സ്വന്തം ജീവൻ നഷ്ട്ടപ്പെടുത്തിയും ഗർഭച്ഛിദ്രം നിരസിച്ച ഏഴ് വിശുദ്ധർ

സ്വന്തം ജീവൻ നഷ്ട്ടപ്പെടുത്തിയും തങ്ങളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനുവേണ്ടി ഗർഭച്ഛിദ്രം നിരസിച്ച നിരവധിപ്പേരുണ്ട്. സ്വന്തം ആരോഗ്യത്തിന് ഹാനികരമാണെങ്കിൽ പോലും ഗർഭസ്ഥ ശിശുവിന്റെ ജീവനുവേണ്ടി പോരാടിയവർ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. അവരിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ഏഴ് വിശുദ്ധരെ ലൈഫ് ഡേയിലൂടെ പരിചയപ്പെടാം.

1. ദൈവദാസി ക്യാര കോർബെല്ല പെട്രില്ലോ

21-ാം നൂറ്റാണ്ടിൽ ജീവിച്ച വ്യക്തിയാണ് കത്തോലിക്കാ യുവതിയായ ക്യാര കോർബെല്ല പെട്രില്ലോ. ഇവരുടെ ജീവിതം ഈ ആധുനിക നൂറ്റാണ്ടിൽ ഏറെ പ്രചോദനാത്മകമാണ്. അവൾ ഗർഭിണിയാണെന്ന് മനസിലാക്കിയപ്പോൾ ഡോക്ടർമാർ അവളുടെ ആരോഗ്യാവസ്ഥക്ക് നല്ലത് ആ കുഞ്ഞിനെ അബോർഷൻ ചെയ്യുന്നതാണെന്ന് നിർദ്ദേശിച്ചു. എന്നാൽ, ക്യാര അത് നിരസിച്ചു.

ക്യാരയുടെ കുഞ്ഞു മരിയ ഗ്രാസിയ ലെറ്റിസിയ ജനിച്ചെങ്കിലും ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ ഈ ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ. എങ്കിലും, ആ ഒരു മണിക്കൂറിനുള്ളിൽ തന്നെ അവൾ തന്റെ കുഞ്ഞിന് മാമ്മോദീസ കൊടുത്തു.

ഖേദകരമെന്നു പറയട്ടെ, ക്യാരയുടെ രണ്ടാമത്തെ ഗർഭധാരണവും സങ്കീർണ്ണമായിരുന്നു. ഇത്തവണ അവളുടെ കുഞ്ഞിന് കാലും കരളും ഇല്ലായിരുന്നു. അതിനാൽ കുട്ടി മരിക്കുമെന്ന് ഡോക്ടർമാർ ആ അമ്മയോട് പറഞ്ഞു. അത്തവണയും ക്യാരയും ഭർത്താവും ഡോക്ടർമാർ പറഞ്ഞത് ചെവിക്കൊണ്ടില്ല. അങ്ങനെ അവരുടെ മകൻ ഡേവിഡ് ജിയോവാനി ജനിച്ചെങ്കിലും 38 മിനിറ്റ് മാത്രമേ ജീവിച്ചിരുന്നുള്ളൂ. ആ കുഞ്ഞിനും മാമ്മോദീസ നൽകി.

ക്യാര തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു. ഇപ്രാവശ്യം ഗർഭസ്ഥ ശിശുവിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. കുട്ടി ആരോഗ്യവാനായിരുന്നു. എന്നാൽ, ക്യാര അങ്ങനെയായിരുന്നില്ല. അവളുടെ നാക്കിൽ അർബുദമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. അവൾക്ക് ചികിത്സ നൽകാമായിരുന്നെങ്കിലും ഇത് അവളുടെ കുട്ടിയെ അപകടത്തിലാക്കുമായിരുന്നു. തന്റെ കുട്ടി സുരക്ഷിതമായിരിക്കുവാൻ വേദനസംഹാരികൾ ഉൾപ്പെടെയുള്ള എല്ലാ ചികിത്സയും ക്യാര നിരസിച്ചു.

