തൂവാനീസ കൺവൻഷന്‍ സമാപിച്ചു

കോതനല്ലൂർ: യേശുവാണ് ലോകത്തിന്റെ ജീവനെന്നും ദൈവവചനത്തിൽ ആശ്രയിച്ച് വചനാധിഷ്ഠിത ജീവിതം നയിച്ച് അനുദിന ജീവിതത്തിൽ ദൈവാനുഭവം സ്വന്തമാക്കണമെന്നും ബ്രദർ. റെജി പി. കൊട്ടാരം. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കോതനല്ലൂർ തൂവാനിസയിൽ നടത്തപ്പെടുന്ന ബൈബിൾ കൺവൻഷനിൽ വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവവചനത്തിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ തിരിച്ചറിയുകയും അത് പങ്കുവയ്ക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫാ. മാത്യു മണക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന  അർപ്പിച്ചു.

നാല് ദിവസം നീണ്ടുനിന്ന കൺവൻഷനിൽ ദിവസവും വിശുദ്ധ കുർബാന, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരുന്നു. സമാപന ദിനമായ ഇന്നലെ രാവിലെ കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയെ തുടർന്ന് ഫാ. ബ്രദർ മാരിയോ ജോസഫ് വചനശുശ്രൂഷ നയിച്ചു. വൈകുന്നേരം 3.30-ന് ഫാ. തോമസ് ഇടത്തിപ്പറമ്പിലിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവൻഷൻ സമാപിച്ചു.