സഹനം എന്നാല്‍ അനുഗ്രഹം

ദൈവം തിരുമനസ്സാവുകയോ അനുവദിക്കുകയോ ചെയ്യാതെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ലെന്ന് വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. ‘എല്ലാം അനുഗ്രഹം തന്നെ’ എന്നാണ് വി. കൊച്ചുത്രേസ്യ സദാ പറഞ്ഞിരുന്നത്. ദൈവം ദുരന്തങ്ങള്‍ അനുവദിക്കുന്നെങ്കില്‍, അത് അവയില്‍  നിന്ന്  മഹത്തായ ഏതോ നന്മ പുറപ്പെടുവിക്കാന്‍ വേണ്ടിയാണ്. വിഷമതകളുടെ നടുവിലാണ് നമ്മുടെ സുകൃതവും നന്മയും വിലയുള്ളതാകുന്നത്.

പരീക്ഷകളില്‍ നാം ചഞ്ചലചിത്തരായി അടിപതറുന്നെങ്കില്‍ അത് നമ്മുടെ വിശ്വാസരാഹിത്യത്തെയാണ് കാണിക്കുന്നത്. പരാതികള്‍ ഉയര്‍ത്തിക്കൊണ്ട് നിരാശയില്‍ നിപതിക്കുന്നതിനു പകരം, പരീക്ഷണഘട്ടങ്ങളില്‍ നാം നമ്മുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കുകയാണു വേണ്ടത്. ക്രൂശിതനായ ക്രിസ്തു ‘യഹൂദന്മാര്‍ക്ക് ഇടര്‍ച്ചയും പുറജാതികള്‍ക്ക് ഭോഷത്തവുമാണ്’ എന്ന് (കോറി. 1:23) വി. പൗലോസ് പറയുന്നു. തന്റെ പീഡാനുഭവത്തെപ്പറ്റി ആദ്യം സൂചിപ്പിച്ചപ്പോള്‍, അതിനെതിരേ ശബ്ദമുയര്‍ത്തിയ പത്രോസിനോട് ഈശോ പറഞ്ഞു: ‘സാത്താനേ, എന്റെ മുന്‍പില്‍ നിന്നു പോകൂ… നീ മനുഷ്യന്‍ ചിന്തിക്കുന്നതു പോലെയാണ് ചിന്തിക്കുന്നത്; ദൈവം ചിന്തിക്കുന്നതു പോലെയല്ല’ (മത്തായി 16:23).

ക്രൂശിതനായ യേശുവിനെ അനുഗമിക്കുന്നതില്‍ നിന്ന് നമ്മെ തടയാന്‍ വേണ്ടി, സാത്താന്റെ ശക്തികള്‍ നിരന്തരം പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് സഹനത്തിന്റെ മൂല്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ച ലഭിക്കാനായി നമുക്ക് നിരന്തരം ദൈവത്തോട് പ്രാര്‍ത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