ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് എത്തുന്ന ജയിലിൽ നമുക്ക് നേരത്തെ പോകാം

ലോകത്തെ ഓരോ നിമിഷവും അത്‍ഭുതപ്പെടുത്തുകയാണ് ഫ്രാൻസിസ് പാപ്പാ. കലഹിച്ചു നിന്ന രാഷ്ട്രീയ നേതാക്കളുടെ പാദങ്ങൾ ചുംബിച്ചു കൊണ്ട് വിനയത്തിന്റെ വലിയ മാതൃക നൽകിയിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ല. അതിനിടയിലേക്കാണ് ഒരു പെസഹാ സുദിനവും കൂടി കടന്നെത്തുക. ഫ്രാൻസിസ് പാപ്പായുടെ ഈ വർഷത്തെ പെസഹാ ആചരണവും ജയിലിൽ തന്നെയാണ്. ഇത്തവണ പാപ്പായുടെ കാലു കഴുകൽ  ശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിക്കുന്നത് ഇറ്റലിയിലെ വെല്ലേത്രിയിലുള്ള കാസ  ചിർകൊണ്ടാറിയാലേ ജയിലാണ്. ആ ജയിലിലേയ്ക്ക് പാപ്പായ്ക്ക് മുൻപേ ലൈഫ് ഡേ കടന്നുചെല്ലുകയാണ്. വെല്ലേത്രി, കാസ  ചിർകൊണ്ടാറിയാലേ ജയിൽ വിശേഷങ്ങളുമായി ഫാ. സാബു മണ്ണട എംസിബിഎസ്….

വെല്ലേത്രി നഗര വിശേഷങ്ങൾ 

ഇറ്റലിയിലെ ലാസിയോ സ്റ്റേറ്റിലെ വെല്ലേത്രി എന്ന പട്ടണത്തിലാണ്  കാസ   ചിർകൊണ്ടാറിയാലേ എന്ന ജയിൽ സ്ഥിതി ചെയ്യുന്നത്. റോമിൽ നിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലേക്ക് ഞാനും എന്റെ ഒരു ഇറ്റാലിയൻ സുഹൃത്തായ ഫ്രഞ്ചെസ്കോയും കൂടിയാണ് യാത്ര തിരിച്ചത്. രാവിലെ പത്തുമണിയോടെ റോമിൽ നിന്ന് ഞങ്ങൾ യാത്ര തിരിച്ചു. മധ്യ യുഗത്തിൽ നിലവിൽ വന്ന ഈ പട്ടണം മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഉയർന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വെല്ലോത്രി നഗരത്തിൽ നിന്നും ഏകദേശം ഏഴു കിലോ മീറ്റർ അകലെയായി ആണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്. വെല്ലോത്രി നഗരം പിന്നിട്ടാൽ പിന്നെ ഉയർന്ന കെട്ടിട സമുച്ചയങ്ങളും കോട്ടകളും കാണാനാവില്ല. ജയിൽ ഏതാണ്ട് വിജനമായ ഒരു സ്ഥലത്താണ്.

