‘ദി ലാസ്റ്റ് ഡ്രോപ്’ – ഒരു ഓര്‍മപ്പെടുത്തല്‍

അന്താരാഷ്ട്ര തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഫാ. റോയി കാരക്കാട്ട് കപ്പൂച്ചിന്റെ ‘ദി ലാസ്റ്റ് ഡ്രോപ്’ എന്ന ഹ്രസ്വ ചിത്രം നമ്മളെ ചിലത് ഓര്‍മ്മപ്പെടുത്തുന്നു

വളരെ വിശാലമായൊരു പുല്‍മേട്. ഒരു വശത്ത് ധാരാളം കുട്ടികള്‍ കളിക്കുന്നുണ്ട്. അവര്‍ തമാശകള്‍ പറഞ്ഞും കൂട്ടു കൂടിയുമൊക്കെ ഉല്ലസിക്കുമ്പോള്‍ കൂട്ടത്തില്‍ ഒരുവന്‍ മാത്രം മാറിനില്‍ക്കുന്നു. കൂട്ടുകാരോട് കൂടാന്‍ ഇഷ്ടമല്ലാഞ്ഞിട്ടല്ല. മറിച്ച് പ്രകൃതിയോട് ചങ്ങാത്തം കൂടാന്‍ ഇഷ്ടമായിട്ടാണ്. വളരെ ശാന്തമായ സ്ഥലങ്ങളില്‍ മരത്തിനു ചുവട്ടിലിരിക്കാനാണ് ആ ബാലന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. അത്തരം വേളകള്‍ അവനും ദൈവവുമായുള്ള അകലം കുറയ്ക്കുന്നതായി അവനു തോന്നിത്തുടങ്ങി.
ആ ബാലന്‍ വലുതായപ്പോള്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭയിലെ കപ്പൂച്ചിനായി – ഫാ. റോയി കാരക്കാട്ട് കപ്പൂച്ചിന്‍. ഇന്ന് അച്ചന്റെ പേര് പ്രകൃതി സ്‌നേഹികള്‍ക്കു മാത്രമല്ല കലാസ്‌നേഹികള്‍ക്കും സുപരിചിതമാണ്. പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശവുമായി റോയി അച്ചന്‍ ഒരുക്കിയ ‘ദി ലാസ്റ്റ് ഡ്രോപ്പ്’ എന്ന ഹ്രസ്വ ചിത്രം കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ കള്‍ട്ട് ഫെസ്റ്റില്‍ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. ചിത്രത്തെക്കുറിച്ചും റോയി അച്ചനെക്കുറിച്ചു അറിയാന്‍ ഒരുപാടുണ്ട്.

പുസ്തകങ്ങളുടെ കൂട്ടുകാരന്‍

ചെറുപ്പം മുതല്‍ തന്നെ എഴുത്തിനോടും വായനയോടു തോന്നിയിരുന്ന ഒരിഷ്ടമുണ്ട്. ആ ഇഷ്ടങ്ങളെല്ലാം തന്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ സഹായിച്ചിരുന്നു എന്നാണ് റോയി അച്ചന്‍ പറയുന്നത്. അസീസി മാസികയുടെ എഡിറ്ററായിരുന്ന ഫാ. റോയി കാരക്കാട്ട് കപ്പൂച്ചിന്‍ എഴുത്തുകാരന്‍ എന്ന നിലയിലും  സാഹിത്യ ലോകത്തിന് പരിചിതനാണ്. നോഹയുടെ പക്ഷി, നിറങ്ങളുടെ ദൈവം എന്ന പേരില്‍ അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ഇന്നും വായനക്കാരുടെ മനസിലുണ്ട്.

സെമിനാരിയിലെ പഠനവും സിനിമ എന്ന സ്വപ്‌നവും

കുട്ടിക്കാലം മുതല്‍ തന്നെ കഥയും നാടകവുമെല്ലാം എഴുതാന്‍ റോയി അച്ചന് പ്രത്യേക താത്പര്യവും കഴിവുമുണ്ടായിരുന്നു. സെമിനാരിയില്‍ ചേര്‍ന്നതിനുശേഷമാണ് സിനിമ പഠിക്കാം എന്നദ്ദേഹം തീരുമാനിക്കുന്നത്. അധികാരികളോട് അച്ചന്‍ തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അവര്‍ അനുവാദം നല്‍കി.

ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്ന് സിനിമാ ആന്‍ഡ് ടെലിവിഷനില്‍ ബിരുദാനന്തര ബിരുദം. ‘തിയറിയും പ്രാക്ടിക്കലുമെല്ലാം പഠിച്ചപ്പോഴാണ് സിനിമ എന്ന മാധ്യമത്തെ ഞാന്‍ കൂടുതല്‍ മനസിലാക്കിയത്. സിനിമയുടെ ടെക്കിനിക്കലും സര്‍ഗാത്മകവുമായ തലങ്ങള്‍ അവിടെ നിന്നാണ് ഞാന്‍ പഠിച്ചത്.’ റോയി അച്ചന്‍ പറയുന്നു.

അതുല്യ പ്രതിഭകളുടെ ശിഷ്യന്‍

വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് റോയി അച്ചന്‍ എംഎ പഠിക്കാനെത്തിയത്. പക്ഷേ കോളജിലെത്തിയതോടെ ധാരണകളില്‍ മാറ്റം വന്നതായി അദ്ദേഹം തന്നെ പറയുന്നു. വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു ഗുരുനാഥനെങ്കിലും ഉണ്ടാകും എല്ലാവരുടേയും ജീവിതത്തില്‍. അച്ചനുമുണ്ട് അങ്ങനെയൊരു ഗുരുനാഥനെന്ന് അച്ചന്‍ പറഞ്ഞു. ‘പ്രഫ. ജോണ്‍ ശങ്കരമംഗലം സാറിനെപോലൊരു പ്രതിഭയെ എന്റെ ഗുരുനാഥനായി കിട്ടിയത് എന്റെ ഭാഗ്യമാണ്. അതുപോലെ തന്നെയായിരുന്നു ശിവ പ്രസാദ് സാറും മറ്റ് അധ്യാപകരും. ഇവരെല്ലാരും വളരെയധികം അനുഭവ സമ്പത്തുള്ള കലാകാരന്മാരാണ്. അവരില്‍ നിന്ന് പകര്‍ന്നു കിട്ടിയത് ഒരുപാട് കാര്യങ്ങളാണ്.’ റോയി അച്ചന്‍ പറയുന്നു. മനസിലുള്ളതെന്തും ദൃശ്യങ്ങളിലൂടെ നമുക്കു പറയാന്‍ സാധിക്കുമെന്ന് ഒരുറപ്പുണ്ടാകുന്നത് ഈ ഗുരുക്കന്മാരില്‍ നിന്നാണെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ചെറിയ വലിയ സിനിമയുടെ പിറവി

പ്രകൃതിയോട് ചേർന്നു ജീവിക്കാന്‍ ഇഷ്ടപ്പെടുന്നൊരാളാണ് റോയി അച്ചന്‍. ഒരു ഫ്രാന്‍സിസ്‌ക്കന്‍ കപ്പൂച്ചിന്‍ ആയതും പരിസ്ഥിതി സ്‌നേഹം കൂട്ടി. സെമിനാരി പഠനകാലത്തു തന്നെ പരിസ്ഥിതി സംരക്ഷണ സംഘവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചന്‍ മുന്‍കൈയെടുത്തു. അങ്ങനെയിരിക്കെയാണ് ദി ലാസ്റ്റ് ഡ്രോപ് എന്ന ആശയം അച്ചനിലെത്തുന്നത്. വലിയ സിനിമകള്‍ ചെയ്യണം എന്ന മോഹവുമായി ഇരുന്ന അച്ചനോട് ഒരു ദിവസം സുഹൃത്ത് നോബിളാണ്  പറഞ്ഞത് ചെറുതില്‍ നിന്നു തുടങ്ങാമെന്ന്. അന്ന് അവര്‍ പിരിഞ്ഞു.

