തിരസ്ക്കരിക്കപ്പെട്ടവന്റെ രാജവീഥി

തന്റെ രാജകീയ ജറുസലേം പ്രവേശനത്തിന് മുന്നൊരുക്കമായി കഴുതക്കുട്ടിയെ അഴിച്ചുകൊണ്ടു വരുവാൻ ശിഷ്യരെ നിയോഗിക്കുന്ന ക്രിസ്തു. “നിങ്ങൾ അതിനെ അഴിക്കുന്നതെന്തിനെന്ന് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട് എന്ന് പറയുക” (ലൂക്കാ 19:31).

ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് ‘എന്നെ ആർക്കും ആവശ്യമില്ല’ എന്ന ചിന്ത മനുഷ്യനിൽ ബലപ്പെടുന്നതാണ്. ഭാരം കയറ്റിവച്ചവർക്കറിയില്ല വലിക്കുന്നവന്റെ ദുഃഖം. എങ്കിലും അവൻ ഭാരം ചുമന്നുകൊണ്ടേയിരിക്കുന്നു. തളർന്നുവീഴും വരെ ചുമക്കണം. കാരണം ചുമക്കുന്നത് പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്.

അവഗണനയുടെയും കുറ്റപ്പെടുത്തലിന്റെയും നെരിപ്പോടിലും നീ ചങ്കോടു ചേർത്തുനിർത്തിയ ബന്ധങ്ങൾ… തളർത്തിയിട്ടും തളരാതെ പ്രിയപ്പെട്ടവർക്കു വേണ്ടിയുള്ള നിന്റെ അദ്ധ്വാനങ്ങൾ… പ്രതിസന്ധികളിലും വിശ്വാസത്തിനു വേണ്ടി നീ ഏറ്റെടുത്ത ത്യാഗങ്ങൾ… എല്ലാം സ്വർഗം മാനിക്കുന്നു. ഇങ്ങനെ അവഗണനയുടെ ഭാണ്ഡചുമട് താങ്ങിയവന്, ഭോഷൻ എന്ന് ലോകം മുദ്ര കുത്തിയവന് രാജവീഥിയൊരുക്കുന്നവനാണ് ക്രിസ്തു. അവന്റെ കണ്ണുകളിൽ നീ അന്യനല്ല. അവന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്.

“പോകാൻ ഒരിടം… കാത്തിരിക്കാൻ ഒരാൾ… ഇത്രയുമുണ്ടെങ്കിൽ ജീവിതം സഫലമായി.”

പോകാൻ ഒരിടം… കാത്തിരിക്കാൻ ഒരാൾ… ഒരു വിശ്വാസിക്ക് ഇതു രണ്ടും ഒരാളാണ് – ക്രിസ്തു.

പോകാൻ അവന്റെ സന്നിധി. അവിടെ അവൻ നമുക്കായ് കാത്തിരിക്കുന്നുണ്ട്. “കർത്താവിനെ കാത്തിരിക്കുക. അവിടുത്തെ മാർഗ്ഗത്തിൽ ചരിക്കുക. ഭൂമി അവകാശമായി തന്ന് അവിടുന്ന് നിന്നെ ആദരിക്കും” (സങ്കീ. 37:34).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.