ദൈവത്തിന്റെ സംരക്ഷണയില്‍ ഞാന്‍ മടങ്ങും: വൈറലായി ഇറാഖി പെണ്‍കുട്ടിയുടെ വാക്കുകള്‍

മറിയം – നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറാഖില്‍ നിന്ന് ഐഎസ് ഭീകരരെ ഭയന്നു നാടുവിടേണ്ടി വന്ന പെണ്‍കുട്ടി. ഈ പെണ്‍കുട്ടിയുടെ ആഴമായ വിശ്വാസമാണ് ഇന്ന് അനേകം ആളുകള്‍ക്ക് മാതൃകയായി മാറുന്നത്.

ഐഎസ് ഭീകരരുടെ അധിനിവേശത്തില്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടില്‍ പോകേണ്ടിവന്ന മറിയം, ഭീകരരെ സൈന്യം തുരുത്തിയതിനു ശേഷം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങുവാന്‍ തയ്യാറെടുക്കുകയാണ്. ഈ അവസരത്തില്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് മറിയം നല്‍കിയ ഉത്തരമാണ് അനേകരെ ചിന്തിപ്പിക്കുന്നത്. “ഞാന്‍ നാടുവിട്ടു പോകുന്നതിന് കാരണക്കാരായ ആളുകളോട് എനിക്ക് ഒന്നും ചെയ്യാനില്ല. അവര്‍ ചെയ്തതിനു ദൈവത്തിനു മുമ്പാകെ ക്ഷമ ചോദിക്കുക മാത്രമാണു ഞാന്‍ ചെയ്യുന്നത്” – മറിയം പറഞ്ഞു.

“ഞാന്‍ എങ്ങനെ ജീവിക്കും, എവിടെ ജീവിക്കും, സ്ഥലത്തെക്കുറിച്ചോ… അങ്ങനെയുള്ള ആകുലതകളൊന്നും എനിക്ക് ഇല്ല. എന്റെ ഹൃദയത്തില്‍ എന്ത് തോന്നുന്നു എന്നതാണ് പ്രധാനം. അവിടെ ദൈവം എനിക്കായി ചെയ്ത കരുതലിനെക്കുറിച്ചു മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. ദൈവം എന്നെ സംരക്ഷിക്കുകയും എനിക്കായി പ്രവര്‍ത്തികുകയും ചെയ്തു. ആ ദൈവത്തിന്റെ തണലില്‍ ഞാന്‍ മടങ്ങും” – മറിയം കൂട്ടിച്ചേര്‍ത്തു.