അടുത്ത ദിവസം റോയി അച്ചന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് മനസില്‍ ദി ലാസ്റ്റ് ഡ്രോപ്പിന്റെ കഥയുമായാണ്. അച്ചന്‍ ഒട്ടും വൈകാതെ എല്ലാ സുഹൃത്തുക്കളോടും ഇതേക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ തന്നെ ഇതുടന്‍ ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. പെട്ടെന്നുള്ളിലുണ്ടായ ഒരു തീരുമാനത്തില്‍ നിന്നാണ് ദി ലാസ്റ്റ് ഡ്രോപ് എന്ന ചെറിയ ‘വലിയ’ സിനിമ പിറക്കുന്നത്.

വെള്ളത്തെ സംരക്ഷിക്കണമെങ്കില്‍ മനുഷ്യന്‍ മനസുകൊണ്ട് തീരുമാനമെടുത്താല്‍ മതിയെന്നതാണ് ദി ലാസ്റ്റ് ഡ്രോപ് നമുക്കു പകര്‍ന്നു തരുന്ന സന്ദേശം. ‘നമുടെ ഓരോരുത്തരുടെ ഉള്ളിലും ഒരു കൊച്ചു കുഞ്ഞുണ്ട്. ആ കുഞ്ഞ് തീരുമാനമെടുത്താല്‍ അതു പിന്നെ ആര്‍ക്കും മാറ്റാന്‍ സാധിക്കില്ല. അങ്ങനെ ഈ ലോകത്തെ നമുക്ക് രക്ഷിക്കാനാകും’ റോയി അച്ചന്‍ പറയുന്നു.

സഭയുടെ പിന്തുണ നല്‍കിയ ഊര്‍ജം

കത്തോലിക്കാ സഭയിലെ ഫ്രാന്‍സിസ്‌ക്കന്‍ കപ്പൂച്ചിന്‍ സഭാംഗമായ റോയി അച്ചന് സഭയില്‍ നിന്നു ലഭിച്ച പിന്തുണ വളരെ വലുതാണ്. ഇങ്ങനെയൊരു ഹ്രസ്വചിത്രം ചെയ്യുന്ന കാര്യത്തെക്കുറിച്ച് റോയി അച്ചന്‍ തന്റെ അധികാരിയായ ഫാ. ജോസഫ് പുത്തന്‍പുരക്കലിനോട് സംസാരിച്ചു. ചെറിയോരുകാര്യമാണെങ്കിലും നന്നായി ചെയ്യണമെന്നാണ് ജോസഫച്ചന്‍ റോയി അച്ചനോട് പറഞ്ഞത്. സിനിമയുടെ തുടക്കം മുതല്‍ അവസനം വരെ എല്ലാവിധ പിന്തുണയും നല്‍കി സഭയും സഭാംഗങ്ങളും അച്ചനൊപ്പമുണ്ടായിരുന്നു.

കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ കള്‍ട്ട് ഫെസ്റ്റിന്റെ ഭാഗം

പ്രകൃതിയും പരിസ്ഥിയും എന്ന വിഭാഗത്തിലാണ് റോയി അച്ചന്റെ ‘ദി ലാസ്റ്റ് ഡ്രോപ്’ കള്‍ട്ട് ഫെസ്റ്റില്‍ മത്സരിച്ചത്. ജലക്ഷാമത്തിന്റെ ഭീകരത വരച്ചു കാട്ടിയ ചിത്രം ഫെസ്റ്റില്‍ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഓരോ മലയാളിക്കും അഭിമാനാര്‍ഹമായ നേട്ടമാണ്.

ദി ലാസ്റ്റ് ഡ്രോപ്പിന്റെ വിജയം റോയി അച്ചനും കൂട്ടുകാര്‍ക്കും വലിയ പ്രചോദനമായി. യൂട്യൂബ് റിലീസിനെത്തുടര്‍ന്ന് നവമാധ്യമങ്ങളിലൂടെയും അല്ലാതെയും അച്ചനെത്തേടി നിരവധി ആശംസകളാണ് എത്തുന്നത്. പുറത്തുനിന്നെത്തിയ ആശംസകള്‍പോലെ തന്നെ അച്ചന്‍ നെഞ്ചോടു ചേര്‍ത്തതാണ് അച്ചന്റെ വിദ്യാര്‍ഥികളുടെയും ഒപ്പമുള്ള അധ്യാപകരുടെയും പ്രതികരണങ്ങള്‍. ഇതെല്ലാം  വീണ്ടും വീണ്ടും മികച്ച സിനിമകള്‍ ചെയ്യാനുള്ള പ്രേരണയാകുന്നുവെന്ന് അവര്‍ പറയുന്നു.

