ജീവിതത്തില്‍ സമാധാനം വളര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം

ജീവിതത്തില്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് സമാധാനം. പക്ഷേ അത് എങ്ങനെയാണ് നേടേണ്ടത്, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍, പടിപടിയായി ഹൃദയത്തിലും ജീവിതത്തിലും സമാധാനം നിറയ്‌ക്കേണ്ടത് എങ്ങനെ എന്നതിന് ഫ്രാന്‍സിസ് പാപ്പ ഉത്തരം പറഞ്ഞു തരുന്നുണ്ട്. സമാധാനം സ്വന്തമാക്കാനായി ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന നിര്‍ദ്ദേശം ഇങ്ങനെ…

അനുദിന ജീവിതസാഹചര്യങ്ങളില്‍ ചെയ്യേണ്ട ചെറിയ ചെറിയ നന്മകളിലൂടെയും സല്‍പ്രവൃത്തികളിലൂടെയും നല്ല വാക്കുകളിലൂടെയും മാത്രമേ, വ്യക്തിജീവിതത്തിലും കുടുബത്തിലും സമൂഹത്തിലും രാജ്യത്തിലും ലോകത്തിലും യാഥാര്‍ത്ഥ്യമാകേണ്ട സമാധാനത്തിന്റെ അന്തരീക്ഷം വളര്‍ത്തിയെടുക്കാനാകൂ. നാം ഇന്ന് സ്വപ്നം കാണുന്ന സമാധാനം സാക്ഷാത്ക്കരിക്കേണ്ടത്, അനുദിനം നാം ചെയ്യുന്ന ജീവിതത്തിലെ ചെറിയ കാര്യങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയുമാണ്. ഒരു ദിവസം കൊണ്ട് ആര്‍ജ്ജിച്ചെടുക്കാവുന്നതല്ല സമാധാനം. എന്നാല്‍, ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ട് പുണ്യവാനും പാപിക്കും ഒരുപോലെ അത് നേടിയെടുക്കാം. അതിനാല്‍ മനുഷ്യനില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ ദാനം പരിശ്രമം കൊണ്ട് മെനഞ്ഞെടുക്കേണ്ടതാണ്. സമാധാനം അങ്ങനെയാണ് ദൈവികദാനമാകുന്നത്.

നമ്മുടെ ജീവിതപരിസരങ്ങളില്‍ സമാധാനമില്ലെങ്കില്‍ പിന്നെ എങ്ങനെ ലോകത്ത് സമാധാനമുണ്ടാകും. ജീവിതത്തിന്റെ ചെറിയ കാര്യങ്ങളില്‍ സമാധാനം അനുദിനം വളര്‍ത്തിക്കൊണ്ട്, അത് സമൂഹത്തിലേയ്ക്കും പിന്നെ വിശ്വശാന്തിയായി വ്യാപിപ്പിക്കാനും സാധിക്കും. നാം ആത്മശോധന ചെയ്യേണ്ടത് ആദ്യം എന്റെ ഹൃദയാന്തരാളത്തിന്റെ അവസ്ഥ എന്താണ്? അവിടെ സമാധാനമുണ്ടോ? നമ്മുടെ കുടുംബം എങ്ങനെയാണ്? കുടുംബത്തില്‍ സമാധാനവും സന്തോഷവുമുണ്ടോ? നമ്മുടെ സമൂഹത്തില്‍, അല്ലെങ്കില്‍ ജീവിതപരിസരത്ത് സമാധാനമുണ്ടോ? എന്നൊക്കെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.