ഞങ്ങൾ എത്തുമ്പോൾ ജയിലിനു മുന്നിലായി സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാമായിരുന്നു. വാഹനം പാർക്ക് ചെയ്ത ശേഷം ഫോട്ടോകൾ എടുക്കുവാൻ അനുവാദം ചോദിക്കുന്നതിനായി ഞങ്ങൾ മുന്നോട്ടു നടന്നു. അവിടെ ഒരു പോലീസുകാരിയായിരുന്നു ഡ്യുട്ടിയിൽ ഉണ്ടായിരുന്നത്. അടുത്തേയ്ക്കു ചെന്ന ഞങ്ങളെ അവർ സംശയ ദൃഷ്ടിയോടെയാണ് ആനയിച്ചത്. ആ നോട്ടം കണ്ടപ്പോൾ ഒന്ന് മടിച്ചു എങ്കിലും പതിയെ അടുത്തു ചെന്നു. ആദ്യം കയറ്റി വിടുവാൻ തയ്യാറായിരുന്നില്ല. കത്തോലിക്കാ വൈദികനാണെന്നും മലയാളത്തിലെ ഒരു ക്രിസ്ത്യൻ ഓൺലൈൻ ന്യൂസ് പോർട്ടലായ ലൈഫ് ഡേ – യിൽ നിന്നാണെന്നും പാപ്പായുടെ കാലുകഴുകൾ ശുശ്രൂഷ നടക്കുന്ന ജയിലിനെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായി ആണ് ഈ സന്ദർശനവും എന്ന് അറിയിച്ചതോടെ ഉദ്യോഗസ്ഥ ഒന്ന് അയഞ്ഞു. മൊബൈലിൽ ലൈഫ് ഡേ വെബ് പേജ് കാണിച്ചു. അതോടെ സന്തോഷമായി.ലൈഫ് ഡേ- യുടെ (മലയാളം) ഭാഷ അറിയില്ലെങ്കിലും അവർ ഏതാണ്ട് സമ്മതിച്ച മട്ടായി. വൈകാതെ, ഉന്നത അധികാരികളെ വിളിച്ചു അനുവാദം ചോദിച്ചതിന് ശേഷം ഫോട്ടോ  എടുക്കുവാനും അകത്ത് കടക്കുവാനും അനുവദിച്ചു.

കാസ ചിർകൊണ്ടാറിയാലേ  

കാസ എന്നാൽ വീട് എന്നർത്ഥം. നമ്മുടെ നാട്ടിലെ ജയിലിന്റെ ചിത്രങ്ങൾ മനസ്സിൽ കണ്ടു കൊണ്ട് ഈ ജയിലിലേയ്ക്ക് വന്നാൽ നമ്മൾ അമ്പരന്നു പോകും. കാരണം തടവുകാർക്കായി നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കപ്പെട്ടിരിക്കുക. 1991 സ്ഥാപിതമായ ഈ ജയിലിൽ പ്ലേ ഗ്രൗണ്ട്, മൂന്നു ജിമ്മുകൾ, എട്ടു ശാലകൾ, തിയേറ്റർ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ക്‌ളാസ് മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഒക്കെ ഉണ്ട്. കൂടാതെ വീട്ടിൽ നിന്ന് എത്തുന്നവരെ കാണുന്നതിനായി പ്രത്യേക സൗകര്യവും ഒരുക്കിയിരിക്കുന്നു.

പെസഹാ വ്യാഴാഴ്ച 3 :30 നു പാപ്പ റോമിൽ നിന്ന് പുറപ്പെടും. അഞ്ചുമണിയോടെ ജയിലിലെ പെസഹാ തിരുക്കർമ്മങ്ങൾ ആരംഭിക്കും. ശേഷം 7 മണിയോടെ റോമിലേക്ക് മടങ്ങും. ഇതിനിടയിൽ തടവുകാരുമായി പാപ്പാ സംസാരിക്കുകയും പെസഹാ തിരുക്കർമ്മത്തിൽ തടവുകാരുടെ പാദങ്ങൾ കഴുകി ചുംബിക്കുകയും ചെയ്യും.

ജയിലിനെ കുറിച്ചതും അവിടുത്തെ പാപ്പായുടെ തിരുക്കർമ്മങ്ങളെയും കുറിച്ചതും കിട്ടാവുന്ന വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച ശേഷം ഞങ്ങൾ യാത്ര തിരിച്ചു. സമാധാന ദൂതനായി ലോകത്തിന്റെ വിവിധ കോണുകളിലേയ്ക്കു പറന്ന പാപ്പായുടെ സന്ദർശനം കൊണ്ട് അനുഗ്രഹീതമാകുവാൻ പോകുന്ന ആ പുണ്യ ഭൂമിയെ ഒരിക്കൽ കൂടെ നോക്കി. മാറ്റത്തിന്റെ പാതയിൽ ചരിക്കുന്ന അനേകം വ്യക്തികൾക്ക് മനസുകൊണ്ട് ആശംസകൾ നേർന്നു ഞങ്ങൾ അവിടെ നിന്ന് യാത്ര തിരിച്ചു…

ഫാ. സാബു മണ്ണട എംസിബിഎസ്