ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ കാരുണ്യത്തിന്റെ കരുതല്‍സ്പര്‍ശം ഒരുക്കാന്‍ സാധിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ കാരുണ്യത്തിന്റെ കരുതല്‍സ്പര്‍ശം ഒരുക്കാന്‍ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന നവജീവന്‍ ദുരന്തനിവാരണ ലഘൂകരണപദ്ധതിയുടെ ഭാഗമായി ഗ്രാമതല വോളണ്ടിയേഴ്‌സിന് ലഭ്യമാക്കുന്ന എമര്‍ജന്‍സി കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈത്യയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അടിക്കടിയുണ്ടാകുന്ന പ്രളയ-മണ്ണിടിച്ചില്‍ ദുരന്തങ്ങളില്‍ ആളുകള്‍ക്ക് സഹായഹസ്തമൊരുക്കാനും അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കാനും സുസജ്ജമായ ഗ്രാമതല സന്നദ്ധസേവകരുടെ കൂട്ടായ്മയും ഏകോപനവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കാന്‍ ഗ്രാമതല വോളണ്ടിയേഴ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും അതിനായുള്ള പരിശീലനങ്ങളും സഹായക കിറ്റുകളും ലഭ്യമാക്കുന്നതിലൂടെ ദുരന്തങ്ങളുടെ ആഘാതത്തെ ലഘൂകരിക്കാനും സാധിക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രളയ ദുരന്തബാധിത മേഖലകളില്‍ സഹായഹസ്തമൊരുക്കുന്നതിനായുള്ള ലൈഫ് ജാക്കറ്റ്, ടോര്‍ച്ച്, ഫസ്റ്റ് എയിഡ് കിറ്റ്, റോപ്പ്, ബൂട്ട്, കൈയുറകള്‍, എമര്‍ജന്‍സി ബാഗ്, ദുരന്തനിവാരണ കര്‍മ്മരേഖ എന്നിവ അടങ്ങുന്ന കിറ്റുകളാണ് ഗ്രാമതല ദുരന്തനിവാരണ കര്‍മ്മസേനാ അംഗങ്ങള്‍ക്കായി ലഭ്യമാക്കിയത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.