പാപ്പാ ഇറാഖിലെത്തുമ്പോൾ ഫാ. റഘീദ് ഗാനിയുടെ ജീവിതം വീണ്ടും ചർച്ചയാകുന്നു

ഫ്രാൻസിസ് മാർപാപ്പയുടെ വിദേശത്തേയ്ക്കുള്ള മുപ്പത്തിമൂന്നാമത് അപ്പസ്തോലിക യാത്രയാണ് ഇറാഖ് സന്ദർശനം. ഈ അവസരത്തിൽ 2007 ജൂൺ മൂന്നാം തീയതി ഇറാഖിലെ മൊസൂളിൽ ഐഎസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട ദൈവദാസാൻ റഘീദ് അസീസ് ഗാനി എന്ന കത്തോലിക്കാ പുരോഹിതന്റെ കഥ നമ്മൾ അറിയണം.

2005-ൽ ഇറ്റലിയിലെ ബാരിയിൽ വച്ചു നടന്ന ഒരു ദിവ്യകാരുണ്യ കോൺഗ്രസിലാണ് ഫാ. റഘീദിന്റെ കഥ ലോകമറിയുന്നത്. സ്വന്തം സഹോദരിക്കു സംഭവിച്ച ദുരന്തത്തോടെയായിരുന്നു ഫാ. റഘീദ് തുടങ്ങിയത് – “കഴിഞ്ഞ വർഷം ജൂൺ 20-ന് ഒരു കൂട്ടം സ്ത്രീകൾ ഞായറാഴ്ച കുർബാനയ്ക്ക് ഒരുക്കമായി ദൈവാലയം വൃത്തിയാക്കുകയായിരുന്നു. എന്റെ സഹോദരി 19 വയസുള്ള റഘാദും ആ കൂട്ടത്തിലുണ്ടായിരുന്നു. തറ കഴുകാൻ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരുന്നതിനിടയിൽ രണ്ടുപേർ വണ്ടിയിൽ വന്ന് പള്ളിയിലേയ്ക്ക് ഗ്രനേഡ് എറിഞ്ഞു. എന്റെ കുഞ്ഞനിയത്തിയുടെ സമീപം അത് പൊട്ടിത്തെറിച്ചു. അവൾ മരണത്തിൽ നിന്ന് രക്ഷപെട്ടത് ഒരു അത്ഭുതം തന്നെയായിരുന്നു. എന്നാൽ അതിനുശേഷം സംഭവിച്ചത് അത്രമാത്രം അസാധാരണമായിരുന്നു.

“എനിക്കും എന്റെ സമൂഹത്തിനും എന്റെ സഹോദരിയുടെ മുറിവുകൾ ഞങ്ങളുടെ കുരിശു വഹിക്കാനുള്ള ഒരു ശക്തിസ്രോതസ്സായിരുന്നു. മൊസൂളിലെ ക്രൈസ്തവരിൽ ആരും ദൈവശാസ്ത്രജ്ഞരല്ലായിരുന്നു; അവരിൽ ചിലർ നിരക്ഷരരായിരുന്നു. എന്നിട്ടും ഞങ്ങളുടെ ഉള്ളിൽ തലമുറകളായി ഒരു സത്യം ആലേഘനം ചെയ്യപ്പെട്ടിരുന്നു. ഞായറാഴ്ച ബലിയർപ്പണം ഇല്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ല എന്ന സത്യം.”

ഇറാഖിൽ സുന്നി വംശജർ അധികം വസിക്കുന്ന മൊസൂളിൽ 1972 ജനുവരി 20-നാണ് റഘീദ് ജനിച്ചത്. മൊസൂൾ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം സെമിനാരിയിൽ ചേർന്നു. 1996-ൽ ബിഷപ് റോമിൽ ദൈവശാസ്ത്ര പഠനത്തിനായി അയച്ചു. 2001 ഒക്ടോബർ 13-ന് വൈദികനായി. 2003 സഭൈക്യ ദൈവശാസ്ത്രത്തിൽ റോമിലെ ആഞ്ചെലികം (Angelicum) സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ബിരുദം കരസ്ഥമാക്കി.

