കാംപോ കവാല്ലോയിലെ വ്യാകുല മാതാവിന്റെ ചിത്രത്തിന്റെ ചരിത്രം 

മധ്യ ഇറ്റലിയിലെ മാർച്സ് മേഖലയിലെ ഒരു ചെറിയ കുഗ്രാമമാണ് കാംപോ കവാല്ലോ. ഇന്ന് 1500 ഓളം മാത്രം ജനസംഖ്യയുള്ള ഈ നാടിന്റെ മധ്യഭാഗത്തായി ഉള്ള ഒരു തീർത്ഥാടന കേന്ദ്രമുണ്ട്. അതില്ലായിരുന്നുവെങ്കിൽ ഈ ലോകത്തിൽ ഈ ചെറിയ ഗ്രാമം ആരാലും ശ്രദ്ധിക്കപ്പെടുകയില്ലായിരുന്നു. ഈ തീർത്ഥാടന ദൈവാലയത്തിൽ ഒരുപാട് പ്രത്യേകതകളുള്ള പരിശുദ്ധ അമ്മയുടെ ചിത്രം സ്ഥാപിക്കപ്പെട്ടതിരിക്കുന്നു. ലോകശ്രദ്ധയാകർഷിച്ച ഈ അത്ഭുതം നടന്നത് 1892 ലെ ജൂൺ മാസം 16 നു കോർപ്പസ് ക്രിസ്റ്റിയുടെ തിരുനാളിനാണു.

അന്നേദിവസം  പരിശുദ്ധ കന്യകാമറിയത്തിന്റെ  ചിത്രത്തിലെ കണ്ണിൽ നിന്ന് കണ്ണുനീർ വാർക്കുവാൻ തുടങ്ങുകയും  അതിനടുത്ത ദിവസം അതെ  ചിത്രത്തിലെ കണ്ണുകൾ പതിയെ ചലിക്കുവാനും  തുടങ്ങി. ഈ അത്ഭുതത്തിനു ഒരുപാട്പേരാണ് സാക്ഷ്യം വഹിച്ചത്.  ഇറ്റലിയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും പുറത്തുനിന്നും ഒരുപാട് തീർത്ഥാടകർ അവിടേക്കെത്തിചേർന്നു. ഏതാണ്ട് 10 വർഷത്തോളം പല തവണകളായി ഈ അത്ഭുതം തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ആരാധനയും   വിശുദ്ധ കുർബാനയും നടത്തുന്നതിനായി ഒരു ദൈവാലയം പണിയുവാനായി ആരംഭിക്കുകയൂം പിന്നീട് 1905  സെപ്റ്റംബർ മാസം 21നു ദൈവാലയം തീർത്ഥാടകർക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

1939  ഓഗസ്റ്റ് മാസം മുതൽ  മുതൽ അവിടുത്തെ വിശ്വാസികൾ ദൈവാലയത്തിന്റെ വലിയ മാതൃക ഒരു വാഹനത്തിൽ നഗരത്തിലൂടെ പ്രദക്ഷിണമായി പ്രാർത്ഥനാപൂർവ്വം കൊണ്ടുനടക്കാറുണ്ട്. ഭക്തിയുടെ ബഹിർസ്ഫുരണമായിട്ടാണ് അവർ ഇത്തരത്തിലുള്ള അസാധാരണമായ ചടങ്ങുകൾ കൊണ്ടാടുന്നത്.  മാതാവിന്റെ ദൈവാലയത്തിനു  ഏതാണ്ട് ആറു മൈൽ അകലെയാണ് ജോസഫ് കുപ്പർത്തീനോയുടെ തീർത്ഥാടന ദൈവാലയം.ഇന്നും തീർത്ഥാടകർ അനുസ്യൂതം എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന വ്യാകുലമാതാവിന്റെ ഈ ദൈവാലയവും കണ്ണുനീർ വാർക്കുന്ന മാതാവിന്റെ ചിത്രവും വളരെ പ്രസിദ്ധമാണ്.

കാംപോകവാല്ലോയിലെ പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാർത്ഥന:

ദുഃഖങ്ങൾ നിറഞ്ഞ കന്യകയേ, നിന്റെ പരിശുദ്ധമാർന്ന കണ്ണുകൾ ഞങ്ങൾക്ക് നേരെ താഴ്ത്തിക്കൊണ്ട്  ഞങ്ങളുടെ സങ്കടങ്ങളെ ദൈവസന്നിധിയിലേക്കുയർത്തുകയും ചെയ്തുവല്ലോ.  കരുണ നിറഞ്ഞ നല്ല  അമ്മേ, ഞങ്ങളുടെ പ്രാർത്ഥനയെ  ഹൃദയപൂർവ്വം കൈക്കൊള്ളണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.