ഒരു അടിമയുടെ കൊച്ചുമകൾ; തൊണ്ണൂറ്റിനാലാം വയസിലും അനേകരെ ശുശ്രൂഷിക്കുന്ന ഡോക്ടർ

ഡോ. മെലിസ്സ ഫ്രീമാൻ. ആദ്യമായി കാണുന്നവർ പോലും ചാരുതയേറിയ അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കും. അവരുടെ പെരുമാറ്റവും വസ്ത്രധാരണവും സംസാരവുമെല്ലാം വളരെ ഊഷ്മളവും മനോഹരവുമാണ്. തന്റെ തൊണ്ണൂറ്റിനാലാം വയസ്സിലും എല്ലാ ദിവസവും ഈ ഡോക്ടർ പ്രവർത്തനനിരതയാണ്. ന്യൂയോർക്കിൽ 65 വർഷമായി സേവനം ചെയ്യുന്ന ഈ ഡോക്ടറെക്കുറിച്ച് കൂടുതൽ അറിയാം…

“ആളുകളെ സഹായിക്കാൻ എനിക്കിഷ്ടമാണ്. അതാണ് ഞാൻ ചെയ്യുന്നത്” – എന്നാണ് ഡോ. മെലിസ്സയുടെ വിനയപൂർവ്വകമായ മറുപടി. എങ്കിലും തന്റെ കരിയറിനോടുള്ള മനോഭാവം നമുക്ക് ഒരിക്കൽപ്പോലും തള്ളിക്കളയാനാകില്ല. കാരണം അവർ 1955 -ൽ ഒരു ഡോക്ടർ ആയതാണ്. ഒരു സ്ത്രീ എന്ന നിലയിൽ മാത്രമല്ല, ഒരു ആഫ്രോ-അമേരിക്കൻ സ്ത്രീ എന്ന നിലയിൽ ആ കാലഘട്ടത്തിൽ ഒരു ഡോക്ടർ ആകുക എന്നത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.

ചെറുപ്പം മുതൽ തന്നെ മെലിസ്സ വളരെ മിടുക്കിയായ ഒരു പിയാനിസ്റ്റായിരുന്നു. ഇതിന്റെ തുടർച്ചയെന്നവണ്ണം ആർട്സും സംഗീതവും പഠിക്കാൻ കോളേജിൽ ചേർന്നു. എന്നാൽ പഠനത്തിന്റെ അവസാനത്തോടെ ഒരു കുടുംബസുഹൃത്ത്, മെഡിസിൻ പഠിച്ച് ഒരു ഡോക്ടർ ആകാൻ അവളെ ഉപദേശിച്ചു. സാമൂഹികവും സാമ്പത്തികവുമായ തടസ്സങ്ങൾ ഉണ്ടായിരുന്നിട്ടും ഡോക്ടർ ആകുക എന്ന ആഗ്രഹവുമായി അവർ മുന്നോട്ടു പോയി. അങ്ങനെ വാഷിംഗ്‌ടൺ ഡിസിയിലെ ഹൊവാഡ് യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്ന് അവർ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.

അവരുടെ ജീവിതകഥയെ കൂടുതൽ അവിശ്വസനീയമാക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ മറ്റൊരു കാര്യമുണ്ട്. അത് ഡോ. മെലിസ്സയുടെ കുടുംബത്തിന്റെ ഭൂതകാലമാണ്. ഒരു അടിമയുടെ കൊച്ചുമകളാണ് എന്ന ഒരു പ്രത്യേകതയും കൂടി ഡോ. മെലിസ്സയ്ക്കുണ്ട്. മെലിസ്സയുടെ മുത്തച്ഛനായ ആൽബർട്ട് ബി. വാക്കർ ഒരു അടിമയായിരുന്നു. 1850 -കളിൽ ജനിച്ച അദ്ദേഹത്തെ അമ്മ അടിമപ്പണിക്ക് വിൽക്കുകയായിരുന്നു. വിർജീനിയയിലെ വയലുകളിൽ അടിമപ്പണിയെടുക്കുകയായിരുന്ന അദ്ദേഹം 1863 -ലെ വിമോചന വിളംബരത്തിൽ ഒപ്പു വച്ചപ്പോഴാണ് മോചിതനായത്. ഇത് സംസാരിക്കുമ്പോൾ ഡോ. മെലിസ്സയുടെ മുഖം കൂടുതൽ ഗൗരവപൂർണ്ണമായി.

