പാപം ആവര്‍ത്തിക്കാതിരിക്കാന്‍ ചെയ്യേണ്ടത്

നാം പലപ്പോഴും ചിന്തിക്കാറുണ്ട്. അനുതാപപ്പെട്ടിട്ടും ആവര്‍ത്തിച്ച് കുമ്പസാരിച്ചിട്ടും ഒരേ പാപം ആവര്‍ത്തിക്കാന്‍ ഇടവരുന്നത് എന്തുകൊണ്ടാണെന്ന്. അതിന് ഉത്തരമാണ് ഇനി പറയുന്നത്.

ദൈവപ്രമാണങ്ങള്‍ ഹൃദയം കൊണ്ട് അംഗീകരിക്കുക എന്നതാണ് ഒരു തെറ്റിനെ ജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായി മാറ്റിനിര്‍ത്താന്‍ ചെയ്യേണ്ടത്. കാരണം, അപ്പോഴാണ് യഥാര്‍ത്ഥ മാനസാന്തരം ഉണ്ടാവുന്നത്. അതുപോലെ തന്നെ ഒരു പാപത്തെ ഉപേക്ഷിക്കാന്‍ ചെയ്യേണ്ടതാണ് പരിഹാരജീവിതം. അത്തരക്കാര്‍ പ്രസാദവര അവസ്ഥയിലായിരിക്കുമെന്നു മാത്രമല്ല, അവരുടെ ഹൃദയവും മനസ്സും ശരീരവും ദൈവത്തോടൊപ്പം ആയിരിക്കുകയും ചെയ്യുന്നതുകൊണ്ട് വീണ്ടും പാപത്തില്‍ വീഴാനുള്ള സാധ്യത തീര്‍ത്തും കുറവാണെന്നു തന്നെ പറയാം. അവരെ ദൈവം സംരക്ഷിക്കുകയും ചെയ്യുന്നു.

വിശുദ്ധരുടെ ജീവിതമെടുത്തു നോക്കിയാല്‍ അവരെല്ലാവരും തന്നെ പരിഹാരത്തിന്റെ ജീവിതമാണ് നയിച്ചത് എന്ന് കാണാന്‍ കഴിയും. തങ്ങളുടെ ചെറിയ തെറ്റുകള്‍ക്കു പോലും അവര്‍ വലിയ പരിഹാരങ്ങള്‍ ചെയ്തു. യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: “ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” (മത്തായി 16:24).

ഈശോ നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് നമുക്കു വേണ്ടി കുരിശുമരണം വരെ പരിഹാരം ചെയ്തു. ഈ പരിഹാരത്തില്‍ പങ്കുചേരേണ്ടത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്. ഇത്തരത്തില്‍ യഥാര്‍ത്ഥമായ പാപബോധവും പശ്ചാത്താപവും നിരന്തരമായ മാനസാന്തരവും സ്വന്തമാക്കാന്‍ നമുക്ക് സാധിക്കും.