ഏപ്രില്‍ 28: വി. പീറ്റര്‍ ചാനല്‍

ഫ്രാന്‍സിന്റെ കിഴക്കുഭാഗത്തുള്ള ക്വെറ്റില്‍ 1803 ജൂലൈ 12-ാം തീയതിയാണ് വി. പീറ്റര്‍ ചാനല്‍ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അക്ഷരജ്ഞാനമില്ലാത്തവരായിരുന്നെങ്കിലും മതപരമായ കാര്യങ്ങളില്‍ അവര്‍ക്ക് വേണ്ടത്ര അറിവുണ്ടായിരുന്നു. തങ്ങളുടെ മക്കളെ ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ത്തുന്നതില്‍ ആ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു.

ട്രോംബിയര്‍ എന്ന വൈദികനാണ് പീറ്ററിനെ വിദ്യാഭ്യാസം ചെയ്യിച്ചത്. പീറ്ററിലെ വിശുദ്ധി ബോധ്യപ്പെട്ട അദ്ദേഹം, പീറ്ററിനെ വൈദികപഠനത്തിനായി മെക്‌സിമിയയിലേക്ക് അയച്ചു. നാലു വര്‍ഷം നീണ്ട അവിടുത്തെ പഠനത്തിനു ശേഷം പീറ്റര്‍, ബെല്ലി സെമിനാരിയില്‍ പ്രവേശിച്ചു. വിശുദ്ധന്റെ ജീവിതത്തിലുടനീളം പരിശോധിച്ചാല്‍ അനാദൃശ്യങ്ങളായ യാതൊന്നും തന്നെ കണ്ടെന്നുവരില്ല. പക്ഷേ, ഓരോ കൃത്യവും, അതെത്ര നിസാരമായിരുന്നാലും അതിന് യോജിച്ച തീക്ഷ്ണതയോടെയാണ് അദ്ദേഹം നിര്‍വ്വഹിച്ചിരുന്നത്.

1827 ജൂലൈ 15 -ാം തീയതി പീറ്റര്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹം അംബേറിയായിലെ സഹായവൈദികനായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വരവോടു കൂടി ഇടവകയില്‍ ഒരു പുതിയ ഉണര്‍വ്വുണ്ടായി. പള്ളിയും കുമ്പസാരക്കൂടുമെല്ലാം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. പീറ്റര്‍ തന്റെ ഔദ്യോഗിക കൃത്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി അത്യധികം ആഗ്രഹിച്ചിരുന്നു. പീറ്റര്‍ തന്റെ ആഗ്രഹം രൂപതാദ്ധ്യക്ഷനെ അറിയിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി വിശുദ്ധന്‍ ‘മരിയസഭ’യില്‍ ചേര്‍ന്നു.

1836 ഡിസംബറില്‍ പീറ്ററും ഒരു ബിഷപ്പും മൂന്ന് അത്മായസഹോദരരും കൂടി ഓഷയാനിയായിലേക്ക് മിഷന്‍വേലക്കായി പുറപ്പെട്ടു. 1837-ല്‍ മിഷന്‍ പ്രദേശത്തെത്തിയ പീറ്ററിനെയും ബ്രദര്‍ നിസ്യാരെയും അവിടുത്തെ രാജാവായ നിയൂലക്കി സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. മിഷനറിമാര്‍ക്കു വേണ്ട ഭക്ഷണം രാജാവ് തന്നെയായിരുന്നു നല്‍കിയിരുന്നത്. പീറ്ററും നിസ്യാറും എല്ലാ ദിവസവും ജനങ്ങളെ സന്ദര്‍ശിച്ച് ക്രിസ്തുവിനെയും ക്രൈസ്തവമൂല്യങ്ങളെയും കുറിച്ച് അവരെ പഠിപ്പിച്ചു. മൂന്നു കൊല്ലം അവര്‍ അക്ഷീണയത്നം ചെയ്‌തെങ്കിലും വെറും നാല്പത്തിയഞ്ചു പേര്‍ മാത്രമാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. എന്നാല്‍, ഇതൊന്നും അവരെ നിരാശരാക്കിയില്ല. അവര്‍ കൂടുതല്‍ തീക്ഷ്ണതയോടെ ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരുന്നു. പതിയെ അവരുടെ പ്രയത്നങ്ങള്‍ ഫലം കണ്ടുതുടങ്ങി. അനേകം ആളുകള്‍ സത്യസഭയെ സ്വീകരിച്ചു.

സഭ വളര്‍ന്നതോടെ പതിവുപോലെ പീഡനങ്ങളും ആരംഭിച്ചു. ആദ്യം മിഷനറിമാര്‍ക്ക് അനുകൂലമായിരുന്ന രാജാവ് ഇപ്പോള്‍ അവരെ വെറുക്കുകയും ശത്രുക്കളായി പരിഗണിക്കുകയും ചെയ്തു. അധികം താമസിയാതെ തന്നെ അവിടുത്തെ ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഒരു വിപ്ലവമുണ്ടാക്കുകയും പീറ്റര്‍ ചാനലിനെ വധിക്കുകയും ചെയ്തു. 1841 ഏപ്രില്‍ 28-ാം തീയതിയായിരുന്നു വിശുദ്ധന്‍ രക്തസാക്ഷിത്വമകുടം ചൂടിയത്.

വിചിന്തനം: ”നിന്നെ രക്ഷിക്കാനുള്ള സമയവും മാര്‍ഗ്ഗവും അവിടുത്തേക്കറിയാം. ആകയാല്‍, നിന്നെത്തന്നെ പൂര്‍ണ്ണമായി അവിടുത്തേക്ക് സമര്‍പ്പിക്കുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.