സാത്താൻ ആരാധകർ കൊലപ്പെടുത്തിയ സന്യാസിനിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി

സാത്താൻ ആരാധകരായ മൂന്ന് കൗമാരപ്രായക്കാരായ പെൺകുട്ടികൾ കൊലപ്പെടുത്തിയ ഇറ്റാലിയൻ സമർപ്പിത സി. മരിയ ലോറ മൈനെറ്റി ഇനി വാഴ്ത്തപ്പെട്ടവൾ. ഇന്നലെയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടന്നത്.

കിയാവെന്നയിൽ വച്ച് 2000 ജൂൺ ആറിന് രക്തസാക്ഷിത്വം വരിച്ച സിസ്റ്ററിനെ ഫ്രാൻസിസ് പാപ്പാ 2020 ജൂൺ 19-ന് രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. കോമോ രൂപതയിൽ പ്രത്യേക ചടങ്ങുകളും പ്രാർത്ഥനകളും ഉണ്ടായിരുന്നു. “യുവജനങ്ങളെ അത്യധികം സ്നേഹിച്ചിരുന്ന സമർപ്പിത തീർച്ചയായും ആ മൂന്നു പെൺകുട്ടികളോടും ക്ഷമിച്ചിട്ടുണ്ടാകും. നാം ചെയ്യുന്ന ഏത് പ്രവർത്തിയും സ്നേഹം, വിശ്വാസം, ഉത്സാഹം എന്നിവ നിറഞ്ഞതായിരിക്കട്ടെ” – ചടങ്ങിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

സിസ്റ്റേഴ്സ് ഓഫ് ദി ക്രോസ്സ് സഭാംഗമായ അവർ ചെറുപ്പക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നു. എന്നാൽ 2000 ജൂൺ മാസം ആറാം തീയതി രാത്രി, മൂന്നു പെൺകുട്ടികൾ സിസ്റ്ററിനെ ഫോൺ വിളിക്കുകയും മഠത്തിനു പുറത്തേയ്ക്ക് വരുത്തുകയും ചെയ്തു. ഉടൻ തന്നെ അവർ സി. മരിയയെ കൊലപ്പെടുത്തുകയായിരുന്നു. 16-നും 19-നും ഇടയിൽ പ്രായമുള്ള മൂന്നു പെൺകുട്ടികൾ ചേർന്ന് കൊലപ്പെടുത്തിയ സിസ്റ്ററിന്റെ മൃതശരീരം പിറ്റേദിവസം രാവിലെയാണ് കണ്ടെത്തിയത്. അപ്പോൾ അവരുടെ ശരീരത്തിൽ 19 മുറിവുകളായിരുന്നു ഉണ്ടായിരുന്നത്. സാത്താൻ ആരാധനാരീതിയായ സാത്താനിക് സാക്രിഫൈസിന്റെ ഭാഗമായിട്ടാണ് കൊല നടത്തിയതെന്നു പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ വെളിപ്പെടുത്തിയിരുന്നു. മരിക്കുമ്പോള്‍ സി. മരിയയ്ക്ക് 60 വയസ്സായിരുന്നു പ്രായം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.