സൈബർ അപ്പസ്തോലനായ കാർലോ അക്വറ്റിസിന്റെ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ വെർച്വൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു 

കാർലോ വോയ്സ് എന്ന മാഗസിന്റെ നേതൃത്വത്തിൽ ഇറ്റാലിയൻ ബാലനും മാധ്യമലോകത്തിന്റെ മദ്ധ്യസ്ഥൻ എന്നറിയപ്പെടുന്ന കാർലോ അക്വറ്റിസിന്റെ, നവീകരിച്ച വെർച്വൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു. കാർലോ അക്വാറ്റിസിന്റെ മാതാവ് അന്റോണിയ അക്വാറ്റിസ് ആണ് ഓൺലൈനിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ബ്രദർ എഫ്രേം കുന്നപ്പള്ളിയുടെയും, ബ്രദർ ജോൺ കണയാങ്കലിന്റെയും നേതൃത്വത്തിൽ പുറത്തിറിക്കുന്ന ഈ മാഗസിന് അനുമോദനവും അനുഗ്രഹവും കൽദായ പാത്രയാർക്കിസ് കർദ്ദിനാൾ ലൂയീസ് റാഫേൽ സാക്കോ ജൂൺ 2-ന് തന്റെ കത്തിലൂടെ അറിയിച്ചു. “ഈ രണ്ട് വൈദികവിദ്യാർത്ഥികൾ തിരുസഭയുടെ അഭിമാനമാണ്. ഇരുവരും ചെയ്യുന്ന പ്രവർത്തനങ്ങൾ ആഗോള കത്തോലിക്കാ സഭയ്ക്ക് മുതല്‍ക്കൂട്ടുമാണ്. ചെറുപ്പത്തിൽ തന്നെ ഇവർ ചെയ്യുന്ന മിഷൻ പ്രവർത്തനങ്ങള്‍ എല്ലാ വൈദികർക്കും വൈദികവിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും മാതൃകയാകട്ടെ” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ദിവ്യകാരുണ്യത്തിലേയ്ക്ക് ലോകത്തെ അടുപ്പിക്കുവാൻ നിങ്ങൾ ശ്രമിക്കണം’ എന്ന അഭിവന്ദ്യ പിതാവിന്റെ ആഹ്വാനപ്രകാരമാണ് ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വെർച്വൽ മ്യൂസിയം നിർമ്മിച്ചത്. ജൂൺ 9-ാം തീയതി കോര്‍പ്പൂസ് ക്രിസ്റ്റി തിരുനാളിൽ, കാർലോയുടെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വെർച്വൽ മ്യൂസിയം carlovoice.com എന്ന വെബ്സെറ്റിലൂടെ ഏവര്‍ക്കും ലഭ്യമാക്കി. ലോകം മുഴുവനുമുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ശേഖരമാണ് ഇതിലുള്ളത്.

“ഇത് നിങ്ങളുടെ ഇടവകയിൽ സംഘടിപ്പിക്കാവുന്നതാണ്. ഇത് പ്രദർശിപ്പിക്കുവാൻ ബ്രദർ എഫ്രേമിനും ബ്രദർ ജോണിനും, കാർലോയുടെ അമ്മയുടെയും നാമകരണ ചടങ്ങിന്റെ പോസ്റ്റുലേറ്ററിന്റെയും, കാർലോയുടെ ഇറ്റാലിയൻ അസോസിയേഷന്റെയും അനുവാദമുണ്ട്. നിങ്ങൾക്ക് ഇത് ഓണ്‍ലൈനില്‍ കാണാവുന്നതാണ്. ഒപ്പം ഇതിന്റെ മലയാള പതിപ്പുകൾ ദൈവാലയങ്ങളിൽ പ്രദർശിപ്പിക്കാവുന്നതുമാണ്. അതിനായി കാർലോ വോയിസിന്റെ വെബ്സൈറ്റിലുള്ള നമ്പറുകളിൽ ബന്ധപ്പെടാം” – അധികൃതര്‍ അറിയിച്ചു.

ഈ വെർച്വൽ മ്യൂസിയം പൂര്‍ത്തീകരിക്കുവാന്‍ ഇവരോടൊപ്പം സഹായിച്ചത് ബ്രദർ ജോണിന്റെ ജേഷ്ഠസഹോദരൻ ലിജോ ജോർജാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.