അങ്ങനെ ഫ്രാൻസെസ്കോ എന്ന ആ കുഞ്ഞു നല്ല ആരോഗ്യത്തോടെയാണ് ജനിച്ചത്. പക്ഷേ ക്യാരയുടെ ആരോഗ്യാവസ്ഥ കൂടുതൽ വഷളായി. കാൻസർ രോഗം ശരീരമാകെ വ്യാപിച്ചു. ഒടുവിൽ അവൾ വിവാഹം കഴിഞ്ഞു നാല് വർഷത്തിന് ശേഷം 2012 -ൽ മരിച്ചു. മരിക്കുന്ന ദിവസം അവൾ വിവാഹ വസ്ത്രമാണ് ധരിച്ചിരുന്നത്. മരിക്കുമ്പോൾ ക്യാരയുടെ മുഖത്ത് സന്തോഷമായിരുന്നു.

2. ദൈവദാസി എമിലിയ വോയ്റ്റിവ

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ അമ്മയുടെ പേരാണ് എമിലിയ വോയ്റ്റിവ. ആ അമ്മയുടെ സഹനത്തിന്റെയും സ്നേഹത്തിന്റെയും ഫലമാണ് ലോകത്തിന് ലഭിച്ച മഹാ വിശുദ്ധൻ ജോൺ പോൾ രണ്ടാമൻ പാപ്പാ.

എമിലിയ തന്റെ മൂന്നാമത്തെ കുട്ടിയെ ഗർഭിണിയായിരുന്നപ്പോൾ, അവളുടെ ജീവൻ അപകടത്തിലാണ്, അതിനാൽ ആ കുഞ്ഞിനെ ഗർഭച്ഛിദ്രം ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ, ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാൻ സമ്മതിക്കാതെ ഗർഭാവസ്ഥയിൽ തുടരാൻ സഹായിക്കുന്ന മറ്റൊരു ഡോക്ടറെ കണ്ടെത്താൻ ആ മാതാപിതാക്കൾ തീരുമാനിച്ചു.

എമിലിയ പ്രസവിക്കേണ്ട ദിവസം ഭർത്താവും മൂത്ത മകനും പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പോയി. എമിലിയ മിഡ്‌വൈഫിനോട് ജനാലകൾ തുറക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ തന്റെ കുട്ടി ആദ്യം കേൾക്കുന്നത് ഇടവക ദൈവാലയത്തിൽ ഇന്നും എല്ലാ ദിവസവും വൈകുന്നേരം പാടുന്ന ലൊറെറ്റോ മാതാവിന്റെ ലുത്തിനിയ ആയിരിക്കും. ഈ സംഭവങ്ങളൊക്കെ കൊച്ചു കരോളിൻ ഈ ലോകത്തിലേക്ക് ജനിച്ച ദിവസം മുതൽ വിശുദ്ധിയിലേക്കുള്ള വഴിയിലേക്ക് നയിച്ചിരിക്കാം.

3. ധന്യ ആനി സെലിക്കോവ

മൊറാവിയയിൽ നിന്നുള്ള ആനി സെലിക്കോവ എന്ന ഭക്തയായ പെൺകുട്ടി എല്ലാ ദിവസവും വിശുദ്ധ കുർബാനയ്ക്ക് പോകുമായിരുന്നു. ആഴത്തിലുള്ള വിശ്വാസത്തിന് ഉടമയായിരുന്നു ഈ പെൺകുട്ടി. അവൾക്ക് 13 വയസ്സുള്ളപ്പോൾ, ഗർഭച്ഛിദ്രം നടത്തിയതിന് അവളുടെ അമ്മ ഒരു ബന്ധുവിനെ ശാസിക്കുന്നത് അവൾ കേട്ടു: “ഇത് സ്വർഗ്ഗത്തിനും ആ ശിശുവിനുമെതിരായ പാപമാണ്. നിങ്ങൾക്ക് ആ കുഞ്ഞിനെ കൊല്ലാൻ കഴിയില്ല!”