“അത് സംഭവിച്ചതിൽ എനിക്ക് വളരെ വേദനയുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഒരു കാലഘട്ടമായിരുന്നു അത്. മോചിപ്പിക്കപ്പെട്ടതിനു ശേഷം അവർ അദ്ദേഹത്തോട് പറഞ്ഞു, ‘നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ അമ്മയുടെ അടുത്തേക്കു പോകാം. എന്നാൽ ആ കാലമത്രയും അമ്മയും മകനുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. എന്നാൽ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു, ‘ഞാൻ നിങ്ങളുടെ മകൻ ആൽബർട്ട് ആണ്’ – അദ്ദേഹം പറഞ്ഞു. പിന്നീട് അവർ ഒരിക്കലും വേർപിരിഞ്ഞില്ല” – ഡോ. മെലീസ്സ തന്റെ മുത്തച്ഛനെ ഓർമ്മിക്കുകയാണ്.

ജീവിതത്തിൽ വളരെ ബുദ്ധിമുട്ടുള്ള ഒരു തുടക്കം ഉണ്ടായിരുന്നിട്ടും ആൽബർട്ട് കഠിനമായി അദ്ധ്വാനിച്ചു. പിന്നീട് ന്യുയോർക്കിൽ എത്തിച്ചേരുകയും ബ്രോങ്ക്സ് മൃഗശാലയിലെ മൃഗപരിപാലകനായി ജോലി ചെയ്യുകയും ചെയ്തു.

മുത്തച്ഛന്റെ വീട്ടിൽ വളർന്നതിന്റെ മനോഹരമായ ഓർമ്മകൾ മെലിസ്സയ്ക്കുണ്ട്. “അദ്ദേഹം വളരെ മാന്യനും സൗമ്യനുമായിരുന്നു. പക്ഷേ, ഒരിക്കൽപ്പോലും തന്റെ അടിമത്ത ജീവിതത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നില്ല.”

അടിമയായിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. എങ്കിലും അദ്ദേഹം ബൈബിൾ വായിക്കുമായിരുന്നു. എന്നാൽ അദ്ദേഹത്തിന് എത്രത്തോളം വായിക്കാൻ കഴിയുമെന്നത് ഇപ്പോഴും അറിയില്ല. എങ്കിലും അദ്ദേഹം എല്ലാ ദിവസവും ബൈബിൾ വായിക്കും. ഞായറാഴ്ചകളിൽ വൃത്തിയായി വസ്ത്രം ധരിച്ച് ദൈവാലയത്തിൽ പോകും.

മുത്തച്ഛൻ പകർന്നു നൽകിയ വിശ്വാസം മെലിസ്സയിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. അത് അവരുടെ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്നു. “ഞാൻ എല്ലായ്പ്പോഴും ദൈവത്തിനോട് കടപ്പെട്ടിരിക്കുന്നു” – ഡോക്ടർ പറയുന്നു.

ഡോ.മെലീസ്സ ഫ്രീമാൻ ഇപ്പോഴും കർമ്മനിരതയാണ്. ബേത് ഇസ്രായേൽ മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്ന ഇവർ സ്വകാര്യ പ്രാക്റ്റീസും നടത്തുന്നുണ്ട്. അനവധി രോഗികളാണ് ദിനംപ്രതി അവരുടെ മുന്നിലൂടെ കടന്നുപോകുന്നത്. ചിലപ്പോൾ പുലർച്ചെ ഒരു മണി വരെയൊക്കെ ജോലി തുടരും. എങ്കിലും അവർക്ക് ഇപ്പോഴും സംഗീതത്തോട് അതിയായ ഇഷ്ടമുണ്ട്.

സേവനത്തിൽ നിന്നും വിരമിക്കുന്നതിനെപ്പറ്റി ഇനിയും ചിന്തിക്കാൻ തുടങ്ങിയിട്ടില്ലാത്ത 94 വയസ്സുള്ള ഒരു ഡോക്ടർ. സുദീർഘവും സന്തുഷ്ടവുമായ തന്റെ ജീവിതരഹസ്യം പങ്കുവയ്ക്കുകയാണ്. “നിങ്ങൾ എന്താണോ ചെയ്യേണ്ടത്, അത് ചെയ്യുക. ഞാൻ ആളുകളെ ഇഷ്ടപ്പെടുന്നു. എനിക്ക് ആളുകളോട് സംസാരിക്കാൻ ഇഷ്ടമാണ്. എനിക്ക് ദൈവത്തിൽ അതിയായ വിശ്വാസമുണ്ട്.”

അതെ, ഈ ഡോക്ടർക്ക് ഇനിയും ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്. 94 -ലും നിറം മങ്ങാത്ത ജീവിതത്തിന്റെ തെളിമയിൽ ഡോ. മെലിസ്സ കൂടുതൽ പ്രസന്നവതിയാകുകയാണ്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.