കൊറിയൻ ക്യാമ്പിൽ മരണമടഞ്ഞ ദൈവദാസൻ ഫാ. കപൗന്റെ ഭൗതികാവശിഷ്ടങ്ങൾ 70 വർഷങ്ങൾക്കു ശേഷം വീണ്ടും കാൻസാസിൽ

കൊറിയൻ യുദ്ധനായകന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫാ. എമിൽ കപൗന്റെ ഭൗതികാവശിഷ്ടങ്ങൾ 70 വർഷങ്ങൾക്കു ശേഷം ജന്മനാടായ കാൻസാസിലെ വിചിറ്റയിലേക്ക് തിരികെയെത്തി. 1953 മുതൽ പസിഫിക്കിലെ നാഷണൽ മെമ്മോറിയൽ സെമിത്തേരിയിൽ മറവ് ചെയ്തിരുന്ന ഭൗതികാവശിഷ്ടങ്ങൾ അടുത്തയിടെയാണ് തിരിച്ചറിയപ്പെട്ടത്.

1944 -ൽ യുഎസ് ആർമി ചാപ്ലെയിൻ ആയി രണ്ടാം ലോക മഹായുദ്ധത്തിലും കൊറിയൻ യുദ്ധത്തിലും സേവനമനുഷ്ഠിച്ച ഫാ. എമിൽ, സൈനികരെ ശുശ്രൂഷിക്കാൻ തന്റെ ജീവൻ പണയപ്പെടുത്തി സേവനമനുഷ്ഠിച്ചു. പരിക്കേറ്റ ചൈനീസ് സൈനികരെയും അദ്ദേഹം യുദ്ധക്കളത്തിൽ നിന്ന് വീണ്ടെടുത്തു. ഒടുവിൽ യുദ്ധത്തടവുകാരനായി മാറ്റപ്പെട്ടെങ്കിലും ജയിലിൽ തണുത്തുറഞ്ഞ താപനില, പട്ടിണി, രോഗം എന്നിവയുമായി പൊരുതുന്നതിനിടയിൽ പോലും തടവുകാരെ ആത്മീയവും ശാരീരികവുമായി രക്ഷപെടുത്തുവാൻ പരിശ്രമിക്കുകയും സ്വജീവൻ ത്യജിക്കുകയും ചെയ്തു.

1951 മെയ് മാസത്തിൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ നിസ്വാർത്ഥത പിന്നീടുള്ള വർഷങ്ങളിൽ അംഗീകരിക്കപ്പെട്ടു. 1993 -ൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ ദൈവദാസൻ എന്ന് നാമകരണം ചെയ്തു. അമേരിക്കയിലെ പരമോന്നത സൈനികബഹുമതിയായ മെഡൽ ഓഫ് ഓണർ നൽകി അപ്പോഴത്തെ പ്രസിഡന്റ് ആയിരുന്ന ഒബാമ അദ്ദേഹത്തെ ആദരിച്ചിരുന്നു. സെപ്റ്റംബർ 13 -ന് വിചിറ്റ രൂപതയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ ഭൗതികാവശിഷ്ടങ്ങൾ സ്ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.