ചെറുപ്പമായതിനാൽ അമ്മ പറഞ്ഞതിന്റെ അർത്ഥം അവൾക്ക് മനസ്സിലായില്ല. എങ്കിലും ആ സംഭവത്തിന് പ്രായശ്‌ചിത്തം ചെയ്യാൻ ദൈവം തന്നോട് ആവശ്യപ്പെടുന്നതായി അവൾക്ക് തോന്നി. ദൈവത്തിന് തന്റെ ജീവിതം സമർപ്പിച്ചുകൊണ്ട് അവൾ പരിഹാരം ചെയ്യുവാൻ തീരുമാനിച്ചു. ലോകമെമ്പാടും നടക്കുന്ന ഗർഭച്ഛിദ്രങ്ങൾക്കായി അവൾ പരിഹാരം ചെയ്യുവാൻ തുടങ്ങി.

മറ്റുള്ളവരുടെ പാപങ്ങൾക്കായി സ്വയം സമർപ്പിക്കാനുള്ള അവളുടെ ആഗ്രഹത്തിന് ദൈവം ഉത്തരം നൽകി. ഗർഭസ്ഥ ശിശുക്കൾക്കായി ദൈവത്തിന് തന്റെ ജീവിതം സമർപ്പിച്ച അവൾ നാല് വർഷം രോഗാവസ്ഥയിൽ കിടന്നു. ഈ രോഗത്തിന്റെ സഹനങ്ങളെ അവൾ ഗർഭാവസ്ഥയിൽ ഉള്ള ശിശുക്കൾക്ക് വേണ്ടിയാണ് സമർപ്പിച്ചത്. ഒടുവിൽ ക്ഷയരോഗം ബാധിച്ച് 17-ാം വയസ്സിൽ മരിച്ചു.

4. വാഴ്ത്തപ്പെട്ട മരിയാന ബിയർനാക്ക

പോളണ്ടുകാരിയായ മരിയാന ബിയർനാക്ക എന്ന അമ്മ സ്വന്തം ജീവൻ നഷ്ട്ടപ്പെടുത്തിയും തന്റെ ഗർഭസ്ഥ ശിശുവിനെ സംരക്ഷിച്ച സ്ത്രീയാണ്. ഒരു കർഷകന്റെ ഭാര്യയായ അവർ രണ്ടാം ലോക മഹായുദ്ധസമയത്ത് പോളണ്ടിലാണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട ജർമ്മൻ സൈനികരോട് അനുഭാവം കാണിച്ചു എന്നതിന് പ്രതികാരമായി അവിടെയുള്ള പ്രദേശവാസികളെ കൊലപ്പെടുത്തുവാൻ സൈനികർ തീരുമാനിച്ചു. ഇങ്ങനെ തിരഞ്ഞെടുത്തവരിൽ ബിയർനാക്കയുടെ മകനും ഭാര്യ അന്നയും ഉൾപ്പെട്ടിരുന്നു.

ഒരു ചെറിയ പെൺകുട്ടിയുടെ അമ്മയായിരുന്ന അന്ന ഗർഭിണിയും ആയിരുന്നു. അതിനാൽ മരുമകൾക്ക് പകരമായി ബിയർനാക്ക തന്നെ വധിച്ചോളാൻ സൈനികരോട് പറഞ്ഞു. അവർ അതിന് സമ്മതിച്ചു, രണ്ടാഴ്ചയ്ക്കുശേഷം ബിയർനാക്കയെ വധിച്ചു. മരിക്കുമ്പോൾ അവളുടെ കൈയിൽ ജപമാല മുറുകെ പിടിച്ചിരുന്നു. പിന്നീട് അവളുടെ മരുമകൾ അന്ന 98 വയസ്സ് വരെ ജീവിച്ചു.

5. വാഴ്ത്തപ്പെട്ട മരിയ കോർസിനി ക്വട്രോച്ചി

തന്റെ നാലാമത്തെ കുട്ടിയെ ഗർഭിണിയായപ്പോൾ, മരിയ കോർസിനി ക്വട്രോച്ചിക്ക് രക്തസ്രാവം ആരംഭിച്ചു. അമ്മയുടെ ജീവന് അപകടകരമായ അവസ്ഥയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്ക കാലഘട്ടത്തിൽ അവരുടെ അപകടകരമായ അവസ്ഥക്ക് ചികിത്സയില്ല. എന്നാൽ, ആ അമ്മ ഗർഭച്ഛിദ്രം നിരസിച്ചുകൊണ്ട് മരണ വാറണ്ടിൽ ഒപ്പിടുകയായിരുന്നു.

