മുറിവുണക്കുന്ന തിരുഹൃദയം

അനാദി മുതലേ മുറിവേറ്റവനെ അന്വേഷിച്ചിറങ്ങുന്ന ദൈവത്തെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. അത്തിയിലകൾ മറയാക്കി ദൈവത്തെ കബളിപ്പിക്കാം എന്നു കരുതിയ മനുഷ്യനു തെറ്റി!! ആദം നീ എവിടെയാണ്? ഈ ചോദ്യം ആവർത്തിച്ചു ചോദിച്ച് ഇന്നും അവൻ എന്റെ പിന്നാലെ തന്നെയുണ്ട്!!

മുറിവേറ്റുപോയെങ്കിൽ നിന്നെ സുഖപ്പെടുത്താനുള്ള ലേപനവും അവന്റെ കൈയിൽ അവൻ കരുതിയിട്ടുണ്ട്!! അവന്റെ മുന്നിൽ ഒന്നുപോയി നിന്നുകൊടുത്താൽ മതി. കുരിശിന്റെ ചുവട്ടിൽ നിന്ന ശതാധിപന്റെ കണ്ണ് തുറക്കപ്പെട്ടത് അവന്റെ ഹൃദയത്തിൽ നിന്നും ഇറ്റുവീണ ലേപനം കൊണ്ടല്ലേ? നമ്മെ കേൾക്കാനും, സുഖപ്പെടുത്താനും ആശ്വസിപ്പിക്കാനുമൊക്കെയാണ് അവന് താല്പര്യം!!

മനസ്സിൽ നിരാശയുടെ വിത്തുകൾ വളർന്നുതുടങ്ങുമ്പോൾ, ഞാനാണ് ഏറ്റവും വലിയ അപരാധി എന്ന് മനസ്സ് പഴിക്കുമ്പോൾ, ജീവിതത്തിന് അർത്ഥമില്ലായെന്ന ചിന്തകൾ അലട്ടുമ്പോള്‍… ഓർക്കുക, നിന്നെക്കാളും വിലയിട്ടിരിക്കുന്ന മറ്റൊരുവൻ അവനില്ലായെന്ന്!!! അവനൊരുക്കുന്ന വിരുന്നുമേശയിൽ അവൻ കാത്തിരിക്കുന്ന പ്രധാന അതിഥിയും ഞാൻ തന്നെയാണ്!! യാന്ത്രികമായി അവന്റെ കാസ എടുത്തുയർത്തുമ്പോഴല്ലേ മനസ്സുടയുന്ന നേരത്ത് അവനെ ഓർക്കാനാകാത്തത്? നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും അവന്റെ ഹൃദയത്തിൽ പരിഹാരമുണ്ട്. നമ്മൾ നമ്മളെ തന്നെ തച്ചുടയ്ക്കുന്നത് ആ ഹൃദയത്തിന് എങ്ങനെ ഉൾക്കൊള്ളാനാകും? ആരാധനയും പുകഴ്ചയും മാത്രമാണോ അവൻ അന്വേഷിക്കുന്നത്? എന്റെ അർത്ഥനകളും അപരാധങ്ങളും ഏറ്റെടുത്തവനല്ലേ ആ യുവഹൃദയം?? ആരും ഒറ്റയ്ക്കല്ല കേട്ടോ, അവനുണ്ട് കൂടെ…

റോസിനാ പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.