കഷ്ടതകളില്‍ കൈ പിടിക്കുന്ന കര്‍ത്താവ് 

സര്‍വ്വകലാശാലയിലേക്കുള്ള വഴിയിലൂടെ നടന്നപ്പോഴാണ് അയാളെ ഞാന്‍ കണ്ടത്. ബീച്ചിന് എതിര്‍വശത്തുള്ള സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് സമീപം നിറം മങ്ങിയ ഭിത്തിയോട് ചേര്‍ന്നാണ് ഇരിപ്പ്. മുഷിഞ്ഞവസ്ത്രം, കൈയിലൊരു സഞ്ചി. ചിലനേരങ്ങളില്‍ ആ സഞ്ചി തലയ്ക്കുവച്ച് ഉറക്കമായിരിക്കും. ഏകദേശം അറുപത് വയസ്സ് പ്രായം. ധൃതിയില്‍ നടക്കുന്ന വഴിയില്‍ ‘ഒന്നുനോക്കണമ്മാ’ എന്നയാള്‍ സ്വരം താഴ്ത്തിപ്പറഞ്ഞു. ഒന്നുമറിയാത്തമട്ടിലാണെന്റെ നടത്തം. കുറച്ചു ദിവസങ്ങള്‍ക്കുശേഷം കണ്ടപ്പോള്‍ വീണ്ടും ഒരു ചോദ്യം എങ്കപോകയാ.

ചിന്തകള്‍ എന്റെ മനസ്സിനെ വേട്ടയാടികൊണ്ടിരുന്നു. എന്നും മനുഷ്യന്റെ സ്വകാര്യദു:ഖം സ്‌നേഹത്തിനുവേണ്ടി തന്നെ. അപ്പാ, ചേട്ടാ, സഹോദരാ, സുഹൃത്തേ, മകനേ എന്നൊക്കെയുള്ള വിളികള്‍ അയാള്‍ കൊതിച്ചിട്ടുണ്ടാകും. ‘തനിക്കാരുമില്ലല്ലോ’ എന്നതാണ് അയാളുടെ ദു:ഖം. പിന്നെ സ്‌നേഹത്തിന്റെ ശിഷ്യന്‍ യോഹന്നാന്‍ കുറിച്ച വരികള്‍ ഓര്‍ത്തു.

സുവിശേഷത്താളുകളില്‍ പതിഞ്ഞുകിടക്കുന്ന നിറം മങ്ങിയ ഒരു ജീവിതം അവിടെയാണ് ക്രിസ്തു എത്തിയത്. കണ്ടമാത്രയില്‍ അവന്‍ ചോദിച്ചു “സുഖം പ്രാപിക്കാന്‍ നീ ആഗ്രഹിക്കുന്നോ”.  ഉണ്ടെന്നോ ഇല്ലെന്നോ അയാള്‍ പറഞ്ഞില്ല മറിച്ച് എന്നെ കുളത്തിലിറക്കാന്‍ ആരുമില്ല എന്നുമാത്രമേ അയാള്‍ പറഞ്ഞുള്ളു. മുപ്പത്തിയെട്ടുവര്‍ഷമായി ആ കുളക്കരയില്‍ കിടക്കാന്‍ തുടങ്ങിയിട്ട്. ജീവിതത്തിന്റെ ഒരു നല്ല പങ്ക് മുഴുവന്‍ അയാള്‍ അവിടെ ചെലവഴിച്ചു. അപ്പോഴൊക്കെ ആ മനസ്സിനെ മതിച്ച ഒരേ ഒരുകാര്യം‘എനിക്കാരുമില്ല ’ എന്ന വിചാരമായിരുന്നു. അതുവഴി കടന്നുപോയ പലരും കൈവശമുള്ള നാണയത്തുട്ടുകള്‍ പങ്കുവച്ചിട്ടുണ്ട്. ഭക്ഷണപാനിയങ്ങള്‍ നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ അയാളെങ്ങനെ 38 വര്‍ഷം ജീവിക്കും. എന്നിട്ടും അയാള്‍ക്ക് ഒരുസുഹൃത്തിനെ കിട്ടിയില്ലല്ലോയെന്ന ചിന്ത വായനക്കാരാ നിന്നെപ്പോലും അസ്വസ്ഥനാക്കുന്നില്ലെ. എത്രയോ ആയിരങ്ങള്‍ ആ മനുഷ്യന്റെ സമീപത്തുകൂടി കടന്നുപോയി. എന്നിട്ടും അയാളുടെ മനസ്സുവായിക്കാന്‍ ആരുമുണ്ടായിരുന്നില്ലല്ലോ ആ നസ്രയനല്ലാതെ ആരെങ്കിലും മനസ്സറിയാന്‍ തയ്യാറായിരുന്നെങ്കില്‍ അയാള്‍ പണ്ടെ സുഖമുള്ളവനായി തിരിച്ചുപോയേനെ.

