സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി തുര്‍ക്കി പാര്‍ലമെന്റ്

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി തുര്‍ക്കി പാര്‍ലമെന്റ്. എന്നാല്‍ ഈ നടപടി അഭിപ്രായസ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.

പത്തു ലക്ഷത്തില്‍ കൂടുതല്‍ ഉപഭോക്താക്കളുള്ള സോഷ്യല്‍ മിഡീയ ഫേമുകള്‍ പ്രാദേശിക ഓഫീസുകള്‍ക്ക് രൂപം നല്‍കണമെന്നും അവിടെ പരാതി പരിഹാരത്തിന് സൗകര്യം ഉണ്ടാക്കണമെന്നുമാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് തയ്യാറാകാത്തവര്‍ക്കു നേരെ നെറ്റ്വര്‍ക്ക് പിന്‍വലിക്കല്‍, പിഴ തുടങ്ങിയവ ഏര്‍പ്പെടുത്തും.

അസാന്മാര്‍ഗികം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രസിഡന്റ് റിസപ്പ് തായിപ്പ് എര്‍ദോഗന്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് വലിയ രീതിയിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വലിയ രീതിയിലുള്ള സെന്‍സര്‍ഷിപ്പുകളും നിയന്ത്രണങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും രാജ്യത്തെ ഇന്റര്‍നെറ്റ് വിതരണ സര്‍വീസുകള്‍ക്കും നേരിടേണ്ടതായിവരും.

തുര്‍ക്കിയുടെ ഏറ്റവും പുതിയ പ്രസ്താവനയെക്കുറിച്ച് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് പോലുള്ള ഭീമന്‍ കമ്പനികള്‍ പ്രതികരണം നടത്തിയിട്ടില്ല. തുര്‍ക്കി ജനതയുടെ അഭിപ്രായസ്വാതന്ത്രത്തിനു നേരെയുള്ള കടന്നുകയറ്റം എന്നാണ് ഈ നിയന്ത്രണത്തെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിശേഷിപ്പിച്ചത്. ഹാഗിയ സോഫിയ മോസ്‌കായി മാറ്റിയ സംഭവവും എര്‍ദോഗന്റെ സമാനമായ മറ്റു നിലപാടുകളും വലിയ വിവാദത്തിനും വിമര്‍ശനത്തിനും കാരണമാവുകയും പൊതുജനം ഇതിന്മേലുള്ള പ്രതികരണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോേഗിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണവും വിവാദമായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.