അൾജീരിയയിലെ കൂട്ടക്കൊലയിൽ നിന്ന് രക്ഷപെട്ട ട്രാപ്പിസ്റ്റ് സന്യാസി അന്തരിച്ചു

1996 -ൽ അൾജീരിയയിലെ തിബിരിൻ ആബി കൂട്ടക്കൊലയിൽ നിന്ന് രക്ഷപെട്ട രണ്ട് സന്യാസിമാരിൽ ഒരാളായ ഫാ. ജീൻ പിയറി ഷൂമാക്കർ അന്തരിച്ചു. അദ്ദേഹത്തിന് 97 വയസായിരുന്നു. ക്രിസ്തുരാജന്റെ തിരുനാൾ ദിനമായ നവംബർ 21 -ന് മിഡൽറ്റിലെ ട്രാപ്പിസ്റ്റ് ആശ്രമത്തിൽ വച്ചായിരുന്നു അന്ത്യം.

1996 മാർച്ച് 27 -ന് സായുധ ഇസ്ലാമിക് ഗ്രൂപ്പിലെ അംഗങ്ങൾ ഇദ്ദേഹത്തിന്റെ ആശ്രമത്തിലെ ഏഴ് സന്യാസിമാരെ തട്ടിക്കൊണ്ടു പോയി ശിരഛേദം ചെയ്തു. അതിൽ രണ്ടു സന്യാസിമാർ മാത്രമാണ് രക്ഷപെട്ടത്. ബേസ്‌മെന്റിലൂടെ ആബിയിൽ പ്രവേശിച്ച അക്രമികൾ അന്നു രാത്രി ഫാ. ഷൂമാക്കർ ഉണ്ടായിരുന്ന സ്ഥലത്ത് എത്തിയില്ല. ഇവരുടെ സമൂഹത്തിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരാൾ ഫാ. അമേദി നോട്ടോ ആയിരുന്നു. അദ്ദേഹം 2008 -ൽ മരണമടഞ്ഞു.

1990 -കളിലെ അൾജീരിയൻ ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട മറ്റ് 12 ക്രിസ്ത്യാനികൾക്കൊപ്പം അന്ന് രക്തസാക്ഷികളായ ഏഴ് സന്യാസിമാരെയും 2018 ഡിസംബർ എട്ടിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയിരുന്നു. ഓറാനിലെ ഔവർ ലേഡി ഓഫ് ഹോളി ക്രോസ് ദൈവാലയത്തിൽ നടന്ന ചടങ്ങിൽ ഫാ. ഷൂമാക്കർ സന്നിഹിതനായിരുന്നു.

2019 മാർച്ചിൽ മൊറോക്കോയിലേക്കുള്ള അപ്പസ്തോലിക സന്ദർശനവേളയിൽ ഫ്രാൻസിസ് മാർപാപ്പ ഫാ. ഷൂമാക്കറെ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ കൈയ്യിൽ ചുംബിക്കുകയും ചെയ്തിരുന്നു.

1924 -ൽ ഫ്രാൻസിലെ ലോറെയ്‌നിലാണ് ഫാ. ഷൂമാക്കർ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധ സമയത്ത്, ജർമ്മനി അൽസാസ്-ലോറെയ്‌നിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം, അദ്ദേഹത്തെ സൈന്യത്തിൽ ചേർത്തു. എങ്കിലും ക്ഷയരോഗ ബാധിതനായതിനാൽ ജോലി ചെയ്യാൻ അയച്ചില്ല. യുദ്ധാനന്തരം സെമിനാരിയിൽ ചേർന്ന അദ്ദേഹം 1953 -ൽ വൈദികനായി അഭിഷിക്തനായി. ഏതാനും വർഷങ്ങൾക്കു ശേഷം ഫ്രാൻസിലെ ബ്രിട്ടാനിയിലുള്ള ഒരു ട്രാപ്പിസ്റ്റ് ആശ്രമത്തിൽ ചേർന്നു.

അൾജിയേഴ്‌സിലെ ആർച്ചുബിഷപ്പിന്റെ അഭ്യർത്ഥനപ്രകാരം 1964 -ൽ ടിബിരിൻ ആശ്രമത്തിൽ ചേരാൻ ഫാ. ഷൂമാക്കറെ അൾജീരിയയിലേക്ക് അയച്ചു. സഹോദരങ്ങൾ രക്തസാക്ഷിയാകുമ്പോൾ, 30 വർഷമായി ആ സമൂഹത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. അക്രമത്തിനു ശേഷം ഫാ. ഷൂമാക്കർ ഫാ. നോട്ടോയ്‌ക്കൊപ്പം മൊറോക്കോയിൽ നോട്ട്രെ ഡാം ഡി എൽ അറ്റ്‌ലസ് ആശ്രമം പുനഃസ്ഥാപിച്ചു.

തന്റെ സഹോദരങ്ങളെ കൊലപ്പെടുത്തിയ മുസ്ലീം തീവ്രവാദികൾക്കായി താൻ തുടർച്ചയായി പ്രാർത്ഥിച്ചിരുന്നുവെന്ന്, 2011 -ലെ ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ആ ആശ്രമത്തിലെ ഫാ. ക്രിസ്റ്റ്യൻ തന്റെ രക്തസാക്ഷിത്വത്തിനു മുമ്പ് തന്റെ കൊലയാളികളോട് ക്ഷമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.