കാലികസമൂഹത്തെ വിശേഷിപ്പിക്കുന്നതുതന്നെ തിരക്കിന്റെ ലോകമെന്നാണ്. സച്ചിദാനന്ദന്റെ കൃതികളിലെ, ലാമ ഭ്രാന്തു പിടിച്ചോടുന്ന വാഹനങ്ങള്‍ കണ്ടിട്ട് പറയുന്നു ഒരു കട്ടാറും ഇത്രവേഗം ഓടീട്ടില്ല. എല്ലാ മനസ്സും കൊണ്ടുനടക്കുന്ന ചുട്ടുപൊള്ളിക്കുന്ന ഒരു കനലുണ്ട്. എനിക്കാരുമില്ല എന്ന വിചാരം. ആരുമില്ലാത്തവന്റെ മുന്നില്‍ ക്രിസ്തു വളരെ കരുതലോടെ ഉണ്ടാവും. നിനക്കെന്താ വേണ്ടത് ഞാന്‍ ചെയ്തു തരാം എന്ന ചിന്തയോടെ അവന്‍ എത്തിയിട്ടുണ്ടാകും. പിന്നെയെന്നും ആ തിരയിളക്കങ്ങളില്‍ അവന്‍ കൂടെയുണ്ട് എന്നതാണ് ഏക ബലം.

ഒരുപാട് അശാന്തികളുടെ കനലുകള്‍ നെഞ്ചില്‍ പേറിനടക്കുന്ന ഒരായുസ്സിന് സ്വര്‍ഗ്ഗം സമ്മാനിക്കുന്ന കനിവാണ് സൗഹൃദം. ആത്മനൊമ്പരങ്ങളുടെ നെരിപ്പോടിലാണ് ഒരുവന്‍ സൗഹൃദങ്ങളുടെ വില അറിയുന്നത്. ഇന്നോളം ഒരാള്‍ക്കും നിന്റെ ജീവിതത്തിലെ തിരയിളക്കങ്ങളില്‍ കൈപിടിക്കാനായിട്ടില്ലായിരിക്കും. ഒരുപക്ഷേ തന്ന കൈകള്‍ എന്തെങ്കിലും നഷ്ടമായേക്കുമോ എന്ന് പേടിച്ച് പിന്‍വലിച്ചേക്കാം. ഒരുവനെ അലട്ടുന്ന മാനസികപ്രശ്‌നത്തിനു മുന്നിലെ ഉത്തരം ക്രിസ്തു മാത്രം. വിശുദ്ധഗ്രന്ഥത്തില്‍ ദൈവം വാചാലനാകുന്നു. “നിന്നെതൊടുന്നവന്‍ എന്റെ കൃഷ്ണമണിയെയാണ് സ്പര്‍ശിക്കുന്നത്”. കര്‍ത്താവാണ് നിന്റെ കാവല്‍ക്കാരന്‍. അവന്‍ ഉറങ്ങുകയോ മയങ്ങുകയോ ഇല്ല. ഇതില്‍ പരം എന്ത് ആശ്വാസമാണ് വേണ്ടത്.

സി. ഡോ. തെരേസ് ആലഞ്ചേരി എസ്.എ.ബി.എസ്
കാഞ്ഞിരപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.