ഉണ്ണീശോയെ ദേവാലയത്തിൽ കൊണ്ടുവന്ന മൂന്നു വയസുകാരി

മരിയ ജോസ്

“അടുത്ത വർഷം നമ്മുടെ ദേവാലയത്തിലും ഒരു പുൽക്കൂട് ഒരുക്കണം. അതിനായി നിങ്ങൾ എല്ലാവരും സഹകരിക്കണം.” അച്ചൻ പള്ളിയിൽ വിളിച്ചു പറഞ്ഞപ്പോൾ മുന്നിൽ പല പ്രായത്തിലുള്ള വിശ്വാസികൾ ഉണ്ടായിരുന്നു. അവരൊക്കെ ഇത് കേട്ടോ കേട്ടില്ലയോ അറിയില്ല. എന്നാൽ മുന്നിലിരുന്ന ഒരു കൊച്ചു ഹൃദയം ആ വാക്കുകൾ ഒപ്പിയെടുക്കുകയായിരുന്നു. ഉണ്ണീശോ എന്റെ പള്ളിയിലും പിറക്കണം എന്ന് ഉള്ളുകൊണ്ട് അതിയായി ആഗ്രഹിച്ച ഒരു മൂന്നു വയസുകാരിയുടെ ത്യാഗത്തിന്റെ കഥ ഇതാ…

ആലപ്പുഴ രൂപതയിലെ പാട്ടം എന്ന സ്ഥലത്ത് സെന്റ് മേരീസ് ദേവാലയത്തിനു കീഴിൽ ഉള്ള വിശുദ്ധ അന്നയുടെ നാമത്തിൽ ഉള്ള ദേവാലയത്തിലാണ് സംഭവം. ഞായറാഴ്ചകളിലും മറ്റും ധാരാളം പേരെത്തുന്ന കുരിശുപള്ളിയാണ് ഇത്. 2017 വരെ ഈ ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷം എന്നാൽ ഒരു വിശുദ്ധ കുർബാന അർപ്പണം മാത്രമായിരുന്നു. അതിനപ്പുറം സാധാരണ പള്ളികളിൽ കാണാറുള്ള പുൽകൂടുപോലും ഉണ്ടായിരുന്നില്ല. ചെറിയ ഒരു പള്ളി ആയതിനാൽ തന്നെ. കുർബാന അർപ്പിച്ചു ആളുകൾ കടന്നു പോകും അത്ര തന്നെ.

എന്നാൽ 2018 ക്രിസ്തുമസ് ദിനത്തിൽ ഫാ. ജോസ് അറക്കൽ പറഞ്ഞു അടുത്ത വർഷം നമുക്കും പള്ളിയിൽ ഒരു പുൽക്കൂട് നിർമ്മിക്കണം. ആളുകൾ അച്ചൻ പറഞ്ഞത് കേട്ട് തലയാട്ടി. എന്നാൽ അതിനൊക്കെ അൽപ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതോക്കെയാണെങ്കിലും മുന്നിലിരുന്ന ഒരു മൂന്നു വയസുകാരി മെന്ന അയറിനു അച്ചന്റെ ആ വാക്കുകൾ വെറുതെയങ്ങു തള്ളിക്കളയുവാൻ കഴിഞ്ഞില്ല. ‘എന്റെ പള്ളിയിലും ഉണ്ണീശോ ജനിക്കണം.’ ഉള്ളുകൊണ്ട് അവൾ അതിയായി ആഗ്രഹിച്ചു. വീട്ടിലെത്തിയ മെന്ന അച്ഛൻ അനിലിനോടും അമ്മ മേരിയോടും പറഞ്ഞു. “എനിക്ക് ഒരു കുടുക്ക വേണം”. എന്തിനാണെന്ന് ചോദിച്ചപ്പോൾ പള്ളിയിൽ ഉണ്ണിക്കായി പുൽക്കൂടൊരുക്കാനാണെന്നു പറഞ്ഞു. ആ മാതാപിതാക്കൾ അവളെ നിരുത്സാഹപ്പെടുത്തിയില്ല. അവർ ഒരു കുടുക്ക അവൾക്കു നൽകി .

അന്ന് മുതൽ അവൾ തനിക്കു കിട്ടുന്ന പൈസ ചെലവാക്കാതെ അതിൽ നിക്ഷേപിക്കും. ലക്ഷ്യം ഒന്ന് മാത്രം. പള്ളിയിൽ ഒരു പുൽക്കൂട്. അങ്ങനെ ഒരു വർഷം അവൾ കാത്തിരുന്നു. ഡിസംബർ മാസം ആദ്യം അവൾ കുടുക്ക തുറന്നു. എന്നാൽ ഒരു പുൽക്കൂടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ അത് തികയില്ലായിരുന്നു. എങ്കിലും അവളുടെ സ്വപ്നത്തിനു കൂട്ടായി മാതാപിതാക്കളും ഒപ്പം എത്തി. ക്രുസ്തുമസിന്റെ ആഘോഷങ്ങളും പുതിയ ഉടുപ്പ് വാങ്ങുന്നതുമൊക്കെ മാറ്റിവച്ചു. ആ പണം ക്രിബ് സെറ്റ് വാങ്ങുന്നതിനായി ഉപയോഗിച്ചു.

അങ്ങനെ മെന്നയുടെ ആഗ്രഹം പോലെ ഈ വർഷം ആ ദേവാലയത്തിൽ ഒരു പുൽക്കൂടുയർന്നു. ആ പുൽക്കൂട്ടിൽ ഉണ്ണീശോയെ വച്ചതും ഈ മൂന്നു വയസുകാരി തന്നെ. ഉണ്ണീശോയെ കൈകളിലേന്തി കുർബാനമധ്യേ പുൽക്കൂട്ടിലേയ്ക്ക് നടക്കുമ്പോൾ അവളുടെ ഹൃദയം ആനന്ദത്തിന്റെ പരകോടിയിൽ എത്തിയിരുന്നു. ഇതാണ് മെന്നയുടെ ക്രിസ്തുമസ്. സന്മനസുള്ളവർക്കു സമാധാനം ആശംസിച്ച യേശുക്രിസ്തുവിന്റെ കൃപയും അനുഗ്രഹവും ഈ കുടുംബത്തിൽ നിറയട്ടെ…

മരിയ ജോസ്