സീറോ മലബാർ ഉയിർപ്പുകാലം ആറാം ശനി മെയ് 11 യോഹ. 17: 9-19 ശിഷ്യന്മാർക്കുവേണ്ടി പ്രാർഥിക്കുന്നു

ശിഷ്യന്മാർക്കുവേണ്ടി പ്രാര്‍ഥിക്കുന്ന ഈശോയെയാണ് ഇന്ന് വചനം നമുക്ക് ധ്യാനിക്കാനായി നല്‍കുന്നത്. എത്ര മഹത്തരവും ആനന്ദകരവുമായ കാര്യമാണത്. “ഞാന്‍ അവര്‍ക്കുവേണ്ടിയാണു പ്രാർഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കുവേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്. എന്തെന്നാല്‍, അവര്‍ അവിടുത്തേയ്ക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്” (9). “ലോകത്തില്‍നിന്ന് അവരെ അവിടുന്ന് എടുക്കണമെന്നല്ല, ദുഷ്ടനില്‍നിന്ന് അവരെ കാത്തുകൊള്ളണമെന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്” (15).

ഈശോ ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍, ശിഷ്യന്മാരുടെ വചനം മൂലം യേശുവില്‍ വിശ്വസിക്കുന്നവര്‍ക്കും, വിശ്വസിക്കാന്‍ പോകുന്നവര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുകയാണ്. യേശുവും പിതാവും ഒന്നായിരിക്കുന്നതുപോലെ അവിടുത്തെ ശിഷ്യരും ഒന്നായിരിക്കണമെന്നാണ് അവിടുത്തെ പ്രാർഥന. നമ്മളും ഈശോയുടെ ശിഷ്യരാണ്. അപ്പോൾ അവിടുന്ന് എനിക്കുവേണ്ടിക്കൂടിയാണ് പ്രാർഥിക്കുന്നത്. ഇത് എത്രയോ സന്തോഷകരമാണ്. എന്നെ സ്‌നേഹിക്കുന്നവനുമായി, എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നവനുമായി, ഞാനുമായി ഒന്നാകാന്‍ ആഗ്രഹിക്കുന്നവനുമായി എനിക്കുള്ള ബന്ധം എന്താണ് എന്ന് നമ്മൾ ധ്യാനിക്കുന്നത് ഉചിതമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.