2003-ൽ യുഎസ് നേതൃത്വത്തിലുള്ള സംഖ്യസേന സദ്ദാം ഹുസൈനെ ആക്രമിച്ചതോടെ ഇറാഖിൽ വ്യാപകമായി ക്രിസ്ത്യൻ പീഡനം വീണ്ടും ആരംഭിച്ചു. 2005 ആഗസ്റ്റിൽ സെന്റ് പോൾ പള്ളിയിൽ 6 മണിക്കത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം ഒരു കാർ ബോംബ് സ്‌ഫോടനം നടന്നു. സ്ഫോടനത്തിൽ രണ്ട് ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗാനി അച്ചന്റെ അഭിപ്രായത്തിൽ ഇത് മറ്റൊരു വലിയ ഒരു അത്ഭുതമായിരുന്നു. തീവ്രവാദികൾ പദ്ധതിയിട്ടതുപോലെ നടന്നിരുന്നെങ്കിൽ നൂറുകണക്കിന് വിശ്വാസികളെങ്കിലും അന്നേദിനം മൃതിയടഞ്ഞേനേ. കാരണം, അന്നേദിനം 400 വിശ്വാസികൾ ദൈവാലയത്തിലെത്തിയിരുന്നു.

ടിഗ്രിസിലുള്ള അമലോത്ഭവ മാതാവിന്റെ നാമത്തിലുള്ള പള്ളിയിൽ നടന്ന, കൊച്ചുകുട്ടികൾക്കെതിരായുള്ള ആക്രമണമായിരുന്നു അതിനു ശേഷം. പല കുടുംബങ്ങളും അവിടെ നിന്നു പലായനം ചെയ്തു. ഗാനി അച്ചനും ഓടിരക്ഷപ്പെടാനുള്ള അവസരം ഉണ്ടായിരുന്നു.

റോമിലെ പൊന്തിഫിക്കൽ ഐറിഷ് കോളേജിൽ പഠിച്ചിരുന്നതിനാൽ അദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. 2001-ൽ വൈദികപട്ടത്തിനുശേഷം അയർലണ്ടിൽ ഒരു ഇടവകയിൽ ശുശ്രൂഷ ചെയ്യാൻ ഗാനി അച്ചനെ വിളിച്ചതായിരുന്നു. ഫാ. ഗാനി അത് സ്നേഹപൂർവ്വം നിരസിക്കുകയും ജന്മനാട്ടിലേയ്ക്കു തിരികെ പോവുകയും ചെയ്തു. “അത് എന്റെ സ്ഥലമാണ്. ഞാൻ അവിടേയ്ക്കു വേണ്ടിയുള്ളവനാണ്” – ഫാ. ഗാനി എപ്പോഴും പറയുമായിരുന്നു. സുഹൃത്തുക്കളോട് ഇ -മെയിലുകൾ വഴി എല്ലായ്പ്പോഴും പ്രാർത്ഥനാസഹായം അപേക്ഷിച്ചിരുന്നു.

ഒരിക്കൽ ഗാനിയച്ചൻ പള്ളിയുടെ അടിയിലുള്ള മുറിയിൽ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം രഹസ്യമായി നടത്തുകയായിരുന്നു. പെട്ടെന്ന് പുറത്തുനിന്ന് വലിയ വെടിയൊച്ച കേട്ടു, കുട്ടികൾ ഭയവിഹ്വലരായി. ഗാനി അച്ചൻ ഭയപ്പെട്ടങ്കിലും സമനില വീണ്ടെടുത്ത് ശാന്തമായി കൂട്ടികളോടു പറഞ്ഞു: നിങ്ങളുടെ ആദ്യകുർബാന സ്വീകരണം പുറത്ത് ആഘോഷിക്കുന്നതിന്റെയാണ് ഈ ശബ്ദം.

തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിനിർത്തി ചില ദിവ്യകാരുണ്യസത്യങ്ങൾ ഫാ. റഘീദ് ഗാനി ബാരിയിൽ ഉറക്കെ ഉദ്ഘോഷിച്ചു. “ഞങ്ങളുടെ ശരീരം കൊല്ലാമെന്നും മനസ്സിനെ ഭയപ്പെടുത്താമെന്നും തീവ്രവാദികൾ ചിന്തിച്ചേക്കാം. പക്ഷേ, ഞായറാഴ്ചകളിൽ ഞങ്ങളുടെ പള്ളികളിൽ വിശ്വസികളുടെ തിരക്കാണ്. അവർ ഒരുപക്ഷേ ഞങ്ങളുടെ ജീവൻ എടുത്തേക്കാം. പക്ഷേ, വിശുദ്ധ കുർബാന അത് ഞങ്ങൾക്ക് തിരിച്ചുതരും.

ഭയവും ആകുലതയും നിറഞ്ഞ ദിവസങ്ങൾ എനിക്കും ഉണ്ടാകാറുണ്ട്. പക്ഷേ, വിശുദ്ധ കുർബാന കൈകളിലെടുത്ത് ഈശോയെ നോക്കി,ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്നു പറയുമ്പോൾ എന്നിൽ ഒരു വലിയ ശക്തി ഞാൻ അനുഭവിക്കുന്നു. ഞാൻ തിരുവോസ്തി എന്റെ കൈകളിൽ പിടിക്കുമ്പോൾ യഥാർത്ഥത്തിൽ ഈശോ എന്നെയും നിങ്ങളെയും അവന്റെ സംരക്ഷിക്കുന്ന കരങ്ങളിൽ, നമ്മളെ ഒന്നിപ്പിക്കുന്ന അതിർത്തികളില്ലാത്ത സ്നേഹത്തിൽ ചേർത്തുപിടിക്കുകയാണ്.”

2007 ജൂൺ മൂന്നാം തീയതി പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിവസം വിശുദ്ധ കുർബാന അർപ്പിച്ചശേഷം തിരികെ വരുമ്പോൾ ജിഹാദികൾ വാഹനം തടഞ്ഞുനിർത്തി ഫാ. ഗാനിക്കു നേരെ അലറി: “പള്ളി പൂട്ടണമെന്നു ഞാൻ പലതവന്ന പറഞ്ഞതല്ലേ? നീ എന്തുകൊണ്ടു അനുസരിച്ചില്ല? എന്താണ് നീ ഇപ്പോഴും ഇവിടെ?”

“ദൈവത്തിന്റെ ഭവനം എനിക്കെങ്ങനെ അടയ്ക്കാനാവും?” ഗാനി അച്ചൻ മറുചോദ്യം ചോദിച്ചു. ഒട്ടും വൈകിയില്ല, റഘീദ് ഗാനിയെയും കൂടെയുണ്ടായിരുന്ന മൂന്നു സബ് ഡീക്കന്മാരെയും ഐഎസ് തീവ്രവാദികൾ തോക്കിനിരയാക്കി. മുപ്പത്തിയഞ്ചാം വയസ്സിൽ ദിവ്യകാരുണ്യത്തെ ഹൃദയത്തോടു ചേർത്തുപിടിച്ച ആ യുവവൈദികന്റെയും സെമിനാരിക്കാരുടെയും ചുടുനിണം മൊസൂളിലെ സഭയ്ക്ക് ഈശോയിലേയ്ക്കു വളരാനുള്ള വളമായി.

നമ്മുടെ കാലഘട്ടത്തിലെ ഒരു രക്തസാക്ഷി, എന്നാൽ ദിവ്യകാരുണ്യത്തോടുള്ള അവന്റെ സ്നേഹം നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായിരുന്ന രക്തസാക്ഷികളോടു കിടപിടിക്കുന്നതാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.