വഭാവങ്ങളെയും മാറ്റുവാൻ കഴിവതും പരിശ്രമിക്കാം.
2. ത്യാഗങ്ങൾ ഏറ്റെടുക്കുക 
സ്വന്തം ഇഷ്ടങ്ങൾ മാറ്റിവച്ചും അല്പം വേദനകൾ സഹിച്ചും  മറ്റുള്ളവർക്ക് സഹായം ചെയ്തു കൊടുക്കാം. നമ്മുടെ ഇഷ്ടങ്ങൾ മാറ്റി വച്ചുകൊണ്ടുള്ള പരോപകാര പ്രവർത്തികൾ നോമ്പ് വിജയകരമാക്കുവാൻ നമ്മെ സഹായിക്കും. ഒപ്പം മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കുവാനുള്ള ഒരു അവസരം കൂടിയാകും അത്.
3. നിസ്സംഗത പാലിക്കരുത്
ദൈവത്തോടും നമ്മുടെ അയൽക്കാരോടും നിസംഗ മനോഭാവം വച്ച് പുലർത്തരുത്. നോമ്പെടുക്കുമ്പോൾ അല്ലെങ്കിൽ ദൈവവുമായി അടുക്കാൻ ആഗ്രഹിക്കുമ്പോൾ ഇത്തരം പ്രലോഭനങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാം. എന്നാൽ അതിനെ മറികടക്കുവാൻ കഴിയണം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തിന്മകളിൽ ഒന്നാണ് നിസംഗത എന്ന് പാപ്പാ ഓർമിപ്പിക്കുന്നു.
4. നമ്മുടെ ഹൃദയം ഈശോയുടേതുപോലെ ആകാൻ പ്രാർത്ഥിക്കാം
ഈശോയുടെ ഹൃദയം പോലെ ആകുക എന്നാൽ അവിടുത്തെ പോലെ വേദനിക്കുന്നവർക്കു ഒപ്പമാകുവാനും കരുണ കാണിക്കുവാനും തീക്ഷണമായി പ്രാർത്ഥിക്കുവാനും കഴിയുന്നവരാകുക എന്നാണ്.
5. കൂദാശകൾ യോഗ്യതയോടെ സ്വീകരിക്കുക
നോമ്പുകാലം ദൈവവുമായി കൂടുതൽ അടുത്തു നിൽക്കുന്നതിനുള്ള സമയമാണ്. കൂദാശയുടെ യോഗ്യതാപൂർവമുള്ള സ്വീകരണം നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കും. അതിനാൽ നോമ്പ് ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ ശ്രമിക്കാം.
6. പ്രാർത്ഥന
നോമ്പ്, പ്രാർത്ഥനയുടെ ദിവസങ്ങളാണ്. പ്രാർത്ഥനയിലൂടെ സ്വയം ഒരുങ്ങുന്ന സമയം. ഈ ദിവസങ്ങളിൽ കൂടുതൽ സമയം പ്രാർത്ഥനയ്ക്കായി കണ്ടെത്താം. പ്രാർത്ഥനയിൽ വെളിപ്പെടുന്ന സ്നേഹത്തിനായി, ദൈവത്തിന്റെ ആർദ്രതയ്ക്കായി കാത്തിരിക്കാം.
7. ഉപവാസം 
നോമ്പല്ലേ എടുത്തേക്കാം എന്ന് കരുതിയോ ആരെങ്കിലും നിര്ബന്ധിച്ചിട്ടോ ആരും ഉപവസിക്കേണ്ട. ദൈവവുമായുള്ള ഐക്യത്തിന് സഹായിക്കുന്നതിനായി ഉപവാസം എടുക്കുവാൻ ശ്രമിക്കാം. ത്യാഗങ്ങൾ സഹിച്ചുള്ള പ്രാർത്ഥന ദൈവം കേൾക്കും. കൂടാതെ പിശാചിന്റെ തന്ത്രങ്ങളെ അതിജീവിക്കുവാൻ പ്രാർത്ഥനയും ഉപവാസവും ആവശ്യമാണ്.
8. ദാനധർമ്മം
പ്രാർത്ഥന മാത്രം പോരാ. പ്രാർത്ഥനയിലൂടെ അനുഭവിച്ച ദൈവിക കാരുണ്യം നമ്മുടെ പ്രവർത്തികളിലും ഉണ്ടാവണം. അപ്പോഴേ നമ്മുടെ നോമ്പ് ഫലപ്രദവും വിജയകരവും ആവുകയുള്ളൂ. അതിനാൽ ദാനധർമ്മം വളരെ പ്രധാനപ്പെട്ട ഒന്നാണ്. മനസ് തുറന്നു കൊടുക്കുക. ആരെയും അറിയിക്കാതെ നന്മ ചെയ്യുക. അപ്പോൾ ദൈവം നിങ്ങളെ  അനുഗ്രഹിക്കും
9. പാവങ്ങളെ സഹായിക്കുക
പാവങ്ങളെ സഹായിക്കുക. അതിലെന്താ പുതുമ എന്ന് ചോദിക്കരുത്. നമുക്ക് അറിയാവുന്നവരെ അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കണം. നിനക്ക് മുന്നിൽ അവൻ എത്തുന്നതിനു മുൻപ് സഹായവുമായി നീ വേദനിക്കുന്നവന്റെ മുന്നിൽ എത്തുമ്പോൾ അത് ദൈവം കണക്കിലെടുക്കും. അവിടുന്ന് നിനക്ക് മുൻപേ പോകും. സത്യത്തിനും നീതിക്കും സമത്വത്തിനും മുൻഗണന നൽകുക.
10. സുവിശേഷവൽക്കരണം
കരുണയുടെയും പ്രത്യാശയുടെയും സന്ദേശവാഹകരാകുവാൻ വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികൾ. സുവിശേഷം പകരുക, തകർന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കുക, അനേകർക്ക്‌ മാതൃകയാവുക.
നോമ്പിനായി ഒരുങ്ങുകയാണ് നാം. പാപ്പായുടെ ഈ നിർദ്ദേശങ്ങൾ അനുസ്മരിച്ചു കൊണ്ട് നമുക്കു മുന്നേറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.