സീസറിനുള്ളത് സീസറിനും… ദൈവത്തിനുള്ളത് ദൈവത്തിനും…

ക്ലിന്റൺ എൻ. സി. ഡാമിയൻ

ക്ലിന്റൺ എൻ. സി. ഡാമിയൻ

കത്തോലിക്കാ സഭയെന്നു കേൾക്കുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ അവഹേളിച്ചും അപമാനിച്ചും ആനന്ദം കണ്ടെത്തുന്നവർ ഇതൊന്നു തീർച്ചയായും വായിച്ചിരിക്കണം. പലരും പുച്ഛത്തോടെ കാണുന്ന അരമനകളിൽ നിന്നും നന്മകൾ പ്രവഹിക്കുന്നുണ്ട്. ആരുമറിയാതെ ജീവനദി പോലെ അതിങ്ങനെ ഒരായിരം പേരിലെക്ക് ഒഴുകുന്നതിനെ ആരെന്തു പറഞ്ഞാലും ഒരിക്കലും വറ്റിക്കുവാൻ ആർക്കുമാകില്ല. എന്തെന്നാൽ ആ ജീവനദിയുടെ ഉറവിടം ക്രിസ്തുവത്രേ.

സ്ഥലം: വെള്ളയമ്പലം ലത്തീൻ ആർച്ച് ബിഷപ് ഹൗസ്.
സമയം: വൈകുന്നേരം ആറു മണി.
തിയ്യതി: 28/09/2018

സൂസപാക്യം പിതാവിനെ കണ്ട് സംവദിച്ച് പ്രളയ കേരളത്തിന് ആശ്വാസമാകാൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയും അതിരൂപതാ മീഡീയാക്കമ്മീഷനും രൂപതാംഗങ്ങളായ ചിത്രകാരൻമാരും ചേർന്ന് സംഘടിപ്പിച്ച വരദാനം എന്ന ചിത്രപ്രദർശന -വിൽപ്പനയിൽ നിന്നും കിട്ടിയ ഒരു ലക്ഷം രൂപ പിതാവിനെ കണ്ട് നൽകാൻ സംഘാടകർ  (ചിത്രങ്ങൾ വരച്ച ചിത്രകാരൻമാർ ഉൾപ്പെടെ) കാത്തിരിക്കുന്നു. അവരുടെ ഇടയിലേക്ക് സൂസപാക്യം പിതാവ് കടന്നു വരുന്നു. പിതാവിനോട് അവർ ആഗമനോദ്ദേശ്യം പറഞ്ഞു.

ചിത്രപ്രദർശന -വിൽപ്പനയിൽ നിന്നും കിട്ടിയ ഒരു ലക്ഷം രൂപ പിതാവിന്റെ കൈയ്യിൽ നൽകാൻ ആഗ്രഹിക്കുന്നതായി അറിയിക്കുന്നു.

പിതാവ് സാവധാനം ചോദിച്ചു.

“അച്ചോ നമ്മൾ എവിടെ കൊടുക്കുമെന്നു പറഞ്ഞാണ് വരദാനം സംഘടിപ്പിച്ചത്?”

“പിതാവേ, കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകുമെന്ന് പറഞ്ഞ്.”

“അപ്പോൾ നമ്മൾ നമ്മുടെ ഭാഗത്തുന്നള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലല്ല. മറിച്ച് നമ്മൾ എവിടെ കൊടുക്കുമെന്നു പറഞ്ഞോ അവിടെയ്ക്ക് തന്നെ കൊടുക്കണം. നമ്മുടെ അതിരൂപത ദുരിതാശ്വാസ വസ്തുക്കളുടെ 27  ലോഡുകൾ അയച്ചിട്ടുണ്ട്. ഇപ്പോഴും നമ്മൾ കർമ്മനിരതരായി നിൽപ്പുണ്ട്.”

“പക്ഷേ ഓഖി നമ്മുക്കൊരു തീരാവേദനയാണ്. കിട്ടേണ്ടതൊക്കെ… തരാമെന്ന് പറഞ്ഞതിൽ പലതൊക്കെ കിട്ടാനുണ്ട്. അപ്പോൾ നിങ്ങൾ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിൽ കൊണ്ടു കൊടുക്കു. എണ്ണത്തിൽ കുറവായ നമ്മുടെ അതിരൂപതാ ചിത്രകാരൻമാർ രണ്ടു ദിവസം കൊണ്ട് അവരുടെ ചിത്രങ്ങൾ കൊണ്ട് ഒരു ലക്ഷം രൂപ കണ്ടെത്തി എന്നതു വലിയ കാര്യമാണ്. അതിനു ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ഏറ്റവും അടുത്ത ദിവസം നോക്കി സെക്രട്ടറിയേറ്റിൽ കൊണ്ടു കൊടുക്കു.”

“അപ്പോൾ ശരി… ഞാൻ പോകട്ടെ.” സൂസപാക്യം പിതാവ് പറഞ്ഞു നിർത്തി.

തന്നെ കാണാൻ വന്നവരോടപ്പം ഫോട്ടോയെടുത്ത് മടങ്ങുമ്പോൾ ആ വന്ദ്യപിതാവ് പറഞ്ഞു വച്ചത് ഇത്രമാത്രമാണ്.

മീഡിയാക്കമ്മീഷന്റെ ഭാഗമായതു കൊണ്ട് സകലത്തിനും സാക്ഷിയായി നിന്ന എനിക്കു ഇങ്ങനെ തോന്നി. ‘സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാൻ പറഞ്ഞവന്റെ വാക്കുകൾ അവിടെയാകെ അലയടിക്കുന്നതു പോലെ…’

ഒരു പക്ഷേ പ്രളയക്കാലത്ത് തങ്ങളുടെ കൈയ്യിലാണ് എല്ലാമെന്നു പറഞ്ഞവർക്ക് ദുരിതാശ്വാസ ക്യാമ്പുകൾ കൈയടക്കിയവർക്ക് ഒരിക്കലും ദഹിക്കാത്ത മനോഭാവം. സൂസപാക്യം പിതാവേ അങ്ങേയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ. ഒരു കോടി രൂപയുടെ അടിയന്തര സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ കത്തോലിക്കാ സഭയുടെ വിഹിതമായി പ്രളയ ദിനങ്ങളിൽ തന്നെ നൽകിയിരുന്നു. കെ.സി.ബി.സി. അധ്യക്ഷൻ കൂടി ആയ സൂസപാക്യം പിതാവാണ് ഈ തുക മുഖ്യമന്ത്രിക്കു കൈമാറിയത്.

(വരദാനം 2018: പ്രളയ കേരളത്തിന് ആശ്വാസമാകാൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയും ലത്തീൻ അതിരൂപതാ മീഡിയാ കമ്മീഷനും അതിരൂപതാംഗങ്ങളായ ചിത്രകാരൻമാരും (ആർട്ടിസ്റ്റ് ഫോറം) ചേർന്ന് സെപ്റ്റംബർ 2, 3 തീയ്യതികളിൽ തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിൽ അതിരൂപതാ അംഗങ്ങളായ ചിത്രകാരൻമാരുടെ ചിത്രങ്ങൾ പൂർണ്ണമായും സൗജന്യമായി വിട്ടു നൽകി നടത്തിയ ചിത്രപ്രദർശന-വിൽപ്പന. വെറും രണ്ട് ദിവസം കൊണ്ട് ഈ ചിത്രപ്രദർശന-വിൽപ്പനയിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചു.)

ക്ലിന്റൺ എൻ. സി. ഡാമിയൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.