എങ്കിലും മരിയയും അവളുടെ ഭർത്താവും ദൈവത്തിൽ ആശ്രയിച്ചു. അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചു. മാസം തികയാതെ കുഞ്ഞു ജനിച്ചെങ്കിലും അപകടകരമായ അവസ്ഥയെ അതിജീവിക്കുവാൻ അമ്മയ്ക്കും കുഞ്ഞിനും സാധിച്ചു.

6. വി. ജിയെന്ന ബെറെറ്റ മൊല്ല

തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയ അമ്മയും ഡോക്ടറുമായ വി. ജിയെന്ന ബെറെറ്റ മൊല്ല ഇന്നത്തെ കാലഘട്ടത്തിലെ വിശുദ്ധയാണ്. ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ മാതൃകയാക്കാവുന്ന ഒരാളാണ് വി. ജിയെന്ന. 1950- കളിൽ, അവൾ കത്തോലിക്കാ ആക്ഷനിലും സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലും സജീവ അംഗമായി പ്രവർത്തിച്ചു. മൂന്ന് കൊച്ചുകുട്ടികളുടെ അമ്മയും ശിശുരോഗവിദഗ്ദ്ധയും ആയിരുന്നു അവര്‍.

നാലാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുന്ന അവസ്ഥയിലാണ് ഗർഭാശയ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തുന്നത്. ക്യാൻസറിനെ അതിജീവിക്കാനുള്ള ഏകമാർഗ്ഗം, ഗര്‍ഭച്ചിദ്രം നടത്തി ചികിത്സകൾ തുടരുക എന്നതായിരുന്നു. എന്നാൽ, ജിയെന്ന അതിനു സമ്മതിച്ചില്ല. ഇമ്മാനുവേല എന്ന കുഞ്ഞിന് ജന്മം നല്‍കി ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ മരിച്ചു.

7. ദൈവദാസി ഡൊറോത്തി ഡേ

പ്രശസ്ത സാമൂഹിക പ്രവർത്തകയും പത്രപ്രവർത്തകയും ആയിരുന്ന ഡൊറോത്തി ഗർഭിണിയായി. അവളുടെ കാമുകൻ ഗർഭച്ഛിദ്രത്തിന് അവളെ നിർബന്ധിക്കുകയും പിന്നീട് അവളെ ഉപേക്ഷിക്കുകയും ചെയ്തു. ഇത് അവളെ വല്ലാതെ വേദനിപ്പിച്ചു. തന്റെ ജീവിതകാലം മുഴുവൻ ഗർഭച്ഛിദ്രത്തെ കുറിച്ച് തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്ന് അവൾ തുറന്നു പറഞ്ഞു.

ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ, മറ്റ് സ്ത്രീകൾ സമാനമായ അനുഭവത്തിലൂടെ കടന്നുപോകുന്നതിൽ നിന്ന് തടയാനുള്ള ഒരു മാർഗം തന്റെ സ്വന്തം കഥ ധൈര്യത്തോടെ പങ്കുവെയ്ക്കുകയാണ് എന്ന് ഡൊറോത്തി തീരുമാനിച്ചു. അവളുടെ ആഴത്തിലുള്ള വിശ്വാസവും സുവിശേഷ സാക്ഷ്യവും കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ അവളുടെ ജീവിതം ചെലവഴിച്ചു. ഡൊറോത്തിയുടെ ജീവിതം മറ്റ് സ്ത്രീകളുടെ ജീവിതത്തിന് വേണ്ടി നിലകൊള്ളാനും സമ്മർദ്ദം ചെലുത്തുമ്പോൾ ഗർഭച്ഛിദ്രത്തിന് ‘തയ്യാറല്ല’ എന്ന് ധൈര്യത്തോടെ പറയാനും അനേകർക്ക് പ്രചോദനമാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.