പ്രളയത്തില്‍ കുരുത്ത കല; ചേക്കുട്ടി  

കലകള്‍ ഉരുത്തിരിയാന്‍ ചില പ്രത്യേകമായ സാഹചര്യം തന്നെ വേണം. വികാരങ്ങളുടെ ഒരു വിക്ഷോഭം ആണല്ലോ ഈ കലകള്‍ പൊതുവേ. പുഞ്ചിരിയും വേദനയും പ്രണയവും വിരഹവും വിശപ്പും ഒക്കെ പ്രകടമാക്കാന്‍ കഴിയുന്ന ഏറെ അര്‍ത്ഥവത്തായ കലാരൂപങ്ങള്‍. വികാരങ്ങളില്‍ നിന്ന് ഉടലെടുത്തു വികാരങ്ങള്‍ പുറപ്പെടുവിക്കുന്ന ദൈവീകമായ രൂപം.

തമ്പ്റാക്കന്മാരുടെയും രാജഭരണത്തിന്റെയും  ഒക്കെ ചൂക്ഷണത്തിന്റെ മുഖം കാണിക്കാനാണ് കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടം തുള്ളലിലെക്ക് തിരിഞ്ഞതെങ്കില്‍ ചലന ചിത്രങ്ങളുടെ മാസ്മരികത ആളുകളിലേക്ക് എത്തിക്കാനാണ് ലുമിയര്‍ സഹോദരങ്ങള്‍ ലോകത്തിന് സിനിമ പരിചയപ്പെടുത്തിയത്. അതുപോലെ, പ്രളയത്തില്‍ കുരുത്ത ഒരു കലയാണ് ചെക്കുട്ടികള്‍.

പ്രളയം കേരളത്തിന് നല്‍കിയ മുറിവുകളും, പ്രളയത്തെ കേരളം നേരിട്ടതും ഒക്കെ ഈ കലാരൂപത്തിലൂടെ ലോകം അറിയും. വേദനയുടെയും പ്രതീക്ഷയുടെയും പ്രതീകമാണ് ഇവള്‍! ‘ചേക്കുട്ടി’

തിളക്കം മങ്ങിയ പട്ട്

നാടിന്റെ പൈതൃകവും മനുഷ്യന്റെ നാണവും ഒക്കെ കാക്കുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട് ഇങ്ങ് ചേന്ദമംഗലത്ത്. തങ്ങള്‍ക്ക് കൈമാറി കിട്ടിയ കുല തൊഴില് ഉപജീവന മാര്‍ഗമാക്കി, അതിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു പറ്റം ആളുകള്‍. ജീവിതത്തിന്റെ കൂടി നൂലിഴകളാണ് അവര്‍ തങ്ങളുടെ വിരലുകള്‍ കൊണ്ട് നെയ്തു തീര്‍ക്കുന്നത്. കേരള മങ്കയെയും മന്നനെയും ഒക്കെ സൃഷ്ടിക്കുന്നത് ഇവരുടെ വിരലുകളില്‍ വിരിയുന്ന ജാല വിദ്യ കൊണ്ട് തന്നെ.

എന്നാല്‍ എല്ലാവരെയും പോലെ പ്രളയം ഇവരുടെ നെയ്ത്തു ശാലകളിലും കരി നിഴല്‍ വിതറി. ആ കൈകളിലൂടെ നെയ്തു തീര്‍ത്ത തിളക്കമുള്ള കസവിന്മേല്‍ ആ നിഴല്‍ വീണു. അവയുടെ തിളക്കം നഷ്ടപ്പെട്ടു. പ്രളയം 52 ലക്ഷം രൂപയുടെ നഷ്ടമാണ് ചേന്ദമംഗലത്തെ നെയ്തു ഗ്രാമത്തിന് വരുത്തിയത്. 21 ലക്ഷം രൂപയുടെ വസ്ത്രങ്ങളാണ്  നശിച്ചത്. എട്ട് ലക്ഷം വിലയുള്ള ഉപകരണങ്ങള്‍ വേറെയും. വസ്ത്രത്തിന്റെ തിളക്കത്തിന് ഒപ്പം നഷ്ടപ്പെട്ടത് അവരുടെ ഒക്കെ ജീവിതത്തിന്റെ പ്രതീക്ഷകള്‍ കൂടിയാണ്. സര്‍ക്കാരും സന്നദ്ധ സംഘടനകളും ഒക്കെ ചേര്‍ന്ന് എത്ര സഹായിച്ചാലും തീര്‍ക്കാന്‍ കഴിയാത്ത നഷ്ടമാണ് ഇവര്‍ക്ക് സംഭവിച്ചിരിക്കുന്നത്.

പ്രതീക്ഷ വിടര്‍ത്തി ‘ചേക്കുട്ടി’

ഈ സാഹചര്യത്തിലാണ് ചേക്കുട്ടി എന്ന വേറിട്ട ആശയം ഉദിക്കുന്നത്. ‘ചേറില്‍ കുരുത്ത കുട്ടി’ യായ ചേക്കുട്ടിയെ നിര്‍മ്മിക്കാന്‍ ആരംഭിക്കുന്നത്. സാരികള്‍ നനച്ചു ക്ലോറിനെറ്റ് ചെയ്തു. ചെറിയ കഷ്ണങ്ങളായി മുറിച്ചു അവയില്‍ നിന്നും തുണി പാവകളെ നിര്‍മ്മിക്കുക. ഏറെ നവീനമായ ആശയമാണ്. ഒപ്പം ഒരു ഓര്‍മ്മപ്പെടുതലും. ചേറില്‍ അടിഞ്ഞ ജീവിതങ്ങളുടെയും, അവയില്‍ നിന്നും ഉയര്‍ത്ത് എഴുന്നേല്‍ക്കുന്ന പുതിയ പ്രതീക്ഷകളുടെയും.

ഒരു സാരിയില്‍ നിന്നും 360 ചേക്കുട്ടികളെ നിര്‍മ്മിക്കാന്‍ കഴിയും. ഒരു ചേക്കുട്ടിക്ക് 25 രൂപയാണ് വില. ഇത്തരത്തില്‍ പണം സമാഹരിച്ചു നെയ്ത്ത് ഗ്രാമം തിരിച്ചു പിടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കേരളത്തിന് പ്രളയം സമ്മാനിച്ച ആ കലയെ ചേര്‍ത്ത് നിര്‍ത്താം. ഒപ്പം ചേര്‍ക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.