കെസിസിഎന്‍എ കണ്‍വന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

ലോസ് ആഞ്ചലസ്: ക്‌നാനായാ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഓഫ് നോര്‍ത്ത് അമേരിക്ക (KCCNA) നടത്തുന്ന അടുത്ത വര്‍ഷത്തെ കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്ന ലോസ് ആഞ്ചലസിലെ അസോസിയേഷന്‍ അംഗങ്ങള്‍ ഒന്‍ടാരിയോ കണ്‍വന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിക്കുകയും സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. തുടര്‍ന്നു നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ ക്‌നാനായാ കത്തോലിക്കാ കോണ്‍ഗ്രസ്സ് സതേണ്‍ കാലിഫോര്‍ണിയ (KCCSC) പ്രസിഡന്റ് ജോണ്‍ ജോസഫ് വള്ളിപടവില്‍ അദ്ധ്യക്ഷത വഹിച്ചു.

രണ്ടേകാല്‍ ലക്ഷം ചതുരശ്ര അടി വിസ്താരമുള്ള ഒന്‍ടാരിയോ കണ്‍വന്‍ഷന്‍ സെന്ററും സമീപമുള്ള ആയിരത്തോളം ഹോട്ടല്‍ മുറികളും വളരെ കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്തതായി KCCNA ട്രഷറര്‍ ഷിജു അപ്പോഴിയില്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് രജിസ്‌ട്രേഷന്‍ നിരക്ക് കുറച്ച്, കൂടുതല്‍ കുടുംബങ്ങളെ ഈ കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനില്‍ മറ്റപ്പള്ളിക്കുന്നേല്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ സെന്ററിന്റെയും ഹോട്ടലുകളുടെയും സൗകര്യങ്ങളില്‍ അംഗങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തി.

സെക്രട്ടറി റാണി ചാമക്കാല സ്വാഗതവും ജോ. സെക്രട്ടറി തുഷാര പൂഴിക്കാല നന്ദിയും പറഞ്ഞു. 2020 ജൂലൈ 23 മുതല്‍ 26 വരെയാണ് KCCNA കണ്‍വന്‍ഷന്‍ നടത്തുന്നത്.

സിജോയ് പറപ്പള്ളി