ഐഎസ് ഭീകരരാൽ കൊല്ലപ്പെട്ട കോപ്റ്റിക് ക്രൈസ്തവർ ‘ഇരകളല്ല; സാക്ഷികളാണ്’: കോപ്റ്റിക് ആർച്ചുബിഷപ്പ്

ലിബിയയിൽ ഐഎസ് ഭീകരർ കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവർ ഇരകളല്ല മറിച്ച്, സാക്ഷികളാണ് എന്ന് പ്രഖ്യാപിച്ച് ലണ്ടനിലെ കോപ്റ്റിക് ആർച്ച്ബിഷപ്പ് അംഗലോസ്. ലണ്ടനിലെ മാർഗ്ഗരറ്റ് ദേവാലയത്തിൽ നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ക്രിസ്ത്യൻ പീഡനങ്ങൾ പലപ്പോഴും വാർത്തയാക്കപ്പെടുന്നില്ല. വർത്തയാക്കിയാൽ തന്നെ അവയ്ക്ക് നൽകുന്ന തലക്കെട്ടുകളിലും മറ്റും പിശകുണ്ടാകുന്നു. രക്തസാക്ഷികളായ ആളുകളെ പലപ്പോഴും ഇരകളായിട്ടാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, അവർ ഇരകളല്ല മറിച്ച് അടിയുറച്ച ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷികളാണ്” – ബിഷപ്പ് ചൂണ്ടിക്കാട്ടി.

രക്തസാക്ഷികളായ 21 ചെറുപ്പക്കാർ, അവർ നൽകിയ ജീവിതമാതൃക നാം അംഗീകരിക്കുകയും അവരെ ബഹുമാനിക്കേണ്ടിയുമിരിക്കുന്നു. അവരെ ഇരകളായി മുദ്ര കുത്തുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്. ഇന്ന് എല്ലാം മാധ്യമങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ തന്നെ വിശ്വാസത്തെപ്രതി ജീവത്യാഗം ചെയ്യുന്നവരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, മാധ്യമങ്ങൾ അല്പംകൂടെ  ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു – ബിഷപ്പ് വ്യക്തമാക്കി.