കത്തോലിക്കാ ഭൂരിപക്ഷം കൂടുതൽ ഉള്ള ഒരു ചെറിയ രാജ്യം

കത്തോലിക്കാ ഭൂരിപക്ഷം കൂടുതൽ ഉള്ള രാജ്യം ഏതാണെന്നു ചോദ്യത്തിന് മറ്റൊന്നും ചിന്തിക്കാതെ വത്തിക്കാൻ എന്ന് നമ്മൾ ഉത്തരം പറയും. എന്നാൽ വത്തിക്കാൻ അല്ലാതെ മറ്റൊരു രാജ്യം കൂടെയുണ്ട് ഈ ലിസ്റ്റിൽ. ആ രാജ്യമാണ് തിമോർ-ലെസ്റ്റെ. അധികം ആളുകൾ ഈ രാജ്യത്തെക്കുറിച്ച് കേട്ടിട്ടില്ലെങ്കിലും, ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള തിമോർ-ലെസ്റ്റെ നിരവധി കാരണങ്ങളാൽ ശ്രദ്ധേയമാണ്.

ഏകദേശം 1.4 ദശലക്ഷം ജനങ്ങളുള്ള തിമോർ-ലെസ്റ്റെയുടെ ജനസംഘ്യയുടെ 98 % ആളുകളും കത്തോലിക്കാരാണ് എന്നതാണ് അതിൽ ഒരു പ്രധാന കാരണം. വത്തിക്കാൻ അല്ലാതെ ഇത്രയും കത്തോലിക്കാ പ്രാധിനിത്യം ഉള്ള മറ്റൊരു രാജ്യം തിമോർ-ലെസ്റ്റെയാണ്. മുമ്പ് കിഴക്കൻ തിമോർ എന്നറിയപ്പെട്ടിരുന്ന തിമോർ-ലെസ്റ്റെയിലെ ആളുകൾ നിരവധി പ്രതിസന്ധികളിലൂടെ കടന്നു വന്നവരാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഇവിടുത്തെ മൂന്നിലൊന്ന് ആളുകൾ അക്രമം, രോഗം, അല്ലെങ്കിൽ പട്ടിണി എന്നിവ മൂലം മരണമടഞ്ഞു.

1500-കളുടെ തുടക്കത്തിൽ പോർച്ചുഗീസുകാർ ആണ് ഇവിടേയ്ക്ക് കത്തോലിക്കാ വിശ്വാസം കൊണ്ടുവന്നത്. നാലു നൂറ്റാണ്ടിലേറെയായി ഈ പ്രദേശം പോർച്ചുഗീസ് കോളനി ആയിരുന്നു. ഈസ്റ്റ് തിമോർ 1975 നവംബർ 28 ന് ഒരു സ്വതന്ത്ര രാജ്യമായി. ഒൻപത് ദിവസത്തിന് ശേഷം തിമോറിനെ ഇന്തോനേഷ്യ ആക്രമിച്ചു. ഇതേ തുടർന്ന് സ്വാതന്ത്ര്യ അനുകൂല കിഴക്കൻ തിമോറീസ് മിലിഷിയകളും ഇന്തോനേഷ്യൻ മിലിട്ടറിയും തമ്മിലുള്ള പതിറ്റാണ്ടുകളുടെ പോരാട്ടം ആരംഭിച്ചു. കൂടാതെ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പോരാളികൾ തെരുവുകളിൽ മരിക്കുകയോ അറസ്റ്റുചെയ്യപ്പെടുകയോ  അപ്രത്യക്ഷമാവുകയോ ചെയ്തു.

യുദ്ധം, അതിക്രമങ്ങൾ, ദാരിദ്ര്യം, എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന അവസ്ഥ. നാളുകളുടെ രക്തചോരിച്ചിലും കലഹങ്ങളും അവസാനിപ്പിച്ച് 2002 ൽ തിമോർ സ്വാതന്ത്ര്യം നേടി. എന്നാൽ നാളുകളായി ഉള്ള യുദ്ധം അവരെ അക്ഷരാർത്ഥത്തിൽ തളർത്തി കളഞ്ഞിരുന്നു. എല്ലാ മേഖലയിലും ക്ഷാമം രൂക്ഷമായി. യുദ്ധം കൊണ്ടും മടുത്തു. ഈ അവസരത്തിൽ ആണ് ആളുകൾ ക്രൈസ്തവ മതത്തിലേക്ക് കൂടുതലായി ചേർന്ന് തുടങ്ങിയത്.

ആദ്യ സമയങ്ങൾ വെറും കുറച്ചുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ ഒപ്പം കൂടുതൽ ക്രൈസ്തവർ എത്തി. അങ്ങനെ ജനസംഖ്യയുടെ ഭൂരിഭാഗവും കത്തോലിക്കരെ കൊണ്ട് നിറഞ്ഞു. എങ്കിലും രാജ്യത്തെ ആകമാനം പട്ടിണി വിഴുങ്ങുകയായിരുന്നു. പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുവാൻ ഇവിടുത്തെ ജനങ്ങൾക്ക് ആയില്ല. അത് അവരെ പ്രതിസന്ധിയിലേക്ക് കൊണ്ട് പോയി. പട്ടിണിയാണ്, ദാരിദ്ര്യം ഉണ്ട്. ഇതോക്കെ പുറമെയുള്ള പ്രശ്നങ്ങൾ മാത്രം. എന്നാൽ ആത്‌മീയമായി വളരെയധികം ശക്തിപ്പെട്ട ഒരു ജനതയായിരുന്നു അവർ. അതു കൊണ്ട് തന്നെ സമ്പന്നതയുടെ നടുവിലും സെമിനാരികൾ പൂട്ടിപ്പോകുമ്പോൾ ഇവിടെ ഈ കൊച്ചു രാജ്യത്ത് സെമിനാരികളിൽ ആളുകൾ കൂടുതലായതിനാൽ ബദൽ സംവിധാനങ്ങൾ തേടുകയാണ്.