ദി ലാസ്റ്റ് ഡ്രോപ് കുടുംബം

റോയി കാരക്കാട്ട് കപ്പൂച്ചിന്‍, എല്‍. ആന്റണി കപ്പൂച്ചിന്‍ എന്നിവര്‍ ചേര്‍ന്നാണ് ദി ലാസ്റ്റ് ഡ്രോപ്പിന്റെ തിരക്കഥയൊരുക്കിയത്. ഷിനൂബ് ടി. ചാക്കോ, സ്മിറിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ സിനിമാറ്റോഗ്രഫി നിര്‍വഹിച്ചു. നോബിള്‍ പീറ്റര്‍ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയപ്പോള്‍ ജിബിന്‍ ജോര്‍ജ് എഡിറ്റിംഗ് നിര്‍വഹിച്ചു.

ദി ലാസ്റ്റ് ഡ്രോപ്പിന്റെ ഓരോ ഫ്രെയിമും മനോഹരമാക്കിയതില്‍ ലൊക്കേഷനുകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ആലപ്പുഴ, വാഗമണ്‍, തമിഴ്‌നാട് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരുക്കുന്നത്. പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് തിയറ്റര്‍ ആര്‍ട്ടിസ്റ്റായ രജീഷ്, പാലാ അല്‍ഫോണ്‍സാ കോളജ് വിദ്യാര്‍ഥിയായ അമല, ഒന്നര വയസുകാരി ചിക്കു എന്നിവരാണ്.

ടീം അംഗങ്ങളുടെ സഹകരണമുണ്ടായിരുന്നതുകൊണ്ട് യാതൊരു വിധ ബുദ്ധിമുട്ടുകളുമില്ലാതെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. മികച്ച നിലവാരമുള്ള കാമറ നല്‍കി സഹായിച്ച ബാലന്‍ മാഷിനോട് നിറഞ്ഞ സ്‌നേഹവും നന്ദിയും ദി ലാസ്റ്റ് ഡ്രോപ് കുടുംബത്തിനുണ്ടെന്ന് അച്ചന്‍ പറഞ്ഞു.

നന്മയുടെ സന്ദേശം നിറഞ്ഞ ഹ്രസ്വ ചിത്രങ്ങള്‍ 

എന്തു ചെയ്താലും അവയില്‍ നന്മയുടെ സന്ദേശമുണ്ടാകണം എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അത് അച്ചന്റെ എല്ലാ ഉദ്യമങ്ങളിലും നമുക്കു കാണാം. ഒരു ക്രിസ്തുമസിന് ഷാലോം ടിവിയിലാണ് റോയി അച്ചന്റെ ആദ്യ ഷോര്‍ട്ട് ഫിലിം സംപ്രേക്ഷണം ചെയ്യുന്നത്. അപ്പൂസിന്റെ ചേച്ചി എന്ന ഹ്രസ്വ ചിത്രം നമുക്കു പറഞ്ഞു തരുന്നത് സമ്മാനങ്ങളുടെ വിലയെന്ത് എന്നാണ്. രണ്ടാമതായി അച്ചന്‍ ചെയ്ത മൂന്നാം നാള്‍ എന്ന ഹ്രസ്വ ചിത്രമെത്തിയതും വളരെ നല്ലൊരു സന്ദേശവുമായാണ്. ദുഃഖ വെള്ളിയും പെസഹാ വ്യാഴവും ഈസ്റ്ററും ബന്ധപ്പെടുത്തി ചെയ്ത സിനിമ പറയുന്നത് മരണംകൊണ്ട് ആരുടേയും ജീവിതം അവസാനിക്കുന്നില്ല എന്നാണ്.

ദി ലാസ്റ്റ് ഡ്രോപ്പിനു പ്രേക്ഷക സ്വീകാര്യത ലഭിച്ചതോടെ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാനുള്ള തയാറെടുപ്പിലാണ് റോയി അച്ചനും സുഹൃത്തുക്കളുമിപ്പോള്‍.

എ. എന്‍. അഞ്ജന

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.