കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബോധവൽക്കരണവുമായി സേവ് ദി ചിൽഡ്രൻ സംഘടന

യുദ്ധം തടയുക എന്ന പ്രതീകാത്മക ചിഹ്നമായ ‘ഉയർത്തുന്ന കൈ’യുടെ രൂപവുമായി കുട്ടികൾ ഉഗാണ്ടയിൽ നിന്ന് റോമാനഗരം വരെ പല സ്ഥലങ്ങൾ കറങ്ങി നടത്തിയ പ്രചരണത്തിന്‍റെ ഭാഗമായി കൊളോസയത്തിന്‍റെ മുന്നിൽ നൂറോളം കുട്ടികൾ ഫ്ലാഷ് മൊബ് പ്രകടനം നടത്തി. ‘സേവ് ദി ചിൽഡ്രൻ’ എന്ന സംഘടനയാണ് ഇതിനു നേതൃത്വം നൽകിയത്.

“കുട്ടികളെ രക്ഷിക്കുക” എന്ന സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് യമൻ, സിറിയാ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, നൈജീരിയാ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളാണ് ബോംബുകളുടെയും സ്ഫോടനങ്ങളുടെയും പ്രധാന ഇരകൾ. ഈ ആക്രമണങ്ങൾക്കിരയായ കുട്ടികൾ വീണ്ടും ജീവനിലേയ്ക്കു തിരിച്ചുവരുമ്പോഴും അവരിലുള്ള മാരകമായ മുറിവുകൾ, അംഗഭംഗങ്ങൾ, പൊള്ളലുകൾ തുടങ്ങിയവ ശാരീരികമായും മാനസികമായും ജീവിതാവസാനം വരെ അവരെ ബാധിക്കുന്നു.

ഈ വര്‍ഷം നാല് മാസത്തിനുള്ളില്‍ തന്നെ 400 കുട്ടികളെങ്കിലും യമനിൽ കൊല്ലപ്പെടുകയോ മാരകമായ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ട് . സൗദി നയിക്കുന്ന സഖ്യം നടത്തിയത് 19,000 ഷെല്‍ ആക്രമണങ്ങളാണ്. യുദ്ധത്തിന്‍റെ തുടക്കം മുതൽ ഇതുവരെ ഏതാണ്ട് 6,500 കുട്ടികൾ കൊല്ലപ്പെടുകയോ മുറിവേൽക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇറ്റലിയിൽ നിന്നുള്ള ആയുധങ്ങൾ ഉപയോഗിച്ച് കുട്ടികളുടെ മേൽ നടത്തുന്ന ഈ ആക്രമണങ്ങൾ തടയാൻ ഒരു ഓൺലൈൻ പ്രചാരണം www.savethechildren.it/StopArmi എന്ന ലിങ്കില്‍ നടത്തുന്നുണ്ട്. ഈ ലിങ്കില്‍ ഏതാണ്ട് 80,000 പേര്‍ അംഗങ്ങളായിട്ടുമുണ്ട്.

സിറിയയിൽ 14,000 കുട്ടികളേയും അഫ്‌ഗാനിസ്ഥാനിൽ 3,200 കുട്ടികളേയും നൈജീരിയയിൽ പകുതിയിലധികം കുട്ടികളെയും യുദ്ധങ്ങള്‍ ബാധിച്ചിട്ടുണ്ടെന്ന് “കുട്ടികളെ രക്ഷിക്കുക” എന്ന സംഘടനയുടെ റിപ്പോർട്ടുകൾ കാണിക്കുന്നു.

കുട്ടികളുടെ സംരക്ഷണം നമ്മുടെ കടമയാണെന്ന് വളരെ വ്യക്തമായി അന്തർദേശീയ നിയമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും ബോംബുകളും സ്ഫോടനവസ്തുക്കളും അവരെ കൊന്നൊടുക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ആയുധധാരികളായ സംഘങ്ങളും ഗവണ്മെന്‍റുകളും അടിയന്തരമായി ഇത്തരം ആയുധങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കാനും സ്കൂളുകളും ആശുപത്രികളും ആക്രമിക്കുന്നത് മതിയാക്കുകയും വേണമെന്ന് “കുട്ടികളെ രക്ഷിക്കുക” എന്ന സംഘടനയുടെ ജനറല്‍ മാനേജരായ വലേറിയോ നേരി അഭിപ്രായപ്പെട്ടു.

കുട്ടികളുടെ സഹനങ്ങൾ അവസാനിപ്പിക്കാൻ “കുട്ടികളെ രക്ഷിക്കുക” എന്ന സംഘടനയുടെ ഒരു ആഗോള പ്രചാരണ യത്നമാണ് “കുട്ടികളുടെ നേർക്കുള്ള യുദ്ധം അവസാനിപ്പിക്കുക” എന്ന പേരിൽ നടത്തുന്നത്. സാമ്പത്തീക സഹായത്തിനായി 45533 എന്ന നമ്പറിൽ ഇറ്റലിയിലെ എല്ലാ ഫോണുകളിൽ നിന്നും വിളിച്ച് സംഭാവന നൽകാനും സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്. ഈ നമ്പർ സെപ്റ്റംബർ 30 വരെ നിലവിലുണ്ടാകും.