ആവശ്യക്കാരിലൂടെ ക്രിസ്തുവിനോട് സംവദിക്കുന്നതാണ് യഥാര്‍ത്ഥ ജീവകാരുണ്യപ്രവര്‍ത്തി: പാപ്പാ 

സമൂഹത്തിലെ പാവപ്പെട്ടവരോടും ആവശ്യക്കാരോടും കാരുണ്യം കാണിച്ചുകൊണ്ട് ക്രിസ്തുവിനോട് നാം സംവദിക്കുമ്പോഴാണ് യാഥാര്‍ത്ഥത്തില്‍ നാം ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നത് എന്ന് ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ. ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായുള്ള ആഗോളസംഘത്തിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ, യഥാര്‍ത്ഥ കാരുണ്യപ്രവര്‍ത്തികളെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചത്.

ലോകം മുഴുവനോടും മനുഷ്യവംശത്തോടുമുള്ള ദൈവത്തിന്റെ സ്‌നേഹത്തെ ക്രിസ്തുവില്‍ ദര്‍ശിക്കാന്‍ കഴിയും. കാരുണ്യപ്രവര്‍ത്തികള്‍ എന്നാല്‍ കേവലമൊരു സേവനമോ ആശയമോ വികാരമോ മാത്രമായി ഒതുങ്ങരുത്. മറിച്ച്, അതിനെ ക്രിസ്തുവുമായുള്ള ഒരു സംവാദമായി കാണണം. അപ്പോഴേ നാം ചെയ്യുന്ന കാരുണ്യപ്രവര്‍ത്തികള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയുള്ളൂ. പാപ്പാ ചൂണ്ടിക്കാട്ടി.

ക്രിസ്തുവിന്റെ ഹൃദയവുമായി ജീവിക്കണമെങ്കില്‍ പാവങ്ങളോടും വേദനിക്കുന്നവരോടും സ്‌നേഹവും കരുണയും ഉണ്ടായാല്‍ മാത്രം പോരാ. അവരിലോരോരുത്തരിലും ക്രിസ്തുവിനെ കാണുവാന്‍ കഴിയുക കൂടി വേണം. ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളാണ് സമൂഹത്തിലെ വേദനിക്കുന്നവര്‍ എന്ന ഓര്‍മ്മ നമ്മിലുണ്ടാവണം. അവരിലേക്ക് ഇറങ്ങിച്ചെല്ലുവാനും ആര്‍ദ്രതയോടെ പെരുമാറുവാനും സഭാമക്കള്‍ക്ക് കടമയുണ്ട്. പാപ്പാ വ്യക്തമാക്കി.